ചിന്തയും പ്രവൃത്തിയും തമ്മിൽ ആരോഗ്യകരമായ സന്തുലനം ഉണ്ടായിരിക്കേണ്ടത് ജീവിതവിജയത്തിന് ഏറ്റവും ആവശ്യമാണ്. ലോകത്ത് കൂടുതലും കാണുന്നത് രണ്ടു തരത്തിലുള്ള ആളുകളെയാണ്. ചിന്തിക്കാതെ പ്രവർത്തിക്കുന്നവരും, പ്രവർത്തിക്കാതെ ചിന്തിക്കുന്നവരും.
ഒന്നാമത്തെ കൂട്ടർ എടുത്തു ചാട്ടക്കാരായിരിക്കും. അവർ അബദ്ധങ്ങളിൽ ചെന്നുചാടും. രണ്ടാമത്തെ കൂട്ടർ വിവേകപൂർവ്വം കാര്യങ്ങൾ ചിന്തിക്കും, മറ്റുള്ളവരെ ഉപദേശിച്ചെന്നും വരാം. എന്നാൽ ഒന്നും സ്വന്തം പ്രവൃത്തിയിലുണ്ടാവില്ല. ഇത് സ്വന്തം അസുഖം മാറാൻ മറ്റുള്ളവരോട് മരുന്ന് കഴിക്കാൻ പറയുന്നതു പോലെയാണ്. ചിന്ത അധികമായാൽ മനസും ബുദ്ധിയും തളരും. കർമ്മശേഷി കുറയും. ശരിയായ അറിവിലൂടെയും തെളിഞ്ഞ ബോധത്തിലൂടെയും വരുന്ന ചിന്തയും പ്രവൃത്തിയുമാണ് വേണ്ടത്. ജീവിതാവസരങ്ങൾ ഉപയോഗിക്കാൻ ചിന്തയോടൊപ്പം പ്രവർത്തിക്കാനുള്ള ഇച്ഛാശക്തിയും അത്യാവശ്യമാണ്. നമ്മളിൽ പലരും ശ്രേഷ്ഠമായ കാര്യങ്ങൾ ചെയ്യാൻ പ്ലാൻ ചെയ്യും. എന്നാൽ നടപ്പാക്കാനുള്ള നിശ്ചയദാർഢ്യമില്ലാതെ, പിൻവാങ്ങാനുളള ഒഴികഴിവുകൾ കണ്ടുപിടിക്കും.
ഒരു കാട്ടിനുള്ളിൽ പ്രാചീനമായ ഒരു ക്ഷേത്രമുണ്ടായിരുന്നു. ആഴ്ചയിലൊരിക്കൽ ഭക്തജനങ്ങൾ രാവിലെ മുതൽ സന്ധ്യ വരെ ഉപവസിച്ച് ജപവും പ്രാർത്ഥനയുമായി അവിടെ കഴിയും. ഇതു കണ്ട് ഒരു കുരങ്ങൻ ചിന്തിച്ചു.
ഇവർ ഉപവാസവും, പ്രാർത്ഥനയും ചെയ്ത് ഈശ്വരാനുഗ്രഹം നേടുന്നു. എനിക്കും ഇതാകാമല്ലൊ!
എന്റെ പൂർവ്വികനായ ഹനുമാനെ ഈശ്വരനായി ആരാധിക്കുന്നുണ്ടല്ലോ. എനിക്കും ഈശ്വരാനുഗ്രഹം ഉണ്ടായാൽ എല്ലാവരും എന്നെയും ആദരിക്കുകയും, ആരാധിക്കുകയും ചെയ്യും. കുരങ്ങൻ ഒരു ദിവസം ഉപവാസമെടുക്കാൻ തന്നെ തീരുമാനിച്ചു. അടുത്തദിവസം അതിരാവിലെ കുരങ്ങൻ ക്ഷേത്രത്തിലെത്തി ധ്യാനം തുടങ്ങി. അപ്പോൾ അവന്റെ മനസിൽ ഒരു ചിന്ത വന്നു. ഞാനിതുവരെ ഒരു ദിവസം പോലും ഉപവസിച്ചിട്ടില്ല. ഉപവാസം കഴിയുമ്പോൾ ക്ഷീണം കാരണം നടക്കാൻ കഴിയാതെ വന്നാലോ. നല്ല പഴങ്ങളുള്ള ഏതെങ്കിലും മരത്തിന്റെ ചുവട്ടിലിരിക്കാം. അപ്പോൾ ഉപവാസം കഴിയുമ്പോൾ ആഹാരം തേടേണ്ടി വരില്ല. അങ്ങനെ ചിന്തിച്ച് കുരങ്ങൻ ധാരാളം പഴങ്ങളുള്ള ഒരു വൃക്ഷത്തിന്റെ ചുവട്ടിലിരുന്ന് ധ്യാനം തുടങ്ങി. അല്പം കഴിഞ്ഞപ്പോൾ പിന്നെയും ചിന്തയായി.
ഉപവാസം തീരുമ്പോൾ ക്ഷീണം കാരണം മരത്തിൽ കയറാൻ കഴിയാതെ വന്നാലോ. അതിനാൽ മരത്തിലിരുന്ന് തന്നെ ധ്യാനിക്കാം. അവൻ ധാരാളം പഴങ്ങളുള്ള ഒരു മരക്കൊമ്പിൽ കയറിയിരുന്ന് ധ്യാനിച്ചു. അല്പം കഴിഞ്ഞതേയുള്ളൂ. വീണ്ടും ചിന്തയായി.
ഉപവാസം കഴിയുമ്പോൾ കൈകൾ പൊക്കാനുള്ള ശക്തി ഇല്ലാതെ വന്നാലോ.
കുറെ പഴങ്ങളെടുത്ത് മടിയിൽ വച്ചുകൊണ്ട് ധ്യാനിക്കാം. കുരങ്ങൻ കുറച്ച് പഴങ്ങളെടുത്ത് മടിയിൽവെച്ച് ധ്യാനം തുടങ്ങി. മനസിന് ആശ്വാസമായി. കുറച്ചു കഴിഞ്ഞപ്പോൾ അവന് വിശപ്പു തോന്നി. പഴങ്ങൾ നോക്കി അവൻ ചിന്തിച്ചു,
വളരെ നല്ല പഴങ്ങൾ. നല്ല രുചിയുണ്ടാകും. ഉപവാസം നാളേയുമാകാം. അവനറിയാതെ മടിയിലിരുന്ന പഴങ്ങൾ വായിലെത്തി.
ഈ കഥയിലെ കുരങ്ങനെപ്പോലെ നമ്മളിൽ പലരും വലിയ ആദർശങ്ങൾ ചിന്തിക്കും. എന്നാൽ സമയം വരുമ്പോൾ പ്രാവർത്തികമാകാതിരിക്കാനുള്ള യുക്തിയും ന്യായീകരണങ്ങളും മനസ് കണ്ടെത്തും. നമ്മൾ നല്ല കാര്യങ്ങൾ ചിന്തിച്ചതുകൊണ്ട് മാത്രമായില്ല. അവ പ്രവൃത്തിയിൽ കൊണ്ടുവരാനുള്ള ഇച്ഛാശക്തിയും വേണം. അത് നമ്മുടെ സ്വഭാവത്തിന്റെ ഭാഗമാവണം. പരീക്ഷയ്ക്ക് റാങ്ക് നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥി എത്ര തടസങ്ങളുണ്ടായാലും പഠിക്കും. അവന്റെ നിശ്ചയദാർഢ്യം അവനെ ലക്ഷ്യത്തിലെത്തിക്കും. അതുപോലുള്ള ഇച്ഛാശക്തി നമുക്കും വേണം. ചിന്തകളെ പ്രവൃത്തിപഥത്തിൽ കൊണ്ടുവന്നാൽ മാത്രമേ നമുക്ക് ജീവിതത്തിൽ വിജയവും വളർച്ചയും ഉണ്ടാവുകയുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |