കാനഡയിലെ പ്രവാസി എഴുത്തുകാരി നിർമ്മല തോമസുമായി സംഭാഷണം
മലയാളികളുടെ പുതിയ ഗൾഫാണ് ഇന്ന് കാനഡ. കേരളത്തിന്റെ അത്രയും ജനസംഖ്യയേയുള്ളു.എന്നാൽ ലോകത്തിലെ രണ്ടാമത്തെ വലിയ രാജ്യമാണ്. ഇവിടെ ഇപ്പോൾ മലയാളി ജനസംഖ്യ അനുദിനം വർദ്ധിച്ചുവരികയാണ്. അറുപതുകളിൽ തുടങ്ങി കാനഡ മലയാളത്തിൽ ശബ്ദിച്ചു തുടങ്ങി. വർഷത്തിൽ 6 മാസം നീണ്ടുനിൽക്കുന്ന മഞ്ഞുകാലവും കൊടുംശൈത്യവും അതിജീവിച്ച് പ്രവാസത്തിന്റെ കുത്തൊഴുക്കിൽ ഒറ്റപ്പെട്ട് പോകുന്ന കനേഡിയൻ മലയാളികളുടെ കഥ പറഞ്ഞ രണ്ട് നോവലുകളാണ് പാമ്പും കോണിയും, മഞ്ഞിലൊരുവളും. നിരവധി പുരസ്ക്കാരങ്ങൾക്കർഹമായ ഈ കൃതികളുടെ രചയിതാവ് നിർമ്മല തോമസുമായി നടത്തിയ സംഭാഷണത്തിൽ നിന്ന്:-
ഏതാണ്ട് 40 വർഷത്തോടടുത്ത പ്രവാസ ജീവിതത്തിൽ എങ്ങനെയാണ് മലയാളം വായനയും എഴുത്തും തുടർന്ന് പോകുന്നത്?
ഞാൻ ചിന്തിക്കുന്നത് മലയാളത്തിലാകുന്നത് കൊണ്ടാണ് എഴുത്തിലും മലയാളം തിരഞ്ഞെടുക്കുന്നത്. പ്രീഡിഗ്രി വരെ കേരളത്തിലാണ് പഠിച്ചത്. അതുകൊണ്ടു തന്നെ ധാരാളം പുസ്തകങ്ങൾ വായിച്ചിരുന്നു. അന്നും വായിക്കാൻ ഏറ്റവും ഇഷ്ടമുള്ള ഭാഷ മലയാളമായിരുന്നു. പിന്നീട് എൺപതുകളിൽ കാനഡയിൽ വന്ന കാലത്തും തുടർന്നും മലയാളത്തിലെ ആനുകാലികങ്ങളും പുസ്തകങ്ങളും മുടങ്ങാതെ വായിച്ചിരുന്നു. കാനഡയിലേക്ക് ആദ്യം വന്നപ്പോൾത്തന്നെ ധാരാളം പുസ്തകങ്ങൾ കൊണ്ട് വന്നിരുന്നു. കാനഡയിൽ ആദ്യമായി കിട്ടിയ ജോലിയിലെ ശമ്പളത്തിൽ നിന്ന് പോലും നീക്കി വെച്ച തുക കൊണ്ട് നാട്ടിൽ നിന്ന് മലയാളം പുസ്തകങ്ങൾ വരുത്തിയിരുന്നു. അതുകൊണ്ട് തന്നെ മലയാളം വായന എന്നും തുടർന്ന് പോയി.കേരളകൗമുദിയിലും കഥകൾ ഞാൻ എഴുതിയിരുന്നു.
അന്ന് വായിച്ചിരുന്നവരിൽ ഇഷ്ടപ്പെട്ട എഴുത്തുകാർ ആരെങ്കിലും ഉണ്ടായിരുന്നോ?
അങ്ങനെ തിരഞ്ഞെടുത്ത് പറയാൻ കഴിയില്ല എന്നാലും എൺപതുകളിൽ താരതമ്യേന പുതിയ എഴുത്തുകാരായ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പതിനെട്ടു കവിതകളുടെ ആദ്യ പ്രതികളിൽ ഒന്ന് എനിക്ക് കിട്ടിയിരുന്നു. ഇത് ഇപ്പോഴും ഇവിടെ കാനഡയിലെ ലൈബ്രറി ശേഖരത്തിലുണ്ട്. ബാലനോട് (കവി ബാലചന്ദ്രൻ ചുള്ളിക്കാട്) ഞാൻ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് അത് ഒരു കൗതുകമായി തോന്നിയിട്ടുമുണ്ട്. അതുപോലെ തന്നെ സേതുവിന്റെ പാണ്ഡവപുരവും.
പഠിക്കാനായാണ് എറണാകുളത്തുനിന്ന് കാനഡയിലെത്തിയത് . പിന്നീട് കാനഡ സ്വന്തം തട്ടകമായി. എങ്ങനെയാണ് കാനഡ നിർമ്മലയുടെ എഴുത്തിനെ സ്വാധീനിച്ചത്?
നമ്മുടെ മുന്നിൽ കാണുന്ന ജീവിതങ്ങൾ തീർച്ചയായും നമ്മുടെ എഴുത്തിനെ സ്വാധീനിക്കും. നാട്ടിലെ ജനങ്ങളുടെ ഇടയിൽ വടക്കേ അമേരിക്കയിലേക്ക് കുടിയേറിയ മലയാളികളെക്കുറിച്ച് ചില മുൻവിധികളും തെറ്റിദ്ധാരണകളുമുണ്ടായിരുന്നു. കാനഡാ-മരത്തിൽ ഡോളർ പറിക്കാൻ പോയവർ എന്നൊക്കെ ഒരു പ്രചാരണമുണ്ടായിരുന്നു. തന്നെയല്ല പ്രവാസ ജീവിതം എന്ന് പറയുമ്പോൾ തന്നെ നമ്മൾ ഗൾഫിലുള്ളവരെ മാത്രമാണ് കണ്ടിട്ടുള്ളത്. ഈയൊരു വിചാരധാരയെ എഴുത്തുകൊണ്ട് ഉടച്ച് വാർക്കേണ്ടതുണ്ടായിരുന്നു. അങ്ങനെയാണ് എന്റെ പല ചെറുകഥകളും ലേഖനങ്ങളും പാമ്പും കോണിയും എന്ന നോവലും പിറവിയെടുക്കുന്നത്.
പബ്ലിക് ലൈബ്രറികൾക്ക് വളരെയധികം പ്രാധാന്യം കൽപ്പിക്കുന്ന ഒരു നാടാണ് കാനഡ. 80കളിൽ കേരളത്തിൽ നിന്ന് വന്നപ്പോൾ എങ്ങനെയാണ് ഇവിടുത്തെ ലൈബ്രറികളെ നോക്കി കണ്ടത് ?
എൺപതുകളിലൊക്കെ കേരളത്തിലെ ലൈബ്രറികളിൽ നിന്ന് പുസ്തകങ്ങൾ എടുത്ത് വായിക്കുമായിരുന്നെങ്കിലും അന്ന് പൊതുവേ ഗ്രന്ഥശാലകൾ ഒരു ആണിടമായിരുന്നു. എന്നാൽ കാനഡയിൽ എത്തിയപ്പോൾ ഇവിടുത്തെ ലൈബ്രറികളിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാവരും ഒത്തിരുന്ന് വായിക്കുന്നു. വായിച്ചതിനെക്കുറിച്ച് ചർച്ച ചെയ്യുന്നു. എൺപതുകളിൽ ഇത് നേരിൽ കാണുമ്പോൾ വിപ്ലവകരമായാണ് തോന്നിയത്. കേരളത്തിൽ ഇപ്പോൾ തീർച്ചയായും മാറ്രം വന്നിട്ടുണ്ട്. പിന്നെ കാനഡയിലെ ലൈബ്രറികളിൽ ഉപയോഗിക്കുന്ന നൂതന സാങ്കേതിക വിദ്യകൾ തീർച്ചയായും എന്നിലെ വായനക്കാരിയെയും എഴുത്തുകാരിയെയും കൂടുതൽ വളർത്തിയിട്ടെയുള്ളൂ.
പുതിയ തലമുറയ്ക്ക് വായനയോട് താത്പര്യക്കുറവുള്ളതായി തോന്നിയിട്ടുണ്ടോ?
വായനാശീലം എന്നത് ഓരോരുത്തരുടെ വ്യക്തിപരമായ താത്പര്യമാണ്. വായനയിൽ കൂടെയല്ലാതെ കാണുന്നതിൽ നിന്നും ഇന്നത്തെ കാലത്ത് അറിവ് ലഭിക്കും.
പ്രവാസ ജീവിതത്തിലെ വെല്ലുവിളികൾ, ഒപ്പം ഐടി മേഖലയിലെ ജോലി, എങ്ങനെയാണ് വായനയും എഴുത്തും കൃത്യമായി മുൻപോട്ട് പോകുന്നത് ?
പ്രവാസജീവിതത്തിൽ മലയാളി ദശാവതാര വേഷം ഒന്നിച്ച് കെട്ടും. ഏത് കാര്യവും നമ്മൾ തന്നെ ചെയ്യണം. ദൈനംദിന കാര്യങ്ങളിൽ നാട്ടിൽ നമ്മളെ സഹായിക്കാൻ നിൽക്കുന്നവരെപോലെ ഇവിടെ ആരും കാണില്ല. പലതും ത്യജിക്കേണ്ടി വരും. അത് ഒരു പക്ഷേ നമ്മുടെ സാമൂഹിക ജീവിതമാകാം, നമ്മുടെ ഉറക്കം ആകാം, കുട്ടികൾ വലുതാകുന്ന സമയത്ത് അവർ ഉറങ്ങിയതിന് ശേഷമാകാം വായനയും എഴുത്തും. പലപ്പോഴും ഉറക്കം തൂങ്ങിയാവും ജോലിക്ക് പോകുന്നത്.
ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഇംഗ്ലീഷ് എന്ന ചിത്രത്തിലെ ഒരു കഥ നിർമ്മലയുടേതായിരുന്നു. അത്തരത്തിൽ എന്തെങ്കിലും പുതിയ സിനിമാ പ്രോജക്ട്?
ഒത്തിരി ചർച്ചകൾ നടക്കുന്നുണ്ട്. ഒന്നും തീരുമാനമായില്ല.
മലയാളികളിലേറെയും കാനഡ തിരഞ്ഞെടുക്കുന്ന കാലമാണ്. മഞ്ഞിൽ ഒരുവൾ രണ്ടാമതും വരുമോ ?
ഇല്ല.
കാനഡയിലെ ഹാമിൽട്ടണിൽ സ്വതന്ത്ര ഐ.ടി കൺസൽട്ടന്റാണ് നിർമ്മല തോമസ്.ഭർത്താവ് ചെറിയാൻ ഫിസിയോ തെറാപ്പിസ്റ്റാണ്.കിരണും ഡെവിനും മക്കളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |