SignIn
Kerala Kaumudi Online
Friday, 09 May 2025 10.22 PM IST

സനാതനധർമ്മവും ഗുരുധർമ്മവും

Increase Font Size Decrease Font Size Print Page
photo

ഭാരതം മനുഷ്യരാശിക്ക് നൽകിയിട്ടുള്ള ഏറ്റവും ഉദാത്തവും മഹത്തരവുമായ ദാർശനികസംഹിതയാണ് സനാതനധർമ്മങ്ങൾ. ശുദ്ധവും സ്വതന്ത്രവുമായ സനാതനധർമ്മങ്ങൾ വിഭാവനം ചെയ്യുന്നത് ഏകത്വദർശനത്തിൽ അധിഷ്ഠിതമായ വിശ്വമാനവികതയാണ്. 'സത്യമേവ ജയതേ നാനൃതം' എന്ന ആർഷഭാരതത്തിന്റെ ആപ്തവാക്യം പ്രകാശിപ്പിക്കുന്നത് തന്നെ സനാതനധർമ്മത്തിന്റെ അദ്വൈതപ്പൊരുളാണ്. ധർമ്മം പ്രകാശിക്കുകയും പുലരുകയും ചെയ്യുന്നിടത്താണ് സത്യം ജയിക്കുന്നത്. ഭാരതത്തിന്റെ മഹിതമായ ഇതിഹാസങ്ങളും പുരാണങ്ങളും ഭഗവത് ഗീതയും ഒക്കെ തലമുറകളായി കൈമാറുന്നത് ഈ അമരസന്ദേശത്തിന്റെ കാലാതീതമായ കരുതലും ഭദ്രതയുമാണ്. സമ്പന്നവും വൈപുല്യവുമായ സാംസ്‌കാരിക ബഹുസ്വരതകളുടേയും സനാതനധർമ്മങ്ങളുടേയും ചേതോഹരമായ സമാഹാരമാണ് ഭാരതത്തെ ശ്രേഷ്ഠഭാരതമാക്കിത്തീർക്കുന്നത്.

ഭാരതം വിഭാവനം ചെയ്യുന്ന സനാതനധർമ്മം പ്രധാനമായും രണ്ടുവിധത്തിലാണുള്ളത്. അതിലൊന്ന് ബ്രഹ്മമീമാംസയിലൂടെ വെളിവാകുന്ന നിവൃത്തിലക്ഷണത്തിലുള്ളതാണ്. മറ്റൊന്ന് ധർമ്മമീമാംസയിലൂടെ വെളിവാകുന്ന പ്രവൃത്തി ലക്ഷണത്തിലുള്ളതുമാണ്. ഇങ്ങനെ നിവൃത്തിപരവും പ്രവൃത്തിപരവുമായിരിക്കുന്ന ധർമ്മങ്ങളെ നിത്യാനിത്യവസ്തു വിവേകം ചെയ്ത് പ്രകാശിപ്പിച്ചവരാണ് ഭാരതത്തിലെ ഗുരുക്കന്മാർ. അതുകൊണ്ടാണ് ഭാരതീയ ഗുരുക്കന്മാരുടെ സനാതനധർമ്മ ഭാവനകൾക്ക് പാശ്ചാത്യപൗരസ്ത്യ ചിന്താധാരകൾക്കപ്പുറമുള്ള കാലദേശാതീതത്വം കൈവന്നത്.
സനാതനധർമ്മത്തിന്റെ ഏറ്റവും വലിയ പ്രകാശകനായിരുന്നു ശ്രീബുദ്ധൻ. 'ഏഷ ധർമ്മ സനാതന' എന്ന ബുദ്ധവചനം പ്രസിദ്ധമാണ്. ധർമ്മത്തെ നേരാംവിധം പ്രകാശിപ്പിക്കാനും നിർവചിക്കാനും ആത്മസാക്ഷാത്‌കാരം നേടിയ ഗുരുക്കന്മാർക്ക് മാത്രമേ സാധിക്കൂ. അതിന്റെ ആധുനികമായൊരു സാക്ഷ്യം മഹാകവി കുമാരനാശാൻ ചണ്ഡാലഭിക്ഷുകിയിലൂടെ നമുക്ക് കാട്ടിത്തരുന്നുണ്ട്. പ്രസേനജിത്ത് എന്ന രാജാവ് ശ്രീബുദ്ധനോട് പറയുന്നതാണ് ആ സന്ദർഭം. 'സർവജ്ഞനല്ലോ ഭവാൻ, ധർമ്മം നിർവചിക്കേണ്ടതങ്ങല്ലോ'.
മനുഷ്യനെ സമ്പൂർണ്ണ മനുഷ്യത്വം ഉള്ളവനാക്കിത്തീർക്കുന്നത് അല്ലെങ്കിൽ വിശ്വമാനവനാക്കിത്തീർക്കുന്നത് എന്തെല്ലാമാണോ അതെല്ലാമാണ് സനാതനധർമ്മം. സനാതനം എന്നാൽ ഒരു കാലത്തും നാശമില്ലാത്തത് എന്നാണർത്ഥം. ഒരുകാലത്തും നാശമില്ലാത്തതാകണമെങ്കിൽ അഥവാ അനശ്വരമാകണമെങ്കിൽ അത് നിരുപാധികമാകണം. ഭൗതികതലത്തിലുള്ളതെല്ലാം ഉപാധി സംബന്ധമായവയാണ്. ഉപാധിസംബന്ധമായവയ്‌ക്കെല്ലാം വികാരീഭാവമുണ്ട്. ആകയാൽ ഒരിക്കലും മാറ്റമില്ലാത്തതും നാശമില്ലാത്തതുമായ സനാതനധർമ്മങ്ങൾ പരിപാലിക്കുന്നതിലൂടെയാണ് ഒരുവൻ സ്വതന്ത്രനും നീതിമാനും പ്രബുദ്ധനുമായ സമഗ്രമനുഷ്യനായി രൂപപ്പെടുന്നത്. അത്തരം ധർമ്മങ്ങളെയാണ് ഓരോ കാലത്തും അവതാരപുരുഷന്മാരായി കടന്നുവന്ന ഗുരുക്കന്മാർ പ്രകാശിപ്പിച്ചും നിർവചിച്ചും കടന്നുപോയിട്ടുള്ളതെന്ന് ചിന്താശീലന്മാർക്ക് കാണാം.

ഭഗവാൻ ബുദ്ധൻ അഹിംസയ്ക്കും യേശുക്രിസ്തു ത്യാഗത്തിനും മുഹമ്മദ് നബി സാഹോദര്യത്തിനും കബീർദാസ് ഭക്തിയ്ക്കും പ്രാധാന്യം കൊടുത്തത് അവയെല്ലാം മനുഷ്യരാശിയെ നന്മയിലേക്കും മേന്മയിലേക്കും ഒരുപോലെ നയിക്കുന്ന സനാതന ധർമ്മങ്ങളെന്ന നിലയ്ക്കാണ്. സ്‌നേഹത്തിന്റേയും കാരുണ്യത്തിന്റേയും സമഭാവനയുടേയും തികഞ്ഞ പാരസ്പര്യമാണ് സനാതനധർമ്മങ്ങളെ കാലാതിവർത്തിയും കാലാനുവർത്തിയുമാക്കുന്നത്. ആ തിരിച്ചറിവിലാണ് ശ്രീനാരായണ ഗുരുദേവൻ സർവധർമ്മ സമഭാവനയുടെ നിസ്തുലമായൊരു സമഗ്രദർശനം ലോകമംഗളത്തിനായി ആവിഷ്‌കരിച്ചതും അവതരിപ്പിച്ചതും. സനാതനധർമ്മത്തിന്റെ അടിത്തറ ശുദ്ധവും സ്വതന്ത്രവുമായ ആത്മീയതയാണ്. എന്നാൽ മതങ്ങൾ ഓരോ കാലഘട്ടങ്ങളിൽ ആത്മീയതയ്ക്ക് മേൽ ആധിപത്യം സ്ഥാപിച്ചതോടെ സ്വതന്ത്ര ആത്മീയത എന്നത് പല പ്രകാരത്തിൽ മറയപ്പെടാനിടയായി. ഈ സാഹചര്യം മുതലെടുത്ത് ഓരോ മതങ്ങളും മതാചാര്യന്മാരും സനാതനധർമ്മങ്ങളെ അവരുടെ യുക്തിയ്ക്കും മതാചാരങ്ങൾക്കും ചേരുംവിധം വ്യാഖ്യാനിക്കുകയും പ്രചരിപ്പിക്കുകയും മാനവികേതരമായ കൂട്ടിച്ചേർക്കലുകൾ നടത്തി പുനരവതരിപ്പിക്കുകയും ചെയ്തു. അതിന്റെയൊക്കെ ഫലമായിട്ടാണ് അനന്തരകാലത്ത് സനാതനധർമ്മങ്ങൾക്ക് മേൽ അവകാശസ്ഥാപനം ശക്തമായതും ചാതുർവർണ്യവും ജാതിവ്യവസ്ഥകളും അതിനോടൊപ്പം കൂട്ടിച്ചേർക്കപ്പെട്ടതും. ചുരുക്കത്തിൽ ഇന്ന് സനാതനധർമ്മം എന്നറിയപ്പെടുന്ന ധർമ്മങ്ങളിൽ പലതും നിരുപാധികമല്ലാതെയും സോപാധികമായും പുരാവർത്തനം ചെയ്യപ്പെട്ടതാണ്. ഇങ്ങനെ സ്വതന്ത്ര ആത്മീയതയുടെ ഇന്ദ്രിയങ്ങളെന്ന് വിശേഷിപ്പിക്കാവുന്ന സനാതനധർമ്മങ്ങൾ അവയുടെ യഥാർത്ഥ പൊരുളിൽനിന്നും വേറിട്ടുപോയി എന്നതാണ് ഇന്നത്തെ അവസ്ഥ. അതിനാൽ ഒരു മതത്തിന്റേയും ഭാഗമല്ലാത്തതായിരുന്ന എന്നാൽ എല്ലാ മതങ്ങൾക്കും ഒരുപോലെ മൗലികമായി അനുരൂപമാക്കാമായിരുന്ന സനാതനധർമ്മങ്ങളും സനാതനതത്വങ്ങളും ശുദ്ധവും സ്വതന്ത്രവുമായി സംരക്ഷിക്കപ്പെടണം. അപ്പോഴേ ഭാരതത്തിന്റെ ആർഷസംസ്‌കാരം വിശ്വമാനവികതയുടെ പരിമളം പരത്തുന്നതായി പരിശോഭിക്കൂ. അതാണ് ഇന്നത്തെയെന്നല്ല എന്നത്തെയും ഭാരതത്തിന്റേയും ലോകത്തിന്റേയും മംഗളപരതയ്ക്ക് ആവശ്യം. അതിന് വേണ്ടത് വിവാദത്തേക്കാൾ വിവേചനത്തിനുതകുന്ന പക്വതയും ഉൾക്കാഴ്ചയുമാണ്.

ഗുരുക്കന്മാർ പോലും ശരണമാക്കിയിരുന്ന സനാതനധർമ്മങ്ങളെ നമുക്ക് ശരണമാക്കാൻ കഴിയാത്തതാണ് ഈ ആധുനിക കാലഘട്ടത്തിന്റെ ദുരന്തവും ദുഃഖവും. സർവതന്ത്രസ്വതന്ത്രവും സർവഭേദ വിമുക്തവുമായ സനാതനധർമ്മത്തിന്റെ ആകെപ്പൊരുളാണ് ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന ഗുരുദേവ വചനത്തിന്റെ ഉള്ളടക്കത്തിലുമുള്ളത്. നിവൃത്തിധർമ്മത്തേയും പ്രവൃത്തി ധർമ്മത്തേയും ഇത്രമേൽ സമന്വയിപ്പിച്ച മറ്റൊരു ഗുരുവിനെ നമുക്ക് കണ്ടെത്താനാവില്ല. അതുകൊണ്ടാണ് ഏകത്വസമീക്ഷയുടെ പ്രവാചകനായി ഗുരുദേവൻ വിശേഷിപ്പിക്കപ്പെടുന്നത്.

സനാതനധർമ്മത്തിന്റെ സാരള്യതയും സൂക്ഷ്മതയും സമഗ്രതയും സ്വതന്ത്രതയും ഗുരുവിന്റെ ധർമ്മസംഹിതകളിൽ പലവുരു ഒത്തുചേരുന്നതായി കാണാനാവും. സ്വതന്ത്ര ആത്മീയതയുടെ സുഗന്ധം അതിലുള്ളതുകൊണ്ടാണത്. ഹൈന്ദവ ധർമ്മത്തേയോ മറ്റേതെങ്കിലും മതധർമ്മങ്ങളേയോ സനാതന തത്വത്തിൽ കൂട്ടിക്കലർത്തുന്നതിനെ ശ്രീബുദ്ധനെപ്പോലെ ഗുരുദേവനും അനുകൂലിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിരുന്നില്ല.
1924ൽ ആലുവാ അദ്വൈതാശ്രമത്തിൽ വച്ച് ഗുരുദേവൻ വിളിച്ചു ചേർത്ത സർവമതസമ്മേളനത്തിൽ സത്യവ്രതസ്വാമികൾ വായിച്ച പ്രൗഢമായ സ്വാഗതപ്രസംഗം ഗുരുവിന്റെ തന്നെ ഉപദേശപ്രകാരം തയ്യാറാക്കപ്പെട്ടതായിരുന്നു. അതിന്റെ അവസാനഭാഗത്തുനിന്ന് ഉ ദ്ധരിക്കുന്ന ഈ ഭാഗം നമ്മൾ കേൾക്കാതെ പോയിക്കൂട. 'ആത്മജ്ഞാനവർദ്ധനയ്ക്ക് അദ്ധ്വാനിക്കേണ്ട മതോപദേഷ്ടാക്കന്മാർ അവരുടെ ബുദ്ധിയേയും ശക്തിയേയും ധനത്തേയും സമുദായസാമ്രാജ്യം വിപുലമാക്കാനുള്ള അദ്ധ്വാനത്തിൽ വിനിയോഗിച്ചതിന്റെ അനിഷ്ടഫലമാണ് നാം ഇന്ന് കാണുന്നത്. ഇതിന് നിവാരണോപായം ഒന്നേയുള്ളൂ. ലോകത്തിൽ ഇതേവരെ ഉണ്ടായിട്ടുള്ള മതങ്ങളിൽവച്ച് ഏറ്റവും ശ്രേഷ്ഠമേതെന്ന് രാമനുവേണ്ടി കൃഷ്ണൻ തീരുമാനിക്കുന്ന സമ്പ്രദായം ഉപേക്ഷിച്ച് ഭിന്നമതങ്ങൾ പഠിച്ചറിഞ്ഞ ശേഷം രാമനുവേണ്ടി രാമനും കൃഷ്ണനുവേണ്ടി കൃഷ്ണനും തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം രാമകൃഷ്ണന്മാർക്ക് നൽകണം.'

ശുദ്ധവും സ്വതന്ത്രവുമായ സനാതനധർമ്മങ്ങളുടെ ബലിഷ്ഠമായ അടിത്തറയിലാണ് ഭാരതത്തിന്റേയും ഭാരതീയരുടേയും ഒന്നാകലും നന്നാകലും ഊട്ടിയുറപ്പിക്കപ്പെട്ടിട്ടുള്ളതെന്നത് നാം മറന്നുകൂടാ. അഥവാ മറക്കുന്നതായാൽ അത് മൃതിയേക്കാൾ ഭയാനകമെന്നേ ഈ സന്ദർഭത്തിൽ പറയാനാവൂ. ഇത്തരം തിരിച്ചറിവിന്റെ വെളിച്ചത്തിൽ സനാതനധർമ്മങ്ങൾക്ക് മേൽ വന്നുകൂടിയിട്ടുള്ളതും കൂടുന്നതുമായ മാനവികേതര കൂട്ടിച്ചേർക്കലുകളെ കണ്ടെത്താനും നിരാകരിക്കാനുമുള്ള വിചാരവും വിവേകവും ഏവർക്കുമുണ്ടാകട്ടെ.

TAGS: SANATHANA DHARMAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.