SignIn
Kerala Kaumudi Online
Sunday, 10 December 2023 10.35 AM IST

നിർമ്മാണ നിയന്ത്രണം; ജില്ലാ ഭരണകൂടവുമായി ഇടഞ്ഞ് സി.പി.എം

photo
നിർമ്മാണത്തിലിരിക്കുന്ന സി.പി.എം ശാന്തമ്പാറ ഏരിയാ കമ്മിറ്റി ഓഫീസ്

ഇടുക്കി ജില്ലയിലെ 13 പഞ്ചായത്തുകളിൽ ദുരന്തനിവാരണ നിയമപ്രകാരമുള്ള നിർമ്മാണ നിയന്ത്രണം ഏർപ്പെടുത്തിയതിനെ ചൊല്ലി സി.പി.എമ്മും ജില്ലാ ഭരണകൂടവും തമ്മിൽ ഭിന്നത രൂക്ഷം. ശാന്തമ്പാറയിലെ സി.പി.എം ഓഫീസ് നിർമാണത്തിന് ഹൈക്കോടതി വിലക്കേർപ്പെടുത്തിയതിനും സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസിനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്തതിനും പിന്നിൽ റവന്യു വകുപ്പിന്റെയും ജില്ലാ കളക്ടറുടെയും നിക്ഷിപ്ത താത്പര്യമാണെന്നാണ് സി.പി.എമ്മിന്റെ വാദം. സർക്കാർ ഭൂമി കൈയേറി നിർമ്മിച്ച കോൺഗ്രസ് ഓഫീസുകൾക്ക് ജില്ലാ ഭരണകൂടത്തിന്റെ സംരക്ഷണമുണ്ടെന്നാണ് പാർട്ടിയുടെ ആരോപണം. ഭൂപതിവ് നിയമഭേദഗതിയുടെ ഗുണഫലം സർക്കാരിന് ലഭിക്കാതിരിക്കാൻ ഗൂഢശ്രമം നടക്കുന്നതായും സി.പി.എം ആരോപിക്കുന്നു. എന്നാൽ ജില്ലാ ഭരണകൂടത്തിൽ സി.പി.എം എം.എൽ.എമാരും ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റും ഉൾപ്പെടുന്നുണ്ടെന്ന കാര്യം മറച്ചുവച്ചാണ് സി.പി.എം ആരോപണങ്ങളെന്നാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്. സർക്കാരിന്റെ പ്രതിനിധിയായ കളക്ടർ നിക്ഷിപ്ത താത്പര്യക്കാരുടെ നിയന്ത്രണത്തിലാണെന്ന് സി.പി.എം പറയുന്നു. ജില്ലയിൽനിന്നുള്ള മന്ത്രിയെയും എൽ.ഡി.എഫ് എം.എൽ.എമാരെയും നോക്കുകുത്തികളാക്കിയാണ് കളക്ടറും ഉദ്യോഗസ്ഥരും നയപരമായ തീരുമാനങ്ങളെടുക്കുന്നത് എന്ന കാര്യത്തിൽ എൽ.ഡി.എഫിലെ മിക്ക ഘടകകക്ഷികൾക്കും ഏകാഭിപ്രായമാണുള്ളത്. ജനപ്രതിനിധികളുമായി ആലോചിക്കാതെ 13 പഞ്ചായത്തുകളിലെ 155 ദുരന്ത സാദ്ധ്യതാ മേഖലകളിൽ നിയന്ത്രണം ഏർപ്പെടുത്തിയതിൽ സി.പി.എം പ്രാദേശിക ഘടകങ്ങളിലും എതിർപ്പ് ശക്തമാണ്.
കഴിഞ്ഞ ദിവസം മൂന്നാറിൽ നടന്ന യോഗത്തിൽ എം.എം. മണി ജില്ലാ കളക്ടറെ രൂക്ഷമായി വിമർശിച്ചു. ജനപ്രതിനിധികളുമായി ഒരു ചർച്ചയോ കൂടിയാലോചനയോ നടത്താതെ ജില്ലാ കളക്ടർ ഏകപക്ഷീയമായി 13 പഞ്ചായത്തുകളിൽ നിർമ്മാണ നിരോധനം ഏർപ്പെടുത്തി ഇറക്കിയ ഉത്തരവ് ജനവിരുദ്ധമാണെന്നും മണി പറഞ്ഞു. ഏതെങ്കിലും ഉദ്യോഗസ്ഥൻ പറയുന്നത് കേട്ട് കളക്ടർ എന്തെങ്കിലും ചെയ്താൽ അതിനെ ചോദ്യം ചെയ്യുകയും പ്രതിഷേധിക്കുമെന്നും മണി പറഞ്ഞു.

നിയന്ത്രണം

13 പഞ്ചായത്തുകളിൽ

ജൂലായ് 29ന് ഇടുക്കി ജില്ലാ കളക്ടർ ജില്ലാ ദുരന്തനിവാരണ അതോറിട്ടി അദ്ധ്യക്ഷ എന്ന നിലയിൽ ഇറക്കിയിരിക്കുന്ന ഉത്തരവിലാണ് ദേവികുളം താലൂക്കിലെ 10 പഞ്ചായത്തുകളിലും ഉടുമ്പൻചോല താലൂക്കിലെ മൂന്നു പഞ്ചായത്തുകളിലും നിർമ്മാണങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. മൂന്നാർ, വെള്ളത്തൂവൽ, പള്ളിവാസൽ, ദേവികുളം, ചിന്നക്കനാൽ, ബൈസൺവാലി, ശാന്തൻപാറ, ഉടുമ്പൻചോല, മാങ്കുളം, മറയൂർ, ഇടമലക്കുടി, കാന്തല്ലൂർ, വട്ടവട പഞ്ചായത്തുകളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതനുസരിച്ച് ഈ പഞ്ചയത്തുകളിലെ റെഡ് സോണിൽ ഒരു നിലയിൽ പരമാവധി 150 ചതുരശ്ര മീറ്ററിൽ കൂടുതലുള്ള നിർമ്മാണം അനുവദിക്കില്ല. മാത്രമല്ല, മറ്റു സ്ഥലങ്ങളിൽ വീട് ഇല്ലാത്തവർക്കു മാത്രമെ റെഡ് സോണിൽ കെട്ടിടനിർമാണം അനുവദിക്കൂ. റെഡ് സോണിൽ ഉൾപ്പെട്ട ഭാഗങ്ങളിൽ എല്ലാവിധ പാറ ഖനനങ്ങളും നിരോധിച്ചു. ഓറഞ്ച് സോണിൽ ഉൾപ്പെട്ടു വരുന്ന പ്രദേശങ്ങളിൽ മൂന്നു നിലകളിൽ കൂടുതൽ ഉയരമുള്ള കെട്ടിടങ്ങൾ അനുവദിക്കില്ല. പ്രദേശത്തെ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാദ്ധ്യത പരിശോധിച്ചാണ് റെഡ്, ഓറഞ്ച് സോൺ നിശ്ചയിക്കുന്നത്. റെഡ് സോണിലെ എല്ലാ നിർമ്മിതികൾക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എൻജിനിയറിംഗ് വിഭാഗം പരിശോധന നടത്തി മുൻകരുതൽ ഉറപ്പാക്കണം. ഓറഞ്ച് സോണിലെ നിർമ്മാണങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എൻജിനിയറിംഗ് വിഭാഗം പരിശോധന നടത്തി ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാദ്ധ്യതയില്ലെന്നും അവ ഒഴിവാക്കാനുള്ള നിർമിതികൾ നടത്തുന്നുണ്ടെന്നും ഉറപ്പാക്കണം. പാലിച്ചില്ലെങ്കിൽ ദുരന്ത നിവാരണ നിയമം അനുസരിച്ചുള്ള നിയമ നടപടി സ്വീകരിക്കും. ഇതുപ്രകാരം കുടിലും ഷെഡും നിർമിക്കുന്നവർ വരെ നിയമ നടപടിക്കു വിധേയരാകാം.

ഹൈക്കോടതി

ഇടപെടൽ

വൺ എർത്ത് വൺ ലൈഫ് എന്ന സംഘടന ഹൈക്കോടതിയിൽ ഫയൽ ചെയ്തിട്ടുള്ള 1801/ 2010 കേസിന്റെ തുടർനടപടികളുടെ ഭാഗമായാണ് ഇടുക്കി ജില്ലാ കളക്ടറടെ പുതിയ ഉത്തരവ്. ഓരോ മേഖലയിലും നിർമ്മാണം ഏതു രീതിയിലാകണമെന്നതിൽ ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും അഭിപ്രായം ശേഖരിച്ചു തദ്ദേശ സ്വയംഭരണ സെക്രട്ടറിമാർ 30 ദിവസത്തിനകം ജില്ലാ ദുരന്തനിവാരണ അതോറിട്ടിക്ക് ശുപാർശ സഹിതം സമർപ്പിക്കണമെന്നും നിർദേശമുണ്ട്.

1964ലെ ഭൂപതിവു ചട്ടത്തിൽ ഭേദഗതി വരുത്തിയാലും ദുരന്ത നിവാരണ ചട്ടമനുസരിച്ച് ഇടുക്കി ജില്ലയിലെ 13 പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിർമ്മാണ നിയന്ത്രണം നിലനിൽക്കും. 1964 ഭൂപതിവ് ചട്ടത്തിൽ വാസഗൃഹങ്ങൾക്കും കൃഷിക്കുമാണ് സ്ഥലം പതിച്ചു നൽകിയിരിക്കുന്നതെന്ന വാദം നിരത്തിയാണ് വാസഗൃഹങ്ങളല്ലാത്ത എല്ലാ നിർമിതികൾക്കും നിരോധനം വരുന്നത്. 13 പഞ്ചായത്തുകളിൽ നിലവിൽ വന്നിരിക്കുന്ന പുതിയ നിയന്ത്രണം ഈ ഗണത്തിലുള്ളതല്ല. മറ്റെവിടെയെങ്കിലും വീടുള്ളവർക്ക് മൂന്നാർ മേഖലയിലെ പഞ്ചായത്തുകളിൽ വീട് അനുവദിക്കില്ലെന്ന ഉത്തരവ് കോടതി അലക്ഷ്യമാകും. 2019 ൽ സർക്കാർ ഇറക്കിയ നിർമാണ നിരോധന ഉത്തരവിൽ മറ്റു സ്ഥലങ്ങളിൽ വീടുള്ളവർക്ക് ഇടുക്കിയിലെ എട്ടു വില്ലേജുകളിൽ വീട് അനുവദിക്കുന്നതിനു വിലക്കേർപ്പെടുത്തിയിരുന്നു. ഇതിനെതിരെ തമിഴ്‌നാട്ടിൽ വീടുള്ള രംഗരാജൻ ചിന്നക്കനാലിലെ സ്ഥലത്ത് വീടുവയ്ക്കുന്നതു തടഞ്ഞ നടപടി ചോദ്യം ചെയ്തു ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഇന്ത്യയിൽ എവിടെയും വീടുവയ്ക്കാനുള്ള പൗരന്റെ അവകാശം തടയാനാകില്ലെന്ന് ഉത്തരവിട്ടിരുന്നു. ഇതിനെത്തുടർന്നു സർക്കാർ പുനർ ഉത്തരവിറക്കി ഇതു റദ്ദാക്കിയതാണ്. അതാണ് ഇപ്പോൾ വീണ്ടും സർക്കാർ ഉത്തരവായി വന്നിരിക്കുന്നത്.

സർക്കാരിന്റെ

ശ്രദ്ധയിൽപ്പെടുത്താൻ

തീരുമാനം

ജില്ലയിലെ 13 പഞ്ചായത്തുകളിൽ കെട്ടിട നിർമ്മാണങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളടക്കം ഇടുക്കിയുടെ പൊതുവായ ഭൂപ്രശ്‌നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന സർവകക്ഷി യോഗത്തിൽ തീരുമാനമെടുത്തു. മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ റവന്യു, വനം വകുപ്പ് മന്ത്രിമാരുമായി ചേർന്ന് ഉന്നതതലയോഗം ചേരണമെന്ന് പൊതുവായ അഭിപ്രായം ഉയർന്നു. നിർമ്മാണ നിയന്ത്രണങ്ങളുള്ള പഞ്ചായത്തുകളിൽ സോൺ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റാൻ കോടതിയോട് കുറച്ചുകൂടി സമയം ചോദിക്കാനും സർവകക്ഷിയോഗത്തിൽ തീരുമാനമെടുത്തിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: IDUKKI DIARY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.