കൊച്ചി: മക്കളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം യുവദമ്പതികൾ ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആത്മഹത്വ ചെയ്തതിന് കാരണം ഓൺലെെൻ ലോണെന്ന് സംശയം. മരിച്ച യുവതി ഓൺലെെൻ ആപ്പ് വഴി ലോൺ എടുത്തിട്ടുണ്ടെന്നാണ് സൂചന. ലോൺ തിരിച്ചടവ് മുടങ്ങിയെന്ന് ആരോപിച്ചുള്ള ഭീഷണി സന്ദേശങ്ങൾ ഫോണിൽ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഓൺലെെൻ ലോൺ തട്ടിപ്പുകാർ യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കളുടെ ഫോണിലേയ്ക്ക് അയച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങി.
അതേസമയം, യുവതിയുടെയും ഭർത്താവിന്റെയും കുട്ടികളുടെയും സംസ്കാരം പൂർത്തിയായി. ഇന്നലെയാണ് എണാകുളം ജില്ലയിലെ കടമക്കുടിയിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. നോർത്ത് കടമക്കുടി മടശേരിവീട്ടിൽ നിജോ (40), ഭാര്യ ശില്പ (32), മക്കളായ ഏയ്ബൽ(7), ആരോൺ (5) എന്നിവരാണ് മരിച്ചത്. രാവിലെ ഏഴരയോടെ തറാവാട്ടുവീടിന്റെ മുകൾനിലയിൽ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. സാമ്പത്തിക ബാദ്ധ്യതയും ആരും സഹായിക്കുന്നില്ലെന്നും സൂചിപ്പിക്കുന്ന ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടുണ്ട്. ശില്പ ഇന്നലെ ഇറ്റലിയിലേക്ക് പോവുകയാണെന്നാണ് ബന്ധുക്കളെ വിശ്വസിപ്പിച്ചിരുന്നത്.
ഏയ്ബലും ആരോണും തുണ്ടത്തുംകടവ് ഇൻഫന്റ് ജീസസ് പബ്ലിക് സ്കൂൾ വിദ്യാർത്ഥികളാണ്. ഏയ്ബലിന്റെ കഴുത്തിൽ കൈകൊണ്ട് ഞെരിച്ച പാടുണ്ട്. ശില്പയുടെ മുഖത്ത് കുട്ടിയുടേതെന്ന് കരുതുന്ന നഖപ്പാടുകളുമുണ്ട്. കുട്ടികളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ സൂചന.
കെട്ടിടനിർമ്മാണ തൊഴിലാളിയും ആർട്ടിസ്റ്റുമായ നിജോയെ ഫോണിൽ വിളിച്ചിട്ടു കിട്ടാത്തതിനാൽ, സുഹൃത്ത് വീട്ടിലെത്തിയപ്പോഴാണ് നിജോയെ ഹാളിൽ ഫാനിലും ശില്പയെ സീലിംഗിലെ ഹുക്കിലും തൂങ്ങിയ നിലയിൽ കണ്ടത്. താഴത്തെ നിലയിൽ താമസിക്കുന്ന സഹോദരൻ ടിജോയെ വിളിച്ചുവരുത്തി വാതിൽ ചവിട്ടിത്തുറന്ന് കയറിയപ്പോൾ മക്കളെ കട്ടിലിൽ മരിച്ചനിലയിൽ കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |