നിപ വൈറസ് ബാധ കോഴിക്കോട് വീണ്ടുമെത്തിയതിന്റെ ഞെട്ടലിലാണ് കേരളം. ഇത്തരത്തിൽ ലോകത്തിലെ പലഭാഗങ്ങളെ പിടിച്ചുകുലുക്കിയ ഭയാനകമായ പകർച്ചവ്യാധികൾ ചരിത്രത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. പ്ളേഗ്, കോളറ, ഫ്ളൂ, കൊവിഡ് 19 എന്നിവയൊക്കെ ഈ ഗണത്തിൽ ഉൾപ്പെടുന്നവയാണ്. അനേക ലക്ഷം പേർ മരിച്ചുവീഴുകയും രോഗബാധിതരാവുകയും ചെയ്ത കൊവിഡിൽ നിന്ന് ഇന്നും ലോകം മുക്തി നേടിയിട്ടില്ല. ഇപ്പോഴിതാ അടുത്ത പകർച്ചവ്യാധി വവ്വാലുകളിൽ നിന്നായിരിക്കുമെന്ന് പറയുകയാണ് പുതിയ പഠനങ്ങൾ.
വവ്വാലുകൾ ഭീഷണിയാകുന്നു
ഇരുണ്ട ഗുഹകളിലും ഇടതൂർന്ന മരങ്ങളിലുമായി കാണപ്പെടുകയും രാത്രികളിൽ മാത്രം സജീവമാവുകയും ചെയ്യുന്നതിനാൽ വവ്വാലുകൾ മനുഷ്യരാശിയ്ക്ക് അത്രകണ്ട് ഭീഷണിയാകുന്നില്ല. കൂടാതെ ആഗോള ആവാസവ്യവസ്ഥയിൽ വവ്വാലുകൾ വളരെയധികം പ്രാധാന്യമുണ്ട്. പിന്നെ എങ്ങനെയാണ് വവ്വാലുകൾ മനുഷ്യർക്ക് ഭീഷണിയാകുന്നത്. ഇവയിൽ കാണപ്പെടുന്ന വൈറസുകളാണ് വില്ലനാവുന്നത്. എന്നാൽ ഈ വൈറസുകൾ വവ്വാലിന് ഹാനികരമാകുകയുമില്ല. വവ്വാലുകളുടെ ആവാസവ്യവസ്ഥയിലേയ്ക്കുള്ള മനുഷ്യരുടെ കടന്നുകയറ്റം അടുത്ത പകർച്ചവ്യാധിയെ വിളിച്ചുവരുത്തുകയാണെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു.
ലോകം ഹോട്ട്‌സ്‌പോട്ടായി മാറുമ്പോൾ
വന്യജീവികളുടെ ആവാസ വ്യവസ്ഥയിൽ അനാവശ്യ ഇടപെടലുകൾ നടത്താതിരിക്കുമ്പോൾ രോഗാണുക്കൾക്കും മനുഷ്യർക്കും ഇടയിൽ ഒരു സംരക്ഷണ ഭിത്തി സൃഷ്ടിക്കപ്പെടുന്നു. മനുഷ്യരുടെ ആവശ്യങ്ങൾക്കായി മരങ്ങൾ വെട്ടിമാറ്റുന്നതും കാട് വെട്ടിത്തെളിക്കുന്നതും മനുഷ്യരും വവ്വാലുകളും തമ്മിലുള്ള സമ്പർക്കം കൂട്ടുന്നതിന് ഇടയാക്കുന്നു. ഇത് വവ്വാൽ-ജന്യരോഗങ്ങളുടെ പകർച്ചയ്ക്ക് കാരണമാകുന്നു. പ്രകൃതി വിഭവങ്ങൾക്കായി വവ്വാലുകളും മനുഷ്യരും പരസ്‌പരം മത്സരിക്കുന്നത് അടുത്ത പകർച്ചവ്യാധിയിലേക്കുള്ള വാതിൽ തുറക്കുന്നു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകൾക്കിടെ ലോകത്താകമാനം ദശലക്ഷം ആളുകളാണ് വവ്വാലുകളിലൂടെ പകരുന്ന രോഗം ബാധിച്ച് മരണപ്പെട്ടത്. ഈ ദുരന്തം അന്റാർട്ടിക്ക ഒഴിച്ച് 113 രാജ്യങ്ങളിൽ വീണ്ടുമെത്താനുള്ള എല്ലാ സാദ്ധ്യതയും അടുത്തുവന്നിരിക്കുകയാണെന്ന് റോയ്‌റ്റേഴ്‌സ് നടത്തിയ പഠനത്തിൽ കണ്ടെത്തുന്നു.
113 രാജ്യങ്ങളിലായി 9 ദശലക്ഷം ചതുരശ്ര കിലോമീറ്ററർ പ്രദേശം വവ്വാൽ-ജന്യ രോഗങ്ങൾക്ക് കൂടുതൽ അപകടസാദ്ധ്യതയുള്ള ഒരു ഹോട്ട്‌സ്‌പോട്ട് ആയി മാറിയതായി റോയ്‌റ്റേഴ്‌സ് പഠനത്തിൽ ചൂണ്ടിക്കാണിക്കുന്ന. അഞ്ച് ആളുകളിൽ ഒരാൾ ഈ പ്രദേശങ്ങളിൽ താമസിക്കുന്നു.
ഏതൊക്കെ സ്ഥലങ്ങൾ കൂടുതൽ ഭീഷണിയിൽ?
ഏഷ്യൻ രാജ്യമായ ലാവോസിൽ നടത്തിയ പരിശോധനയിൽ കൊവിഡ്19 പകരുന്നതിന് സമാനമായ വൈറസ് ശാസ്‌ത്രജ്ഞർ കണ്ടെത്തി. രാജ്യങ്ങൾ തമ്മിലുള്ള ഗതാഗത സംവിധാനങ്ങൾ ഇത്തരം വൈറസുകൾ വ്യാപിക്കാൻ ഇടയാക്കും. ഇങ്ങനെ ലോകം മൊത്തം പരക്കാൻ മാസങ്ങൾ മതിയാവും. ജനസംഖ്യയിൽ ലോകത്ത് ഒന്നാമനായ ഇന്ത്യയിൽ വവ്വാലിലൂടെ പകരുന്ന രോഗങ്ങളുടെ ഭീഷണി വളരെ കൂടുതലാണ്. പഴങ്ങളുള്ള മരങ്ങൾ ധാരാളമായി കാണുന്ന കേരളത്തിൽ മൂന്നുതവണ നിപ വൈറസ് ബാധയുണ്ടായത് ഇതിന് ഏറ്റവും വലിയ ഉദാഹരണമാണെന്ന് പഠനത്തിൽ പറയുന്നു.
പകർച്ചവ്യാധി പൊട്ടിപ്പുറപ്പെടാൻ ഏറ്റവും സാദ്ധ്യതയുള്ള മറ്റൊരു രാജ്യം ബ്രസീലാണ്. മഴക്കാടുകളുടെ നശീകരണം വർദ്ധിച്ചത് ബ്രസീലിന്റെ പകർച്ചവ്യാധി അപകടസാദ്ധ്യത വർദ്ധിപ്പിച്ചിരിക്കുന്നു.
പലവിധ ഖനനങ്ങൾ കൂടുതലായി കാണപ്പെടുന്ന പടിഞ്ഞാറൻ ആഫ്രിക്കയും വലിയ ഭീഷണിയാണ് നേരിടുന്നത്. ആഫ്രിക്കൻ പഴംതീനി വവ്വാലായ ഈജിപ്ഷ്യൻ റോസെറ്റിൽ കാണപ്പെടുന്ന മാരക വൈറസായ മാർബർഗ് ബാധിച്ച് നിരവധി പേരാണ് കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടെ ഇവിടെ മരണപ്പെട്ടത്. ജനസംഖ്യയിൽ രണ്ടാമനായ ചൈനയും ഹൈ റിസ്‌ക്ക് പട്ടികയിൽ ഉൾപ്പെടുന്നു. 2002 മുതൽ 2020 വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യ, ചൈന, ബ്രസീൽ, ലാവോസ് എന്നീ രാജ്യങ്ങളാണ് വവ്വാൽ-ജന്യ പകർച്ചാവ്യാധി ഭീഷണിയിൽ ഹൈറിസ്ക്കിലുള്ളത്.
ദുരന്തമുഖമാകാൻ ഇന്ത്യ
കോഴിക്കോട് വീണ്ടും നിപ ബാധയേറ്റിരിക്കുമ്പോൾ വവ്വാൽജന്യ പകർച്ചവ്യാധിയിലേക്കുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. ഏഷ്യൻ പഴംതീനി വവ്വാലുകളാണ് നിപ വൈറസിന്റെ വാഹകരെന്ന് പഠനങ്ങളിൽ പറയുന്നു. വനപ്രദേശങ്ങളിൽ വ്യാപിക്കുന്ന ഏറ്റവും അപകടകാരികളായ വൈറസുകളിൽ ഒന്നാണ് നിപ. ഇതിന് ചികിത്സയോ വാക്‌സിനോ ഇല്ല.
2018ൽ കോഴിക്കോട് ആദ്യ നിപ രോഗിയ്ക്ക് വൈറസ് ബാധിച്ചപ്പോൾ ഭൂമിയിൽ തന്നെ വവ്വാൽ-ജന്യ പകർച്ചവ്യാധി ഉണ്ടാകാൻ ഏറ്റവും സാദ്ധ്യതയേറിയ സമയമായി ആ പ്രദേശം മാറിയിരുന്നു. രോഗി താമസിച്ചിരുന്ന പേരാമ്പ്രയിൽ പെട്ടെന്നുണ്ടായ വനനശീകരണവും മരംവെട്ടലും നഗരവത്കകരണവുമാണ് ഇതിന് കാരണമായി പറയുന്നത്.
അറബിക്കടലിന്റെ കിഴക്കൻ തീരത്തുള്ള കേരളത്തിൽ വവ്വാൽ-ജന്യ പകർച്ചവ്യാധിക്ക് സാദ്ധ്യതയേറിയ അനേകം സോണുകൾ ഉണ്ടെന്ന് റോയ്‌റ്റേഴ്‌സ് കണ്ടെത്തുന്നു. 40-ലധികം ഇനം വവ്വാലുകളും 35 ദശലക്ഷത്തിലധികം ആളുകളും കേരളത്തിലുണ്ട്. കേരളത്തിൽ വവ്വാലുകളുടെ പ്രധാന ആവാസകേന്ദ്രങ്ങളായ വനങ്ങളും മരങ്ങളും കുന്നുകളുമെല്ലാം മാറ്റിസ്ഥാപിക്കപ്പെട്ട് അവിടെ വീടുകൾ, കൃഷികൾ, ബിസിനസുകൾ, വ്യവസായങ്ങൾ എന്നിവ ഉയർന്നു. 2002ൽ നിപ പൊട്ടിപ്പുറപ്പെടുന്നതിനുള്ള സാദ്ധ്യത 58 ശതമാനമായിരുന്നു. എന്നാൽ 2018ൽ ഇത് 83 ശതമാനമായി ഉയർന്നു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ സെന്റർ ഫോർ ഇക്കോളജിക്കൽ സയൻസസിന്റെ പഠനറിപ്പോർട്ട് അനുസരിച്ച്, 1970കളുടെ തുടക്കത്തിൽ കേരളത്തിൽ 38,000 ചതുരശ്ര കിലോമീറ്ററിൽ 25,000ത്തോളം സമൃദ്ധമായ വനമായിരുന്നു. 1973 മുതൽ 2016 വരെ, ദ്രുതഗതിയിലുള്ള നഗരവൽക്കരണവും തോട്ടങ്ങളുടെ വികാസവും മൂലം ആ വനപ്രദേശത്തിന്റെ മൂന്നിലൊന്ന് അപ്രത്യക്ഷമായി. നഗരപ്രദേശങ്ങൾ 95 ചതുരശ്ര കിലോമീറ്ററിൽ നിന്ന് 4,000ത്തിലേറെയായി ഉയർന്നു. ഇത് വവ്വാലുകളും മനുഷ്യരും തമ്മിലുള്ള സമ്പർക്കം വർദ്ധിപ്പിച്ചു. കേരളത്തിൽ നിപ പൊട്ടിപ്പുറപ്പെടാനുള്ള പ്രധാന കാരണങ്ങളിലൊന്നായി വിലയിരുത്തുന്നത് ഇതാണ്. കൂടാതെ കൊറോണ വൈറസിനുള്ള ലോകത്തിലെ ഏഴ് ഹോട്ട്‌സ്‌പോട്ടുകളിൽ ഒന്നാണ് കേരളം. പക്ഷേ ആദ്യമെത്തിയത് 2018ലെ നിപയാണെന്ന് മാത്രം. കേരളത്തിലെ 90 ശതമാനം വവ്വാലുകളുടെ ആവാസ കേന്ദ്രങ്ങളും സുരക്ഷിതമല്ലാത്തതാണെന്ന് 2022ൽ നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു.
പരിഹാര മാർഗങ്ങൾ
വവ്വാലുകളുടെ ഉമിനീർ, മൂത്രം, രക്തം, വിസർജ്ജനം എന്നിവയിലാണ് വൈറസുകൾ കാണപ്പെടുന്നത്. ഈ വൈറസുകൾക്ക് നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ മറ്റ് മൃഗങ്ങൾ വഴിയോ മനുഷ്യരിലേക്ക് പ്രവേശിക്കാൻ സാധിക്കും. ഏകദേശം 72,000ഓളം വൈറസുകളുടെ വാഹകരാണ് വവ്വാലുകൾ. മറ്റ് സസ്തനികളെ കൊല്ലുന്ന വൈറസുകളെ സംരക്ഷിക്കാനും അതിജീവിക്കാനും അവയ്ക്ക് കഴിയും. ആഹാരം തേടി കിലോമീറ്ററുകൾ സഞ്ചരിക്കുന്ന വവ്വാലുകൾക്ക് അവിടെങ്ങളിലെല്ലാം വൈറസ് പരത്താൻ സാധിക്കും.
വൈറസ് അടങ്ങിയ ദ്രാവകങ്ങളായ ഉമിനീർ, മൂത്രം, രക്തം, മൂക്കിലോ ശ്വാസകോശത്തിലോ ഉള്ള തുള്ളികൾ എന്നിവ മനുഷ്യരുടെയോ മൃഗങ്ങളുടെയോ കണ്ണ്, മൂക്ക് അല്ലെങ്കിൽ വായ എന്നിവിടങ്ങളുമായി സമ്പർക്കം ഉണ്ടാകുമ്പോഴാണ് നിപ പോലുള്ള വൈറസ് ബാധയേൽക്കുന്നത്. കൊവിഡ് 19 എങ്ങനെ മനുഷ്യരെ ബാധിച്ചുവെന്ന് ഇതുവരെ തെളിയിക്കാനായില്ലെങ്കിലും വവ്വാലുകളിൽ കാണപ്പെടുന്ന കൊറോണ വൈറസാണ് രോഗം പരത്തുന്നതെന്ന് തെളിഞ്ഞിട്ടുണ്ട്.
വവ്വാലുകളുടെ ശ്രവങ്ങളുമായി സമ്പർക്കം ഇല്ലാതിരിക്കുകയെന്നതാണ് രോഗബാധയേൽക്കാതിരിക്കാൻ പ്രധാനമായും ചെയ്യേണ്ടത്. വവ്വാലുകൾ കടിച്ച പഴങ്ങളും മറ്റും കഴിക്കാതിരിക്കുക, രോഗബാധയേറ്റവരുമായി സമ്പർക്കം പുലർത്താതിരിക്കുക. വവ്വാലുകൾ എങ്ങനെ വൈറസ് പരത്തുന്നു എന്നതിൽ പഠനം നടത്തി, പ്രതിരോധ മരുന്നുകളും ചികിത്സയും കണ്ടുപിടിക്കേണ്ടതുണ്ട്. കൂടാതെ വവ്വാലുകളുടെ ആവാസ വ്യവസ്ഥയിലെ കടന്നുകയറ്റങ്ങളും ഒഴിവാക്കേണ്ടത് മനുഷ്യരാശിയുടെ നിലനിൽപ്പിനുതന്നെ പ്രധാനമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |