മൊബൈലും ഇന്റർനെറ്റും അധികം പ്രചാരത്തിൽ ഇല്ലാത്ത കാലത്ത്,ബാല്യത്തെ സമ്പന്നമാക്കിയ മാസികയായിരുന്നു ട്വിങ്കിൾ. മാസികയിൽ പ്രത്യക്ഷപ്പെട്ട ബട്ടർഫിംഗേഴ്സ് എന്ന കഥയിലെ അമർ എന്ന നായകന്റെ ചിത്രം വെട്ടിയെടുത്ത് വീട്ടിലെ ചുമരിലും പെൻസിൽ ബോക്സിലും ഒട്ടിച്ചുവച്ച കുട്ടികളും കുറവല്ല. മനസിൽ കുട്ടിത്തം നിറച്ച്, കുട്ടികൾക്കായി എഴുതുന്ന ബട്ടർഫിംഗേഴ്സിന്റെ സ്രഷ്ടാവ് ഖൈറുന്നിസ.എ കേരളകൗമുദിയോട് സംസാരിക്കുന്നു. എഴുത്തും സ്വപ്നങ്ങളും നിറഞ്ഞ ലോകത്തെക്കുറിച്ച്...
എഴുത്തിന്റെ ലോകത്തേക്ക് ?
കുടുംബത്തിൽ ഞങ്ങൾ എട്ട് പെൺമക്കളായിരുന്നു. ഏറ്റവും ഇളയതായിരുന്നു ഞാൻ. വായന ചെറുപ്പം മുതൽ കൂടെക്കൂടി. അന്നൊക്കെ പുസ്തകത്തിന് വേണ്ടി പരസ്പരം വഴക്കിടുമായിരുന്നു. അച്ഛൻ തിരുവനന്തപുരത്തേക്ക് താമസമാക്കിയത് തന്നെ ഞങ്ങൾക്ക് നല്ല വിദ്യാഭ്യാസം നൽകാനായിരുന്നു. എഴുതി തുടങ്ങുന്നത് കോളേജിൽ പഠിക്കുമ്പോഴാണ്. ഓൾ സെയിന്റ്സ് കോളേജിൽ ഇംഗ്ലീഷ് അദ്ധ്യാപിക ആയിരുന്നപ്പോൾ എഴുത്തിന് കൂടുതൽ സമയം കണ്ടെത്തി. എഴുതാൻ വേണ്ടി എഴുതിയതല്ല. വളരെ സ്വാഭാവികമായി സംഭവിച്ചതാണ്.
കുട്ടികളുടെ സ്വന്തം 'ബട്ടർഫിംഗേഴ്സ് "?
ഒരുകാലത്ത് എല്ലാ വീട്ടിലും വരുത്തിയിരുന്ന മാസികയായിരുന്നു ട്വിങ്കിൾ. മകന് വേണ്ടി വീട്ടിൽ വരുത്തിയ ആ മാസികയിൽ മുതിർന്നവർക്കായി ഒരു കഥാരചനാ മത്സരം വച്ചിരുന്നു. അന്നായിരുന്നു 'ബട്ടർഫിംഗേഴ്സ് " എന്ന കഥയെഴുതിയത്. 2007ൽ ട്വിങ്കിൾ മാസികയുടെ അസോസിയേറ്റ് എഡിറ്റർ ട്വിങ്കിളിനായി ഒരു സ്ഥിരം കഥാപാത്രത്തെ സൃഷ്ടിക്കാനാവുമോ എന്ന് ചോദിച്ചു. അങ്ങനെയാണ് ബട്ടർഫിംഗേഴ്സിനെ വീണ്ടും രംഗത്തിറക്കിയത്. 2007 മുതൽ 2015 വരെ വിജയകരമായി അത് മുന്നോട്ടുപോയി. അന്ന് മാസികയ്ക്ക് വേണ്ടി കാത്തുനിന്ന കുട്ടികൾ ഇന്ന് ഡോക്ടർമാരും എൻജിനിയർമാരുമാണ്. കത്തുകളിലൂടെ പലരും ഓർമ്മ പങ്കുവച്ചിരുന്നു.
പുസ്തക രചനയിലേക്ക് ?
ട്വിങ്കിളിൽ പ്രസിദ്ധീകരിച്ച കഥയുടെ കോപ്പിറൈറ്റ് എനിക്കായിരുന്നു. അങ്ങനെയാണ് കഥകളെല്ലാം ചേർത്ത് പുസ്തകം ആക്കാമെന്ന ചിന്ത മനസിൽ ഉദിക്കുന്നത്. അത് പെൻഗ്വിൻ പബ്ലിഷേഴ്സിന് അയച്ചപ്പോൾ നോവലാക്കാൻ ആവശ്യപ്പെട്ടു.അതായിരുന്നു തുടക്കം.
അമാനുഷികത ഇല്ലാത്ത നായകൻ ?
ബട്ടർഫിംഗേഴ്സിലെ നായകന്റെ യഥാർത്ഥ പേര് അമർ എന്നാണ്. എന്റെ മകന്റെ പേരും അതാണ്. മകന്റെ സുഹൃത്തുക്കളുടെ പേരും കഥാപാത്രങ്ങൾക്ക് ഇട്ടിട്ടുണ്ട്. സൂപ്പർമാൻ, ബാറ്റ്മാൻ എന്നിവരെ പോലെ അല്ല.അമാനുഷികത ഒന്നും ഇല്ലാത്ത സാധാരണ കുട്ടിയാണ് അമർ. ക്ലാസിൽ ഫസ്റ്റ് അല്ലാത്ത, അസാധാരണ കഴിവുകൾ ഇല്ലാത്ത കുട്ടി. അത് തന്നെയാണ് കുട്ടികൾക്ക് അവനെ ഇഷ്ടമാവാൻ കാരണവും. എല്ലാവരെയും സഹായിക്കാൻ ശ്രമിക്കുന്ന അവൻ ഒരുപാട് കുഴപ്പങ്ങളും സൃഷ്ടിക്കും. അവനും കൂട്ടുകാർക്കും എല്ലാ പുസ്തകത്തിലും 13 വയസാണ്. എന്നും കുട്ടിയായി തന്നെ ഇരിക്കുന്നത് ഒരു സുഖമല്ലേ.
മനസിൽ ഒരു കുട്ടിയുണ്ടോ?
ജീവിതത്തെ വ്യത്യസ്തമായ രീതിയിൽ നോക്കിക്കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്. പ്രായമാകുന്നെന്ന് കരുതി എപ്പോഴും ബലം പിടിച്ചു നടക്കേണ്ട കാര്യമില്ലല്ലോ. ചില പുസ്തകങ്ങളിൽ ഞാൻ എന്നെ തന്നെ കളിയാക്കാറുണ്ട്. നമ്മളൊക്കെ എത്ര നിസാരക്കാരാണെന്ന് മനസിലാക്കാൻ അത് സഹായിക്കും.
എഴുത്തിൽ നർമ്മം കലർത്തുന്നത് പ്രയാസമല്ലേ?
പ്രയാസമാണ്. പക്ഷേ എന്റെ കുടുംബത്തിൽ വർത്തമാനം പറയുന്നത് പോലും തമാശ രൂപത്തിലായിരുന്നു. എന്തുകൊണ്ട് ഗൗരവതരമായ വിഷയങ്ങൾ എഴുതുന്നില്ലെന്ന് പലരും ചോദിക്കും. കൂടുതൽ പബ്ലിഷേഴ്സും ആവശ്യപ്പെടുന്നത് കുട്ടികൾക്കുള്ള രചനകളാണ്. യാത്രയിൽ സംഭവിക്കുന്ന നർമ്മ മുഹൂർത്തങ്ങൾ എഴുത്തിൽ കൊണ്ടുവരാറുണ്ട്. മകന്റെയും മരുമകളുടെയും കൂടെ യു.എസിൽ പോയപ്പോഴുണ്ടായ രസകരമായ അനുഭവങ്ങളാണ് ചക്കിൾ മേരി സ്പിൻ അസ് ഇൻ ദ യു.എസ് എന്ന പുസ്തകത്തിൽ.
മൃഗങ്ങളും പ്രാണികളും കഥാപാത്രങ്ങൾ?
എലി, പല്ലി, ചിതൽ, ചിത്രശലഭം,കൊതുക്..അങ്ങനെ നിസാരമെന്നു കരുതുന്ന പല ജീവികളും എന്റെ കഥകളിലെ കേന്ദ്ര കഥാപാത്രങ്ങളാണ്. അവരും നമ്മളും ചേർന്നതാണല്ലോ ഈ ലോകം. പ്രകൃതിയെ മനുഷ്യൻ നശിപ്പിക്കുമ്പോൾ അവർ ഇല്ലാതാവുന്നത് ദുഃഖമാണ്. ലിസാർഡ് ഒഫ് ഓസ് എന്ന പുസ്തകത്തിലെ മുഖ്യ കഥാപാത്രം ഒരു പല്ലിയാണ്. പഞ്ചതന്ത്രം കഥകളിലേക്ക് എന്റെ രചനകൾ വെളിച്ചം വീശുന്നുണ്ടെന്ന് ശശി തരൂർ എം.പിയും അഭിപ്രായപ്പെട്ടിട്ടുണ്ട്.
എല്ലാ പുസ്തകവും പ്രകാശനം ചെയ്തത് ശശി തരൂർ ?
ആദ്യ പുസ്തകത്തിന്റെ പ്രകാശന വേളയിൽ തുടങ്ങിയ ആത്മബന്ധമാണ്. ഒരു രാഷ്ട്രീയക്കാരനായല്ല. നല്ലൊരു എഴുത്തുകാരനായാണ് അദ്ദേഹത്തെ കാണുന്നത്. ഔദ്യോഗിക തിരക്കുകൾക്കിടയിൽ പുസ്തകങ്ങൾ വായിക്കാൻ സമയം കിട്ടാറില്ലെങ്കിലും ബട്ടർഫിംഗേഴ്സ് വായിക്കാൻ സമയം കണ്ടെത്തിയെന്ന് പറഞ്ഞിരുന്നു. പിന്നീട് എല്ലാ സീരീസും പ്രകാശനം ചെയ്യാമെന്ന് അദ്ദേഹം ഇങ്ങോട്ട് പറയുകയായിരുന്നു. ഏറ്റവും ഒടുവിലത്തെ പുസ്തകമായ ദി വേൾഡ് ഓഫ് ബട്ടർഫിംഗേഴ്സ്, അഡ്വഞ്ചേഴ്സ് ഇൻ ടെക്സാസ് പ്രകാശന വേളയിലും വലിയ പിന്തുണയായിരുന്നു.
കഥാപാത്രങ്ങളെ സിനിമയിൽ കാണാൻ തോന്നിയിട്ടുണ്ടോ ?
ആഗ്രഹമുണ്ട്. പത്ത് വർഷം മുമ്പ് സംവിധായകൻ കെ.എസ്.സേതുമാധവൻ ബട്ടർഫിംഗേഴ്സ് വായിച്ച് നല്ല അഭിപ്രായം പറഞ്ഞിരുന്നു. ഇംഗ്ലീഷിൽ തന്നെ ഒരു സിനിമ ആക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. എന്നാൽ നിർമ്മാതാവിനെ കണ്ടെത്താൻ സാധിക്കാത്തതിനാൽ മുന്നോട്ട് പോയില്ല. അമറിനെ ബിഗ് സ്ക്രീനിൽ കാണുന്നത് വലിയൊരു സ്വപ്നമാണ്.
കുടുംബത്തിന്റെ പിന്തുണ ?
ഭർത്താവ് വിമൻസ് കോളേജിലെ ഇംഗ്ലീഷ് വകുപ്പ് മുൻ മേധാവി പി.വിജയകുമാർ. അദ്ദേഹം കുമാരനാശാന്റെ ചെറുമകനാണ്. മലയാളം പഠിക്കാത്തതിൽ ചിലപ്പോൾ വലിയ ദുഃഖം തോന്നാറുണ്ട്. ഞങ്ങളുടെ വീട്ടിൽ ഉർദു ആയിരുന്നു സംസാരിച്ചിരുന്നത്. എന്റെ സെക്കൻഡ് ലാംഗ്വേജ് ഫ്രഞ്ച് ആയിരുന്നു.പക്ഷേ അദ്ദേഹത്തിന്റെ കുടുംബം ഒരിക്കൽ പോലും അക്കാരണത്താൽ എന്നെ മാറ്റി നിറുത്തിയിട്ടില്ല. എന്റെ മുറി മലയാളം കേട്ട് ആരും കളിയാക്കാറില്ല. മകൻ അമറും മരുമകൾ അർപിതയും അമേരിക്കയിൽ ആണ്. കൊച്ചു മകൻ നീൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |