പൊലീസിന് കേസെടുത്ത് കൈമാറാം
കോടതിക്കും ഉത്തരവിടാം
തിരുവനന്തപുരം: സോളാർക്കേസുമായി ബന്ധപ്പെട്ട് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വ്യാജ ലൈംഗിക പീഡനക്കേസിൽ കുരുക്കിയതിനു പിന്നിലെ ഗൂഢാലോചന സി.ബി.ഐ സ്വമേധയാ അന്വേഷിക്കില്ല. ഉമ്മൻചാണ്ടിക്കെതിരായ കേസ് അവസാനിപ്പിച്ച് കോടതിയിൽ റിപ്പോർട്ട് നൽകിയതിനാൽ പുതിയ എഫ്.ഐ.ആറില്ലാതെ തുടരന്വേഷണം സാദ്ധ്യമല്ലെന്ന് സി.ബി.ഐ വ്യക്തമാക്കി.
ഗൂഢാലോചന നടന്നുവെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേരള പൊലീസിന് കേസെടുക്കാം. ഐ.പി.സി 120 (ബി) പ്രകാരം എഫ്.ഐ.ആർ ഇട്ട് സി.ബി.ഐ അന്വേഷണത്തിന് ശുപാർശ ചെയ്യാം. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരാണ് തീരുമാനമെടുക്കേണ്ടത്. ഇതുവരെ അതിനുള്ള നീക്കമുണ്ടായിട്ടില്ല.
കേസിന് ആധാരമായ പരാതിക്കാരിയുടെ കത്ത് അടിമുടി വ്യാജമാണെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. 50ലക്ഷം രൂപ കൈപ്പറ്റി കത്ത് പരാതിക്കാരി മറ്റുചിലർക്ക് കൈമാറി. ഉമ്മൻചാണ്ടിക്കെതിരെ നേരിട്ടോ, സാഹചര്യത്തെളിവോ ഇല്ല. സാമ്പത്തിക ആരോപണത്തിനടക്കം രേഖയില്ല. സാക്ഷിമൊഴികൾ കെട്ടിച്ചമച്ചതാണ്. പണം നൽകി കള്ളമൊഴി കൊടുപ്പിച്ചെന്ന് രണ്ട് സാക്ഷികൾ വെളിപ്പെടുത്തി. അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചാണ് കേസ് ബലപ്പെടുത്തിയത്.
പീഡന പരാതി ഉന്നയിച്ച ദിവസം പരാതിക്കാരി ക്ലിഫ്ഹൗസിൽ എത്തിയിരുന്നില്ല. വ്യാജമൊഴി നൽകാൻ പി.സി.ജോർജ്ജിനോട് ആവശ്യപ്പെട്ടതടക്കം കണ്ടെത്തിയാണ് ഗൂഢാലോചന സി.ബി.ഐ സ്ഥിരീകരിച്ചത്. സി.ബി.ഐ റിപ്പോർട്ട് തിരുവനന്തപുരം മജിസ്ട്രേട്ട് കോടതി അംഗീകരിച്ചിട്ടുണ്ട്.
ഗൂഢാലോചനാ കേസിന് 3 വഴികൾ
1.ഗൂഢാലോചനയ്ക്ക് പൊലീസ് കേസെടുത്ത്, അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറി സർക്കാർ വിജ്ഞാപനമിറക്കണം. ഏറ്റെടുക്കാൻ സി.ബി.ഐ തയ്യാറാകണം. ഇതിന് കേന്ദ്രാനുമതിയും വേണം
2.സി.ബി.ഐ റിപ്പോർട്ടിനെതിരെ പരാതിക്കാരിക്ക് ഹൈക്കോടതിയെ സമീപിക്കാം. ഈ ഹർജിയിൽ ഉമ്മൻചാണ്ടിയുടെ കുടുംബാംഗങ്ങൾക്കടക്കം കക്ഷിചേരാം. തുടരന്വേഷണത്തിന് ഹൈക്കോടതിക്ക് ഉത്തരവിടാം
3.പരാതി കെട്ടിച്ചമച്ചത് അപകീർത്തിപരമാണെന്ന് ചൂണ്ടിക്കാട്ടി ഉമ്മൻചാണ്ടിയുടെ കുടുംബാംഗങ്ങൾക്ക് മജിസ്ട്രേട്ട് കോടതിയെ സമീപിക്കാം. സി.ആർ.പി.സി 202 പ്രകാരം അന്വേഷണത്തിനും തെളിവെടുപ്പിനും ഉത്തരവിടാം
7വർഷം തടവ് കിട്ടാം
ഉമ്മൻചാണ്ടിക്കെതിരെ 10വർഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് വ്യാജമായി ചമച്ചത്. ഐ.പി.സി 211 പ്രകാരം വ്യാജരേഖ ചമയ്ക്കുന്നത് 7 വർഷം ശിക്ഷ കിട്ടാവുന്ന കുറ്റമാണെന്ന് മുൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ അസഫ് അലി പറഞ്ഞു.
ടി.പി. കേസ് ഏറ്റെടുത്തില്ല
ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ ഗൂഢാലോചനയിൽ സി.ബി.ഐ അന്വേഷണത്തിന് സർക്കാർ വിജ്ഞാപനമിറക്കിയെങ്കിലും സി.ബി.ഐ ഏറ്റെടുത്തില്ല. അന്വേഷിക്കാനാവില്ലെന്ന് ഹൈക്കോടതിയെയും സർക്കാരിനെയും അറിയിച്ചു.
''ഉമ്മൻചാണ്ടിക്കെതിരായ വ്യാജ ആരോപണത്തിൽ അപകീർത്തിയും ക്രിമിനൽ ഗൂഢാലോചനയും (ഐ.പി.സി 120 ബി) നിലനിൽക്കും.
-ജസ്റ്റിസ് ബി.കെമാൽപാഷ
ഹൈക്കോടതി റിട്ട.ജഡ്ജി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |