പൊലീസ് സേനയിൽ അടുത്തിടെയുണ്ടായ രണ്ട് സംഭവങ്ങൾ ഒറ്റപ്പെട്ടതാണെങ്കിലും ഒരു വലിയ രോഗത്തിന്റെ ലക്ഷണമായി കാണാവുന്നതാണ്. രണ്ട് കേസിലും പ്രതിസ്ഥാനത്ത് സർക്കിൾ ഇൻസ്‌പെക്ടർമാരാണ്. ഇവർ കുടുക്കാൻ ശ്രമിച്ചത് സബ് ഇൻസ്‌പെക്ടർമാരെയും. തിരുവനന്തപുരത്ത് മംഗലപുരം സ്റ്റേഷനിലും തൃശൂർ നെടുപുഴയിലുമാണ് വിചിത്ര സംഭവങ്ങൾ നടന്നത്. മംഗലപുരം സ്റ്റേഷനിൽ എസ്.ഐയെ കുടുക്കാൻവേണ്ടി ലോക്കപ്പിൽ കിടന്ന മോഷണക്കേസ് പ്രതിയെ സി.ഐ തുറന്നുവിടുകയാണ് ചെയ്തത്. മംഗലപുരം എസ്.ഐ ആയിരുന്ന അമൃത്‌സിംഗ് നായകത്തെ കുടുക്കാൻ സി.ഐ ആയിരുന്ന എസ്.എൽ. സജീഷാണ് ഈ പണി ചെയ്തത്. കഴിഞ്ഞ ജനുവരിയിൽ നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പ്രതിയെ സി.ഐ തുറന്നുവിടുന്നത് സി.സി.ടിവി ദൃശ്യങ്ങളിൽ വ്യക്തമായതോടെയാണ് കടുവയെ പിടിക്കാൻ ശ്രമിച്ച കിടുവ കുടുങ്ങിയത്. ഇതിന് ആദ്യം നന്ദി പറയേണ്ടത് എല്ലാ പൊലീസ് സ്റ്റേഷനുകളിലും സി.സി.ടിവി ക്യാമറ വയ്ക്കണമെന്ന് ഉത്തരവിട്ട സുപ്രീംകോടതിയോടാണ്. സി.സി.ടിവി ദൃശ്യം തെളിവായി വന്നില്ലായിരുന്നെങ്കിൽ ഇവിടെ സി.ഐ കുടുങ്ങില്ലായിരുന്നു.
തടി മോഷണക്കേസിൽ പിടിയിലായ പ്രതിയെ തുറന്നുവിട്ട സി.ഐ തന്നെ പിറ്റേന്ന് അയാളെ അറസ്റ്റുചെയ്ത് ജേതാവായി. പ്രതി ചാടിപ്പോയതിന്റെ പേരിൽ എസ്.ഐ അമൃത്‌സിംഗിനും പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനും എതിരെ വകുപ്പുതല നടപടിയും എടുത്തിരുന്നു. ഇതിന്റെ ഭാഗമായുള്ള അന്വേഷണത്തിനിടയിലാണ് സി.ഐ തന്നെ മനഃപ്പൂർവം കുടുക്കിയതാണെന്ന് എസ്.ഐ പരാതി നൽകിയത്. പ്രതിക്ക് രക്ഷപ്പെടാൻ സി.ഐ സഹായം നൽകുന്ന സി.സിടിവി ദൃശ്യങ്ങളും പരാതിയോടൊപ്പം ഹാജരാക്കി. അഴിമതിക്ക് കൂട്ടുനിൽക്കാത്തതിനാൽ തന്നെ ദ്രോഹിക്കുക എന്ന ലക്ഷ്യത്തോടെയാണ് സി.ഐ ഇങ്ങനെ ചെയ്തതെന്നാണ് പരാതിയിൽ പറയുന്നത്.
തൃശൂരിലെ നെടുപുഴയിൽ എസ്.ഐ പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചെന്ന് പറഞ്ഞാണ് സി.ഐ കേസെടുത്തത്. മദ്യക്കുപ്പിയും തെളിവായി കണ്ടെത്തിയിരുന്നു. എന്നാൽ ആശുപത്രിയിൽ നടത്തിയ രക്തപരിശോധനയിൽ എസ്.ഐ മദ്യപിച്ചതായി കണ്ടെത്താനായില്ല. തുടർന്ന് എസ്.ഐയുടെ ഭാര്യ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകുകയായിരുന്നു. തുടർന്നുനടന്ന വകുപ്പുതല അന്വേഷണത്തിൽ ഇത് കള്ളക്കേസാണെന്ന് കണ്ടെത്തുകയും ചെയ്തു. അവിടെയും അഴിമതിക്ക് കൂട്ടുനിൽക്കാത്തതിനാണ് തന്നെ കുടുക്കാൻ ശ്രമിച്ചതെന്നാണ് എസ്.ഐ ആരോപിക്കുന്നത്. രണ്ട് പ്രശ്നങ്ങളിലും യഥാർത്ഥ വില്ലൻ അഴിമതിയാണ്. അഴിമതിക്ക് കൂട്ടുനിൽക്കാത്ത സത്യസന്ധരായ ഉദ്യോഗസ്ഥരെ കുടുക്കാൻ ശ്രമിക്കുന്ന ഇത്തരം മേലുദ്യോഗസ്ഥർ പൊലീസ് സേനയ്ക്ക് തന്നെ അപമാനമാണ്. ഇവർക്കെതിരെ പേരിന് വകുപ്പുതല നടപടിയെടുത്തശേഷം മറ്റൊരിടത്ത് കൂടുതൽ അഴിമതി നടത്താനായി കൊണ്ടുപോയി പ്രതിഷ്ഠിക്കുകയല്ല വേണ്ടത്. ഇത്തരക്കാരെ സർവീസിൽനിന്ന് ഉടനടി പിരിച്ചുവിടുന്നതാണ് ഉത്തമം. അത് മറ്റുള്ളവർക്കും ഒരു സന്ദേശമായി മാറും. മോഷ്ടാവിനെ തുറന്നുവിടുന്ന സി.ഐ ഏത് കോണിലൂടെ നോക്കിയാലും പൊലീസ് സേനയിൽ ജോലിചെയ്യാൻ അർഹനല്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |