തിരുവനന്തപുരം: കേരള സമൂഹത്തെ പുതുക്കിപ്പണിയാൻ കേരളകൗമുദിയും പത്രാധിപർ കെ.സുകുമാരനും വഹിച്ച പങ്ക് നിസ്തുലമാണെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. ഇന്നും കേരളത്തിന് പത്രാധിപർ എന്നുപറഞ്ഞാൽ കെ.സുകുമാരൻ മാത്രമാണ്. മതങ്ങൾക്കപ്പുറം മാനവികതയെ ഉയർത്തിപ്പിടിച്ച ശ്രീനാരായണ ഗുരുവിന്റെ ചിന്തകൾക്കൊപ്പം മുന്നോട്ടുപോയ കേരളകൗമുദിയുടെ പ്രസക്തി സമകാലീന ഇന്ത്യയിൽ വർദ്ധിക്കുകയാണ്.
പത്രാധിപർ കെ.സുകുമാരന്റെ 42-ാം ചരമ വാർഷികത്തോടനുബന്ധിച്ച് കേരളകൗമുദി നോൺ ജേർണലിസ്റ്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച അനുസ്മരണയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബ്ദമില്ലാത്തവർക്ക് ശബ്ദമുണ്ടാകണം എന്നതാണ് കേരളകൗമുദിയുടെ പിറവിക്ക് പിന്നിലെ പ്രചോദനം. സ്‌കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ അച്ഛൻ സി.വി.കുഞ്ഞുരാമന്റെ കൈപിടിച്ച് നടന്ന കെ.സുകുമാരൻ എങ്ങനെയാണ് പിൽക്കാലത്ത് പത്രാധിപർ കെ.സുകുമാരനായി രൂപപ്പെട്ടുവന്നതെന്ന് അദ്ദേഹം നടന്ന വഴികളിൽ നിന്ന് വായിച്ചെടുക്കാനാകും.
ജാതിവ്യവസ്ഥ കൊടികുത്തിവാണ കാലത്ത് ആലപ്പുഴയിലെ കാട്ടൂരിൽ ചേർന്ന ഈഴവ സമ്മേളനത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്താൻപോയ സി.വി.കുഞ്ഞുരാമൻ മകനെയും ബോട്ട് യാത്രയിൽ ഒപ്പം കൂട്ടി. പരിപാടി കഴിഞ്ഞ് തിരിച്ചുവരുമ്പോൾ ആലപ്പുഴയിലെ ഒരു നായർ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറി. എന്നാൽ, അകത്തെ മുറിയിലിരുന്ന് ഭക്ഷണം കഴിക്കാൻ പറ്റില്ലെന്നും പുറത്തുള്ള ഓലപ്പുരയിൽ കയറിയിരിക്കാനുമായിരുന്നു ഉടമസ്ഥൻ പറഞ്ഞത്. അത് അംഗീകരിച്ചുകൊടുക്കാതെ ഹോട്ടലിൽ നിന്നും വിശന്ന വയറോടെ ഇറങ്ങിനടന്ന അനുഭവം ആ അച്ഛനിലും മകനിലുമുണ്ടാക്കിയ മാറ്റം പിൽക്കാലത്തെ അവരുടെ നവോത്ഥാന പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജമേകി.
ബോട്ടുജെട്ടിയിലെ കടയിൽ നിന്ന് അച്ഛൻ വാങ്ങി നൽകിയ ചായയും റൊട്ടിയും കഴിച്ച് തിരികെ മടങ്ങുമ്പോൾ ആ സംഭവം സുകുമാരനെ വല്ലാതെ സ്പർശിച്ചു. കേരളത്തിൽ നിലനിന്ന വിവേചനങ്ങൾ അനുഭവിച്ചറിഞ്ഞതാണ് പിൽക്കാലത്ത് കാരിരുമ്പിന്റെ കരുത്തുള്ള പത്രാധിപരെ നമുക്ക് ലഭിക്കുന്നതിന് കാരണമായത്.
വ്യക്തിപരമായി അന്ധവിശ്വാസത്തിനെതിരെ പോരാടിയിരുന്നു കെ.സുകുമാരൻ. മുറപ്പെണ്ണായ മാധവിയെ മുന്നാളുകാരിയായിട്ടും വിവാഹം ചെയ്തു. അത് അന്നത്തെകാലത്ത് വിപ്ലവമായിരുന്നു. പത്രത്തെ സാമൂഹിക മാറ്റത്തിനായി എങ്ങനെ വിനിയോഗിക്കണമെന്നതിലും ഏതെല്ലാം നിലപാടുകൾ ഉയർത്തിപ്പിടിക്കണമെന്നതിലും പത്രാധിപർക്ക് ഉറച്ച ബോദ്ധ്യങ്ങൾ ഉണ്ടായിരുന്നു. ആ നിലപാടുതറയിൽ ഉറച്ചുനിന്നാണ് അദ്ദേഹം പത്രത്തെ നയിച്ചത്. അന്ന് പകർന്നുകിട്ടിയ പത്രാധിപർ എന്നപേര് മരിച്ചതിനുശേഷവും അദ്ദേഹത്തോടൊപ്പമുണ്ട്.
എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി.ശങ്കരദാസ് അദ്ധ്യക്ഷനായി. യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സൻ അനുസ്മരണ പ്രഭാഷണം നടത്തി. കേരളകൗമുദി നോൺ ജേർണലിസ്റ്റ്സ് അസോസിയേഷൻ പ്രസിഡന്റ് വി.ബാലഗോപാൽ സ്വാഗതവും ജനറൽ സെക്രട്ടറി കെ.എസ്.സാബു നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |