മാഞ്ചോലായി: അരിക്കൊമ്പൻ എന്ന കാട്ടാന വീണ്ടും ജനവാസമേഖലയിൽ ഇറങ്ങി. രാവിലെ തമിഴ്നാട് മേഖലയിലെ മാഞ്ചോലയിലെ എസ്റ്റേറ്റിൽ എത്തിയിരുന്നു. രണ്ടായിരത്തോളം തൊഴിലാളികളുള്ള പ്രദേശമാണിത്. ആനയെ തുറന്നുവിട്ട സ്ഥലത്തുനിന്ന് 25കിലോമീറ്റർ അകലെയാണ് അരിക്കൊമ്പൻ ഇപ്പോൾ ഉള്ളത്. കഴിഞ്ഞ ഒരാഴ്ച കൊണ്ടാണ് ഇത്രയും ദൂരം സഞ്ചരിച്ചത്. ആന ഇന്നലെ രാത്രി മാത്രം 10കിലോമീറ്റർ നടന്നുവെന്നാണ് വിവരം. ഇപ്പോൾ ആനയുള്ളത് കുതിരവട്ടിയിലാണ്. കേരളത്തിൽ വരാൻ സാദ്ധ്യതയില്ലെന്ന് തമിഴ്നാട് വനംവകുപ്പ് അറിയിച്ചു.
പതിറ്റാണ്ടുകളായി ചിന്നക്കനാൽ, ശാന്തമ്പാറ പഞ്ചായത്തുകളിലെ സ്ഥിരം ആക്രമണക്കാരിയായ കാട്ടാനകളിലൊന്നാണ് അരിക്കൊമ്പൻ. 30നും നാല്പതിനും ഇടയിൽ പ്രായമുണ്ട് അവന്. കൊമ്പുകൾക്ക് വലിപ്പം കുറവാണെങ്കിലും ഒത്ത ശരീരമുള്ള ആനയാണിത്. വിരിഞ്ഞ മസ്തകമുള്ള അരിക്കൊമ്പന്റെ മുന്നിൽപ്പെട്ടാൽ ഏത് ആനയും ഒന്നു ചൂളും. റേഷൻകടകളും വീടുകളുടെ അടുക്കളകളും പലചരക്കുകടകളും തകർത്ത് അരി അകത്താക്കുന്നതാണ് ശീലം. അങ്ങനെ വീണ പേരാണ് അരിക്കൊമ്പൻ! ചാക്കുകണക്കിന് അരിയും ഗോതമ്പുമൊക്കെയാണ് ഒറ്റപ്രാവശ്യം ആന അകത്താക്കുന്നത്. രണ്ട് പതിറ്റാണ്ടിലേറെയായി മേഖലയിൽ അരിക്കൊമ്പന്റെ ശല്യമുണ്ട്. ചിന്നക്കനാലിലെ ജനവാസമേഖലയായ 301 കോളനിയിലും പരിസരപ്രദേശങ്ങളിലുമാണ് അരിക്കൊമ്പന്റെ പരാക്രമങ്ങളിലേറെയും. ഒരു വർഷത്തിനിടെ ഒമ്പത് തവണയാണ് പന്നിയാർ എസ്റ്റേറ്റിലെ റേഷൻകട തകർത്ത് അരിച്ചാക്കുകൾ പൊട്ടിച്ച് അരി തിന്നുതീർത്തത്. അറുപതിൽപരം വീടുകളും നിരവധി കടകളുമാണ് അരിക്കൊമ്പന്റെ ആക്രമണത്തിൽ തകർന്നിട്ടുള്ളത്. ഏഴ് പേരെ അരിക്കൊമ്പൻ കൊന്നിട്ടുണ്ടെന്നാണ് വനംവകുപ്പ് കോടതിയിൽ നൽകിയ വിവരം. എന്നാൽ പന്ത്രണ്ടിലധികം ആളുകളെ കൊന്നിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |