സഹകരണബാങ്കുകളുടെ മറവിൽ അവിശ്വസനീയമായ തോതിൽ പണം കവരുകയും കള്ളപ്പണം വെളുപ്പിക്കുകയും ചെയ്തവരല്ല, അവരെ കണ്ടെത്താൻ ദിവസങ്ങളായി അദ്ധ്വാനിച്ചുകൊണ്ടിരിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരാണ് വെള്ളംകുടിക്കുന്നത്. നിയമത്തിന്റെ വലയിലാകാതെ രക്ഷപ്പെടാൻ ശ്രമിക്കുന്നവർ അക്ഷരാർത്ഥത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ വട്ടംകറക്കുകയാണ്. കരുവന്നൂർ സഹകരണബാങ്കിൽ നടന്ന അതിഭീമമായ തട്ടിപ്പും തിരിമറികളും സംസ്ഥാന സഹകരണമേഖലയിലെ നിക്ഷേപ സുരക്ഷിതത്വത്തെക്കുറിച്ച് ജനങ്ങളിൽ വലിയ ആശങ്ക ഉയർത്തിയിട്ടുണ്ട്. ബാങ്ക് ഭരണാധികാരികൾ തന്നെയാണ് തട്ടിപ്പുകൾക്കെല്ലാം നേതൃത്വം വഹിക്കുന്നതെന്നാണ് അന്വേഷണങ്ങളിൽ തെളിയുന്നത്. ബിനാമികളും തട്ടിപ്പകാരും ചേർന്ന് നടത്തിക്കൊണ്ടിരുന്ന തട്ടിപ്പുകളുടെ ഒരറ്റം മാത്രമേ പുറത്തുവന്നിട്ടുള്ളൂ എന്നാണ് വിവരം. കരുവന്നൂർ സഹകരണ ബാങ്കിൽ മാത്രം അഞ്ഞൂറുകോടി രൂപയ്ക്കു മുകളിൽ തട്ടിപ്പ് നടന്നെന്നും അന്വേഷണം കൂടുതൽ നേതാക്കളിലേക്ക് എത്തുമെന്നും സൂചനകളുണ്ട്. തിങ്കളാഴ്ച അയ്യന്തോൾ സഹകരണബാങ്ക് ഉൾപ്പെടെ എട്ടിടത്താണ് ഇ.ഡി റെയ്ഡ് നടന്നത്. നേരത്തെ ഉദ്യോഗസ്ഥർ ശേഖരിച്ച തെളിവുകൾക്കു കൂടുതൽ സ്ഥിരീകരണം ലഭിക്കാനായിരുന്നു ഈ റെയ്‌ഡ് പരമ്പര. ബാങ്കുകൾക്കു പുറമെ രേഖകൾ ചമയ്ക്കാൻ സഹായിച്ച ആധാരമെഴുത്തുകാരുടെ മൂന്ന് ഓഫീസുകളിലും കഴിഞ്ഞ ദിവസം പരിശോധനകൾ നടന്നിരുന്നു. കരുവന്നൂർ തട്ടിപ്പിലെ മുഖ്യപ്രതിയെന്നു കരുതുന്നയാൾ നടത്തിയ കള്ളപ്പണ ഇടപാടുകളെക്കുറിച്ച് പുറത്തുവരുന്ന വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. കരുവന്നൂർ ഉൾപ്പെടെ സഹകരണ ബാങ്കുകളിലൂടെ ഇയാൾ വൻ ഇടപാടുകളാണ് നടത്തിയിട്ടുള്ളത്.
സംസ്ഥാനത്തെ സഹകരണബാങ്കുകൾ രാജ്യത്തിനാകെ മാതൃകയായിരുന്നു. രാഷ്ട്രീയാതിപ്രസരം പിടിമുറുക്കിയപ്പോഴും സഹകരണപ്രസ്ഥാനത്തിന് ജനങ്ങൾക്കിടയിൽ വലിയ സ്ഥാനമുണ്ട്. കൈയെത്തും ദൂരത്തുള്ള സ്വന്തം ധനകാര്യസ്ഥാപനമെന്ന നിലയിൽ ഓരോ സഹകരണബാങ്കും അവരുടെ മനസ്സുകളിൽ ലബ്ധപ്രതിഷ്ഠ നേടിയിട്ടുണ്ട്. ഇന്നും ഉന്നത പാരമ്പര്യം നിലനിറുത്തുന്ന സഹകരണ ബാങ്കുകൾ നിരവധിയാണ്. എന്നാൽ കരുവന്നൂർ ഉൾപ്പെടെയുള്ള സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകൾ ജനങ്ങളെ പൊതുവേ ആശങ്കയിലാക്കിയിട്ടുണ്ട്. അംഗങ്ങളുടെ പേരിൽ വ്യാജ അപേക്ഷകൾവച്ച് ഭരണസമിതി വിചാരിച്ചാൽ കോടികൾ തട്ടിയെടുക്കാനാവുമെന്ന് അറിയുമ്പോൾ ആർക്കാണ് മനസമാധാനത്തോടെ ഉറങ്ങാനാവുക. കാര്യങ്ങൾ ഇപ്പോഴത്തെ നിലയിൽ വഷളായതിനു കാരണങ്ങൾ പലതാണ്. അതിൽ പ്രധാനം രാഷ്ട്രീയതലത്തിൽ ലഭിക്കുന്ന സംരക്ഷണം തന്നെ. സഹകരണബാങ്കുകളെ സ്വന്തം സ്ഥാപനങ്ങളെന്ന നിലയിൽ കണക്കാക്കുകയും വഴിവിട്ട സകല നടപടികൾക്കും അവയെ കരുക്കളാക്കുകയും ചെയ്താൽ ഫലമെന്തായിരിക്കുമെന്ന് ഈ സംഭവങ്ങൾ സാക്ഷ്യപ്പെടുത്തും.
സംസ്ഥാനത്തെ പൊതുമേഖലാ ബാങ്കുകൾക്കൊപ്പം ഉയർന്ന നിക്ഷേപമുള്ളവയാണ് സഹകരണബാങ്കുകൾ. അടിക്കടി വന്നുകൊണ്ടിരിക്കുന്ന തട്ടിപ്പുവാർത്തകൾ നിക്ഷേപകരെ അവയിൽനിന്ന് അകറ്റിയാൽ ഉണ്ടാകുന്ന പ്രത്യാഘാതം സർക്കാർ മനസ്സിലാക്കണം. ജനങ്ങൾ അദ്ധ്വാനിച്ചുണ്ടാക്കിയ പണമാണ് സഹകരണ ബാങ്കുകളുടെ ആസ്തി. വിശ്വാസ്യതയ്ക്ക് കോട്ടം സംഭവിച്ചാൽ ഏതു ധനകാര്യസ്ഥാപനവും തകരും. അതിനിടവരുത്താതെ കുറ്റവാളികളെ എല്ലാവരെയും നീതിപീഠത്തിനു മുന്നിലെത്തിക്കാൻ ഇ.ഡിക്കൊപ്പം സർക്കാരും മുൻകൈയെടുക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |