ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധത്തിൽ കരിനിഴൽ വീണിരിക്കുകയാണ്. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കിയതിനു തിരിച്ചടിയായി, കനേഡിയൻ നയതന്ത്ര പ്രതിനിധിയെ ഇന്ത്യയും പുറത്താക്കി. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തികച്ചും വഷളായിരിക്കുകയാണ്. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ കാനഡയിലെ ഗുരുദ്വാരയ്ക്കു മുന്നിൽ വെടിയേറ്റു മരിച്ചിരുന്നു. കൊലയാളികളെ പിടികൂടാൻ കാനഡയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാൽ ഈ സംഭവത്തിന്റെ ഉത്തരവാദിത്വം ഇന്ത്യയുടെ തലയിൽ കെട്ടിവച്ചുകൊണ്ടുള്ള തികച്ചും നിരുത്തരവാദപരമായ പ്രസ്താവനയാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നടത്തിയത്. സംഭവത്തിനു പിന്നിൽ ഇന്ത്യയാണെന്ന് ബോദ്ധ്യപ്പെടുത്തുന്ന ഒരു തെളിവും ട്രൂഡോ ലോകത്തിനു മുന്നിൽ വെളിപ്പെടുത്തിയിട്ടുമില്ല. പകരം ഖാലിസ്ഥാൻ വാദികളുടെ ആരോപണം അക്ഷരംപ്രതി ആവർത്തിക്കുകയാണ് ട്രൂഡോ ചെയ്തത്.
കാനഡ ഏറ്റവുമധികം സൗഹൃദം പുലർത്തുന്ന രാജ്യമാണ് അമേരിക്ക. മറ്റൊരു രാജ്യത്ത് ഒളിച്ചിരുന്ന ഭീകരനെ സ്വന്തം ഭടന്മാരെ അയച്ച് കൊലപ്പെടുത്തിയ രാജ്യമാണ് അമേരിക്ക. അതിനെതിരെ ഒരക്ഷരം പോലും ഇതുവരെ കാനഡ ഉരിയാടിയിട്ടില്ല. ഇപ്പോൾ ഇന്ത്യയ്ക്കെതിരെ നടത്തുന്ന കാനഡയുടെ ഈ ഹാലിളകൽ ഇരട്ടത്താപ്പ് മാത്രമാണ്. പത്തുലക്ഷത്തോളം സിക്ക് വംശജർ ഇപ്പോൾ കാനഡയിൽ വസിക്കുന്നുണ്ട്. ഇതിൽ ഖാലിസ്ഥാൻ വാദത്തെ പിന്തുണയ്ക്കുന്ന വലിയൊരു വിഭാഗമുണ്ട്. ഇവർക്ക് ഇന്ത്യയ്ക്കെതിരെ പ്രവർത്തിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും അനുവദിച്ചിരിക്കുന്ന രാജ്യമാണ് കാനഡ. ഇത് മറച്ചുവച്ചാണ് അവർ ഇപ്പോൾ ഇന്ത്യയ്ക്കെതിരെ ആക്രോശം നടത്തുന്നത്. ഇതുകണ്ട് വിരളുന്ന ഇന്ത്യയല്ല മോദി ഭരിക്കുന്ന ഇന്നത്തെ ഇന്ത്യ. ലോകത്തെ ഏറ്റവും വലിയ സമ്പദ് ശക്തികളിലൊന്നായ ചൈന വിരട്ടിയിട്ട് നടക്കുന്നില്ല; പിന്നല്ലേ കാനഡ!
കാനഡയുടെ വാദങ്ങൾ പൂർണമായും തള്ളിയ ഇന്ത്യ കനേഡിയൻ ഹൈക്കമ്മിഷണർ കാമറോണിനെ വിദേശകാര്യമന്ത്രാലയ ഓഫീസിൽ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു. ഇതിനു പിന്നാലെ കാനഡയുടെ ഇന്റലിജൻസ് സർവീസ് തലവൻ ഒലിവർ സിൽവസ്‌റ്ററിനെ പുറത്താക്കുകയും ചെയ്തു. അഞ്ചു ദിവസത്തിനകം രാജ്യംവിടാനാണ് നിർദ്ദേശം.
ഇന്ത്യയുടെ അന്വേഷണ ഏജൻസി പത്തുലക്ഷം രൂപ തലയ്ക്കു വിലയിട്ട ഭീകരനാണ് കൊല്ലപ്പെട്ട ഖാലിസ്ഥാൻ ടൈഗർ ഫോഴ്സ് തലവൻ ഹർദീപ് സിംഗ് നിജ്ജാർ. ഭീകരരെ വിലസാൻ അനുവദിക്കുന്ന രാജ്യങ്ങൾക്കെതിരെ ഒടുവിൽ അവർ തന്നെ തിരിയുമെന്നതാണ് ഇതുവരെയുള്ള ചരിത്രപാഠം. നാളെ കാനഡയുടെ അവസ്ഥയും മറ്റൊന്നാകാൻ സാദ്ധ്യതയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |