ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ നിന്നുള്ള കായികതാരങ്ങൾക്ക് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാനുള്ള അവസരം നിഷേധിച്ച ചൈനയുടെ നടപടിയിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ. ചൈനയിലേക്ക് സന്ദർശനം നടത്താനിരുന്ന കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂർ യാത്ര റദ്ദാക്കി. കേന്ദ്ര സർക്കാർ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുടെ പ്രതിഷേധം അറിയിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രമന്ത്രി യാത്ര റദ്ദാക്കിയത്.
'അരുണാചൽ പ്രദേശിൽ നിന്നും ചില കായികതാരങ്ങളോട് ചൈനീസ് അധികാരികൾ വിവേചനം കാണിച്ചെന്നും ഇത് മുൻകൂട്ടി നിശ്ചയിച്ചതാണെന്നും കേന്ദ്ര സർക്കാർ പുറത്തിക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു. അരുണാചൽ പ്രദേശിൽ നിന്നുള്ള കായികതാരങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കാനുള്ള അംഗീകാരം നിഷേധിക്കുകയാണ് ചൈന ചെയ്തതെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.
വാസസ്ഥലത്തിന്റെയും വംശീയതയുടെയും പേരിൽ വിവേചനം കാണിക്കുന്ന ചൈനയുടെ നടപടി പൂർണമായും തള്ളുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ജി അറിയിച്ചു. അരുണാചൽ പ്രദേശ് ഇപ്പോഴും ഇന്ത്യയുടെ ഭാഗമാണ്. കായിക താരങ്ങളെ തിരഞ്ഞെടുക്കുന്നതിൽ ചൈന കാണിക്കുന്ന വിവേചനത്തിനെതിരെ ബീജിംഗിലും ഡൽഹിയിലും ശക്തമായ പ്രതിഷേധം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, അരുണാചൽ പ്രദേശുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രകോപനമുണ്ടാക്കുന്ന നടപടി ചൈനയുടെ ഭാഗത്ത് നിന്ന് നേരത്തെ ഉണ്ടായിരുന്നു. അരുണാചൽ പ്രദേശും അക്സായി ചിൻ പ്രദേശവും ഉൾപ്പെടുത്തി പുതിയ സ്റ്റാൻഡേർഡ് ഭൂപടം ചൈന കഴിഞ്ഞ മാസം പുറത്തിറക്കിയിരുന്നു. ഭൂപടത്തിൽ ദക്ഷിണ ചൈന ടിബറ്റ് എന്ന് ചൈന അവകാശപ്പെടുന്ന അരുണാചൽ പ്രദേശും 1962ലെ യുദ്ധത്തിൽ അക്സായ് ചിൻ തങ്ങളുടെ പ്രദേശത്തിന്റെ ഭാഗമായി കൈവശപ്പെടുത്തിയതും അവർ ഭൂപടത്തിൽ രേഖപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |