പ്രകടനപത്രികകളിൽ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യാത്ത രാഷ്ട്രീയകക്ഷികളില്ല. എന്നാലിത് ശരിയായ രീതിയിൽ പാലിക്കപ്പെടാറില്ല. പി.എസ്.സി വഴിയുള്ള സ്ഥിരനിയമനം ഉയർത്തുമെന്നും അഭ്യസ്തവിദ്യരായ തൊഴിൽരഹിതർക്ക് കൂടുതൽ അവസരം നൽകുമെന്നും ഇടതുപക്ഷമുന്നണി ആവർത്തിച്ച് വാഗ്ദാനം ചെയ്തിരുന്നതാണെങ്കിലും രണ്ടാം എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് പി.എസ്.സി വഴിയുള്ള സർക്കാർ ജോലികളുടെ എണ്ണം കുത്തനെ കുറയുന്നതായാണ് പി.എസ്.സിയുടെ തന്നെ കണക്കുകൾ വ്യക്തമാക്കുന്നത്. നൂറുകണക്കിന് ഒഴിവുകളിലേക്കുള്ള നിരവധി റാങ്ക് ലിസ്റ്റുകൾ നിലനിൽക്കുമ്പോഴാണ് ഈ അവസ്ഥ. സാധാരണ ഓരോ വർഷവും 35,000ത്തോളം നിയമനങ്ങൾ നടക്കുന്നതാണ്. എന്നാൽ ഇക്കൊല്ലം ഇതുവരെ നടന്നത് 15,144 നിയമനങ്ങൾ മാത്രം. 2016ൽ 37,530 നിയമനങ്ങളും 2019ൽ 35,422 നിയമനങ്ങളും നടന്നിരുന്നു.
ഇക്കൊല്ലം ശേഷിക്കുന്ന മൂന്ന് മാസത്തിനിടെ എത്ര ശ്രമിച്ചാലും മുപ്പതിനായിരം നിയമനം തികയ്ക്കാനാവുമെന്ന് തോന്നുന്നില്ല. ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് ഏറ്റവും കൂടുതൽ നിയമനങ്ങൾ നടന്നതെന്ന വസ്തുത നിഷേധിക്കാനാവില്ല. അന്ന് 1.61 ലക്ഷം നിയമനങ്ങളാണ് നടന്നത്. മുപ്പതിനായിരത്തോളം പുതിയ തസ്തികകൾ സൃഷ്ടിക്കപ്പെടുകയും ചെയ്തിരുന്നു. യുവജനങ്ങൾക്ക് കൂടുതൽ നിയമനങ്ങൾ നൽകാൻ കഴിഞ്ഞതാണ് രണ്ടാം പിണറായി സർക്കാരിന്റെ വരവിന് വഴിയൊരുക്കിയെന്ന് ഇടതുപക്ഷം തന്നെ വിലയിരുത്തിയിരുന്നതാണ്. അതിനാൽത്തന്നെ യുവജനങ്ങൾ രണ്ടാം വരവിൽ കൂടുതൽ തൊഴിലവസരങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. കൊവിഡ് സൃഷ്ടിച്ച വികസനതടസം കണക്കിലെടുത്താൽപോലും ഇപ്പോഴത്തെ തൊഴിലവസരങ്ങളുടെ തോത് തുലോം കുറവാണ്. കരാർ നിയമനങ്ങളുടെ ആധിക്യവും റിട്ടയർ ചെയ്തവർക്ക് അവസരങ്ങൾ നൽകുന്നതും തങ്ങളുടെ അവസരങ്ങൾ കുത്തനെ കുറയ്ക്കുന്നതായി യുവജന സംഘടനകൾ ആരോപിക്കുന്നു. സർവകലാശാലകളിൽ എഴുപത് കഴിഞ്ഞ റിട്ടയേർഡ് അദ്ധ്യാപകരെ ഗസ്റ്റ് ലക്ചറർമാരായി നിയമിക്കാനുള്ള ഉത്തരവ് യുവജന സംഘടനകളുടെ ശക്തമായ എതിർപ്പ് കാരണം സർക്കാരിന് അടുത്തിടെ പിൻവലിക്കേണ്ടിവന്നിരുന്നു. ഗവേഷണബിരുദം വരെ നേടിയ യോഗ്യരായ നിരവധി ചെറുപ്പക്കാർ ജോലിയില്ലാതെ നിൽക്കുമ്പോൾ എഴുപത് കഴിഞ്ഞവർക്ക് വീണ്ടും അവസരം നൽകുന്നതിനെയാണ് അവർ എതിർത്തത്. ഇതിൽ കഴമ്പുണ്ടെന്ന് വിലയിരുത്തിയാണ് സർക്കാർ മുൻ ഉത്തരവ് പിൻവലിച്ചത്.
കരാർ നിയമനങ്ങൾ പരിധി വിടുമ്പോൾ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നത് കുറയുകയും റാങ്ക് ലിസ്റ്റുകളിൽ നിന്നുള്ള നിയമനം നീണ്ടുപോകുകയും ചെയ്യും. ഇത് അഭിലഷണീയമല്ല. രണ്ടാം പിണറായി സർക്കാർ ആദ്യവർഷം 35,422 നിയമനങ്ങൾ നടത്തിയെങ്കിലും തുടർന്നുള്ള വർഷങ്ങളിൽ നിയമനങ്ങൾ ഗണ്യമായി കുറഞ്ഞുവരുന്നു. ഏറ്റവുമധികം റിട്ടയർമെന്റുകൾ ഉണ്ടാകുന്ന മാർച്ച് - മേയ് മാസങ്ങൾ കഴിഞ്ഞിട്ടും നിയമനത്തിൽ പുരോഗതിയില്ലാത്തതിന്റെ ആശങ്കയിലാണ് ഉദ്യോഗാർത്ഥികൾ. സർക്കാരിന്റെ സാമ്പത്തികസ്ഥിതി മോശമായതിനാൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതും നിയമന ശുപാർശകൾ നൽകുന്നതും മനഃപൂർവം വൈകിക്കുകയാണെന്ന ആക്ഷേപവും നിലവിലുണ്ട്. കുറെ വർഷങ്ങളുടെ കണക്കെടുത്താൽ ഏറ്റവും കുറവ് നിയമനം നടന്നത് 2022ലാണ്. 22,393 പേർക്ക് മാത്രമാണ് കഴിഞ്ഞവർഷം നിയമനം ലഭിച്ചത്. അത്രയും പേർക്കേ ഈ വർഷവും നിയമനം ലഭിക്കൂ എന്നാണ് ഉദ്യോഗാർത്ഥികൾ പറയുന്നത്. അതിനാൽ പി.എസ്.സി വഴിയുള്ള സ്ഥിര നിയമനം വർദ്ധിപ്പിക്കാൻ സർക്കാർ കർശന തീരുമാനമെടുക്കണം. കരാർ നിയമനങ്ങൾ ലഭിക്കുന്നത് പാർട്ടി പ്രവർത്തകർക്കും സഹായികൾക്കും മാത്രമാണ്. എന്നാൽ പി.എസ്.സി വഴിയുള്ള നിയമനം അങ്ങനെയല്ല. എല്ലാവിഭാഗം ജനങ്ങളിലും യോഗ്യരായവർക്ക് ലഭിക്കുന്ന അവസരമാണത്. അക്കാര്യം സർക്കാർ വിസ്‌മരിക്കരുത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |