ഇടുക്കി: കാലവർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഇടുക്കി അണക്കെട്ടിൽ അവശേഷിക്കുന്നത് സംഭരണശേഷിയുടെ 35ശതമാനം ജലം മാത്രം. 2336.42 അടിയാണ് ജലനിരപ്പ്. മുൻ വർഷത്തേക്കാൾ 50 അടിയിലേറെ കുറവാണിത്. കഴിഞ്ഞ വർഷം ഇതേ സമയം 2386.96 അടിയായിരുന്നു ജലനിരപ്പ്, 82 ശതമാനം.
സംസ്ഥാനത്ത് ഒരു വർഷം ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന ജലവൈദ്യുതിയുടെ 66 ശതമാനവും ലഭിക്കുന്നത് ഇടുക്കിയിൽ നിന്നാണ്. ജലനിരപ്പ് കുറഞ്ഞത് സമീപ ഭാവിയിൽ വൈദ്യുതി പ്രതിസന്ധിക്കിടയാക്കുമെന്ന ആശങ്ക കെ.എസ്.ബിക്കുണ്ട്.
ഇത് മുന്നിൽക്കണ്ട് ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂലമറ്റം അടക്കമുള്ള ജലവൈദ്യുത പദ്ധതികളിൽ ഉത്പാദനം കുറച്ചിരിക്കുകയാണ്.
ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വൈദ്യുതി ഉത്പാദനമാണ് ഇപ്പോൾ ഇടുക്കിയിൽ നടക്കുന്നത്. ഈ മാസം ഇതുവരെ 34.696 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമാണ് മൂലമറ്റത്ത് ഉത്പാദിപ്പിച്ചത്.
ആറ് ജനറേറ്ററുകളിൽ ഒരെണ്ണം വാർഷിക അറ്റകുറ്റപ്പണിയിലാണ്. എല്ലാ ജനറേറ്ററുകളും പ്രവർത്തിപ്പിച്ചാൽ ഒരു ദിവസം 18.75 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഇടുക്കിയിൽ നിന്ന് മാത്രം ഉത്പാദിപ്പിക്കാനാകും.
അതേസമയം, പുറംവൈദ്യുതി ലഭിക്കുന്നതിനാൽ ജലവൈദ്യുത പദ്ധതികളിൽ നിന്നുള്ള ഉത്പാദനം നിജപ്പെടുത്തിയിരിക്കുകയാണ്.
കെ.എസ്.ഇ.ബിക്ക് കീഴിലുള്ള മറ്റ് അണക്കെട്ടുകളിലും ശരാശരി 45 ശതമാനം ജലം മാത്രമാണുള്ളത്.
മഴക്കുറവ് 55 ശതമാനം
സംസ്ഥാനത്ത് ഈ സീസണിൽ ഏറ്റവും കുറവ് മഴ ലഭിച്ച ജില്ലകളിലൊന്നാണ് ഇടുക്കി. 55 ശതമാനം മഴക്കുറവാണ് ജില്ലയിലുള്ളത്. 2481 മില്ലി മീറ്റർ മഴ കിട്ടേണ്ട സ്ഥാനത്ത് 1112.3 മില്ലി മീറ്റർ മാത്രമാണ് ലഭിച്ചത്. ഹൈറേഞ്ച് മേഖലകളിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് കാലവർഷത്തിന്റെ രണ്ടാം പാതിയിലാണ്.
സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട്ടിലാണ് - 56 ശതമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |