തിരുവനന്തപുരം: ഓൺലൈൻ ലോൺ തട്ടിപ്പിന് നിരവധിപേർ ഇരയാവുന്ന സാഹചര്യത്തിൽ റിസർവ് ബാങ്കിന്റെ അംഗീകാരമില്ലാത്ത 72 ലോൺ ആപ്പുകളും വെബ്സൈറ്റുകളും പൂട്ടിക്കാൻ പൊലീസ് നടപടി തുടങ്ങി. സൈബർ ഓപ്പറേഷൻസ് എസ്.പി ഹരിശങ്കർ ഇതിനായി ഗൂഗിളിനും ഡൊമൈൻ രജിസ്ട്രാർക്കും നോട്ടീസ് നൽകി.
കേരള പൊലീസിന്റെ ആവശ്യപ്രകാരം നൂറിലേറെ ലോൺ ആപ്പുകൾ കുറച്ചുനാൾ മുമ്പ് ഗൂഗിൾ നീക്കം ചെയ്തിരുന്നു. കൂടുതൽ ആപ്പുകൾ നിരീക്ഷണത്തിലാണെന്ന് സൈബർ പൊലീസ് അറിയിച്ചു.
കൊച്ചിയിൽ ഓൺലൈൻ ലോൺ തട്ടിപ്പിന് ഇരയായ കുടുംബത്തിലെ നാലുപേർ അടുത്തിടെയാണ് ആത്മഹത്യ ചെയ്തത്. ഈ പശ്ചാത്തലത്തിലാണ് പൊലീസിന്റെ ഇടപെടൽ.
കുറഞ്ഞ പലിശ നിരക്കിൽ ലോൺ നൽകാമെന്ന തട്ടിപ്പിൽ ഇരയാകുന്നത് സാധാരണക്കാരാണ്. ആദ്യം ചെറിയ തുക ലഭിക്കുമെങ്കിലും പലിശ വർദ്ധിപ്പിച്ച് തിരിച്ചടയ്ക്കാതാകുമ്പോൾ ഭീഷണിപ്പെടുത്തും. ആധാർ വിവരങ്ങൾ ഉപയോഗിച്ചുള്ള ആൾമാറാട്ടത്തിനും സാദ്ധ്യതയുണ്ട്. മിക്ക ലോൺ ആപ്പുകളും ചൈനീസ് കമ്പനികളുടേതാണ്.
പരാതി 600 കടന്നു
ഓൺലൈൻ ലോൺ തട്ടിപ്പ് അറിയിക്കൻ വ്യാഴാഴ്ച നിലവിൽ വന്ന പൊലീസിന്റെ വാട്ട്സാപ്പ് നമ്പറായ 9497980900ൽ ലഭിച്ചത് 600ലേറെ പരാതികൾ. വോയ്സ്,ടെക്സ്റ്റ്, ഫോട്ടോ എന്നിവയിലൂടെ പരാതിപ്പെടാം. പരാതി വിലയിരുത്തി പൊലീസ് തിരികെ വിളിക്കും.
ഐ.ടി മന്ത്രാലയവും
നിർദ്ദേശം നൽകി
അനധികൃതമായ ഡേറ്റിംഗ്,ഗെയിം ആപ്പുകൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും നിന്ന് നീക്കണമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി മന്ത്രാലയം കഴിഞ്ഞയാഴ്ച നിർദ്ദേശിച്ചിരുന്നു.
ഓൺലൈൻ റമ്മി കളിച്ച് അടുത്തിടെ ഇടുക്കിയിൽ ഹോട്ടൽ ജീവനക്കാരൻ ആത്മഹത്യ ചെയ്തിരുന്നു. ഫ്രീ ഫയർ, കാൾ ഒഫ് ഡ്യൂട്ടി, ബാറ്റിൽ മൊബൈൽ ഗ്രൗണ്ട് പോലുള്ള ആക്ഷൻ ഗെയിമുകൾക്ക് അടിപ്പെടുന്നവർ അതിലെ ഹീറോകൾക്ക് തോക്കും ജാക്കറ്റും വാഹനവും വാങ്ങാൻ ലക്ഷങ്ങളാണ് ഗെയിം കമ്പനികൾക്ക് നൽകുന്നത്. ഒരുവട്ടം പണം നൽകിയാൽ മാസം തോറും ഒ.ടി.പി പോലും വരാതെ പണം അവർ ചോർത്തിയെടുക്കുകയും ചെയ്യും.
പൊലീസ് വിലക്കുന്ന
ലോൺ ആപ്പുകൾ
കൂൾ ക്യാഷ്
സാലറി ഡേ
റാപ്പിഡ് റുപ്പീ
ഫൈബ്
റുപ്പീ പ്രോ
ക്രെഡിറ്റ് ബീ
( ഇവ അടക്കം 72 ആപ്പുകളാണ് വിലക്കാൻ പാെലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. )
സൈബർ ഹെല്പ് ലൈൻ 1930
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |