കൊച്ചി: ആഗോള കമ്പനിയിൽ നിക്ഷേപം നടത്തി വൻലാഭം കൊയ്യാമെന്നു വിശ്വസിപ്പിച്ച് ട്രേഡിംഗ് ആപ്പിലൂടെ വൻ തട്ടിപ്പ്. കൊച്ചിയിൽ 900 ലധികം പേരുടെ പണം "ആവിയായി ". ഒരു ലക്ഷം രൂപ മുതൽ 50 ലക്ഷം രൂപ വരെ നിക്ഷേപിച്ചവരുണ്ടെന്നാണ് സൂചന. ആപ്പിൽ നിക്ഷേപിച്ച നാലുലക്ഷംരൂപ നഷ്ടമായെന്നുകാട്ടി ചേരാനെല്ലൂർ സ്വദേശി ഡി.ജി.പിക്ക് പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കൊച്ചി സിറ്റിയിലെ വിവിധ സ്റ്റേഷനുകളിൽ സമാന പരാതികൾ ലഭിച്ചിട്ടുണ്ട്. നിക്ഷേപകരുടെ വാട്ട്സ് ആപ്പ് കൂട്ടായ്മയിൽ 900ലേറെപ്പേരുണ്ട്. ഇതിൽ നിന്നാണ് ഇത്രയും പേർ തട്ടിപ്പിന് ഇരയായെന്ന് തിരിച്ചറിഞ്ഞത്. ഇത്രയും പേരിൽ നിന്നായി കോടിക്കണക്കിന് രൂപ തട്ടിയെടുത്തു.
കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആപ്പിന്റെ ബുദ്ധികേന്ദ്രം ആലപ്പുഴ സ്വദേശിയാണ്. ഇയാളും കൂട്ടാളികളും ഒളിവിലാണ്.
ക്രൂഡ് ഓയിൽ, സ്വർണം, പ്ലാറ്റിനം എന്നിവ വൻതോതിൽ വാങ്ങുന്ന കാനഡ കേന്ദ്രീകരിച്ചുള്ള ആഗോളസ്ഥാപനമെന്നാണ് നിക്ഷേപകരെ വിശ്വസിപ്പിച്ചത്. പണം നഷ്ടമായവരിൽ പലരും പരിചയക്കാർ വഴി കാനഡയിൽ നടത്തിയ അന്വേഷണത്തിൽ ഇങ്ങനെയൊരു കമ്പനി ഇല്ലെന്ന് കണ്ടെത്തി.
• ആദ്യം വായ്പ വാഗ്ദാനം
ചെറുകിട വായ്പ ലഭ്യമാണെന്ന് പരസ്യം നൽകിയാണ് ആളുകളെ ആകർഷിക്കുന്നത്.
സ്ത്രീകളടക്കം ഏജന്റുമാരുണ്ട്. താല്പര്യം കാട്ടുന്നവരെ സംരംഭ ക്ലാസുകളിലേക്ക് ക്ഷണിക്കും. അവിടെവച്ചാണ് ആപ്പ് പരിചയപ്പെടുത്തുന്നത്. സ്വർണം, ക്രൂഡ് ഓയിൽ, പ്ലാറ്റിനം തുടങ്ങിയവ വാങ്ങി മറിച്ചുവില്ക്കുന്ന കമ്പനിയായതിനാൽ വൻ ലാഭം കിട്ടുമെന്ന് വിശ്വസിപ്പിക്കും. പണംനിക്ഷേപിച്ച് മൂന്നാംദിവസം ട്രേഡിംഗ് നഷ്ടമാണെന്നും കൂടുതൽ പണം നൽകിയില്ലെങ്കിൽ നിക്ഷേപത്തുക നഷ്ടമാകുമെന്നും മെസേജ് വന്നപ്പോഴാണ് തട്ടിപ്പിന് ഇരയായതെന്ന് തിരിച്ചറിഞ്ഞത്.
#പ്ലേസ്റ്റോറിൽ
ഒരാഴ്ച മാത്രം
പ്ലേസ്റ്റോറിൽ ലഭ്യമായിരുന്ന ആപ്പ് ഒരാഴ്ചമാത്രമേ പ്രവർത്തിച്ചിട്ടുള്ളൂ. അതിനുള്ളിലാണ് തട്ടിപ്പത്രയും നടത്തിയത്. പിന്നാലെ പ്ലേസ്റ്റോറിൽനിന്ന് കമ്പനിതന്നെ പിൻവലിച്ചു. ആപ്പിനെക്കുറിച്ചും തട്ടിപ്പിന്റെ സൂത്രധാരനെക്കുറിച്ചും രഹസ്യാന്വേഷണവിഭാഗം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
മണിചെയിൻ മാതൃകയിലാണ് തട്ടിപ്പെന്ന് സൂചന. ആപ്പിന്റെ ഉടമയെ വൈകാതെ അറസ്റ്റ് ചെയ്യും
സിബി ടോം,
എസ്.എച്ച്.ഒ,
കടവന്ത്ര.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |