കൊച്ചി: എറണാകുളം കുമ്പളങ്ങി കടവിപ്പറമ്പിൽ കെ.വി.പീറ്റർ കെട്ടുവള്ളത്തിന്റെ പണിക്കിറങ്ങുമ്പോൾ വയസ് 13. വിശ്വകർമ്മദിനത്തിൽ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്ന് പി.എം വിശ്വകർമ്മ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുമ്പോൾ പ്രായം 53. പരമ്പരാഗത ബോട്ട് നിർമ്മാതാവാണ് പീറ്റർ.
പ്രധാനമന്ത്രിയെ നേരിൽ കാണാനായതിന്റെ സന്തോഷത്തിലാണ് പീറ്റർ. പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസയും നേർന്നു. നിറഞ്ഞ ചിരിയോടെ ചേർത്തുനിറുത്തി വിശേഷങ്ങൾ തിരക്കിയാണ് പ്രധാനമന്ത്രി സർട്ടിഫിക്കറ്റ് നൽകിയത്. പരിപാടിക്ക് പരിഗണിക്കുന്നുവെന്ന് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരും തദ്ദേശസ്ഥാപന ജീവനക്കാരും അറിയിച്ചിരുന്നു. ഗൂഗിൾ മീറ്റിലും പങ്കെടുത്തു. യാത്രാച്ചെലവും മറ്റ് സൗകര്യങ്ങളും കേന്ദ്രമാണ് നൽകിയത്.
വള്ളം നിർമ്മാണത്തിൽ പ്രശസ്‌തനായിരുന്ന പിതാവ് വക്കച്ചനിൽ നിന്നാണ് പീറ്റർ വിദ്യ പഠിച്ചത്. 16-ാം വയസു മുതൽ സ്വന്തമായി വള്ളമുണ്ടാക്കുന്നു. കെട്ടുവള്ളങ്ങളും മത്സ്യബന്ധന വള്ളങ്ങളുമുൾപ്പെടെ 350ലേറെ എണ്ണം നിർമ്മിച്ചു. വീട്ടുമുറ്റത്തും സമീപത്തെ രണ്ടുകേന്ദ്രങ്ങളിലുമായാണ് നിർമ്മാണം. കുസാറ്റ് സർവകലാശാലയിൽ പരമ്പരാഗത തൊഴിലുകൾ സംബന്ധിച്ച് വിദ്യാർത്ഥികളെ പഠിപ്പിക്കാൻ അധികൃതർ പീറ്ററിനെ ക്ഷണിച്ചിരിക്കുകയാണ്.
ഭാര്യ ജോണാമ്മ ഹരിതകർമ്മ സേനാംഗമാണ്. മക്കൾ: പ്ലസ്‌വൺ വിദ്യാർത്ഥി അമൽ വർഗീസ്, പത്താംക്ലാസുകാരി ആൻമേരി.
35,000 മുതൽ ഒന്നരലക്ഷം വരെ
ആറുപേർക്ക് ഇരിക്കാവുന്ന ചെറുവള്ളങ്ങളും 20 ടണ്ണുള്ള വലിയ വള്ളങ്ങളുമാണ് പീറ്റർ നിർമ്മിക്കുന്നത്. ആഞ്ഞിലി, പുന്ന മരങ്ങളാണ് ഉപയോഗിക്കുന്നത്. ചെറുതിന് 35,000 രൂപവരെ ചെലവാകും. വലുതിന് ഒന്നരലക്ഷം രൂപയും. രണ്ട് ലക്ഷംവരെ വിലയ്ക്ക് വിൽക്കും.
'ഓർമ്മവച്ച കാലംമുതൽ കോൺഗ്രസ് പ്രവർത്തകനാണ്. പക്ഷേ പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടും ഇടപെടലും ഏറെ ആകർഷിച്ചു. നേട്ടത്തിൽ ഒരുപാട് സന്തോഷം.
- കെ.വി.പീറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |