652 പേരുമായി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കായിക സംഘത്തെ ഹ്വാംഗ്ചോയിലേക്ക് അയച്ചിരിക്കുന്ന ഇന്ത്യ മെഡൽവേട്ടയിലും മികവ് പ്രതീക്ഷിക്കുന്നു. അഞ്ചുവർഷം മുമ്പ് ജക്കാർത്തയിൽ 16 സ്വർണവും 23 വെള്ളിയും 31 വെങ്കലവുമടക്കം 70 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയിരുന്നത്. ഇക്കുറി ഇതിലുമധികം മെഡലുകൾ നേടാനുള്ള മുന്നൊരുക്കവുമായാണ് ഇന്ത്യ എത്തിയി
രിക്കുന്നത്.
ഇവർ മെഡൽ പ്രതീക്ഷ
1. നീരജ് ചോപ്ര - ജാവലിൻ ത്രോ
ഒളിമ്പിക് ചാമ്പ്യനും ലോക ചാമ്പ്യനുമായ നീരജ് ചോപ്രതന്നെയാണ് നിലവിലെ ഏഷ്യൻ ഗെയിംസ് ചാമ്പ്യനും. 2018ൽ ഇന്തോനേഷ്യയിലെ സ്വർണനേട്ടത്തിൽ നിന്നാണ് നീരജ് ലോകവേദികൾ കീഴടക്കാൻ തുടങ്ങിയത്. നീരജിൽ നിന്ന് സ്വർണത്തിൽ കുറഞ്ഞതൊന്നും ഹ്വാംഗ്ചോയിൽ പ്രതീക്ഷിക്കുന്നില്ല. ഡയമണ്ട് ലീഗുകളിലെ മികച്ച പ്രകടനത്തിന് ശേഷമാണ് നീരജ് ഏഷ്യൻ ഗെയിംസിനെത്തുന്നത്.
2. നിഖാത്ത് സരിൻ - ബോക്സിംഗ്
വനിതാ ബോക്സിംഗിലെ 50 കിലോ വിഭാഗത്തിൽ നിലവിലെ ലോക ചാമ്പ്യനും കോമൺവെൽത്ത് ചാമ്പ്യനുമാണ് നിഖാത്ത് സരിൻ. മേരികോമിന് ശേഷം ലോക വേദികളിലെ ഇന്ത്യൻ ഇടിക്കരുത്താണ് ഈ 27കാരി.
3. ഹോക്കി ടീം
ജക്കാർത്തയിൽ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നതിന്റെ നിരാശയിൽ നിന്ന് സ്വർണത്തിലേക്ക് കുതിക്കാനുള്ള വാശിയുമായണ് ഹർമൻപ്രീത് സിംഗിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം എത്തിയിരിക്കുന്നത്. ടോക്യോ ഒളിമ്പിക്സിലെ വെങ്കലത്തോടെ ടീമിന്റെ ആത്മവിശ്വാസത്തോതിൽ വലിയ ഉയർച്ച ഉണ്ടായിട്ടുണ്ട്. മലയാളി ഗോൾ കീപ്പർ പി.ആർ. ശ്രീജേഷ് ടീമിലുണ്ട്.
4. രോഹൻ ബൊപ്പണ്ണ- ടെന്നിസ്
43കാരനായ ബൊപ്പണ്ണ അടുത്തിടെ ഡേവിസ് കപ്പ് കരിയർ അവസാനിപ്പിച്ചിരുന്നു. 2018ൽ ദ്വിജ് ശരണിനൊപ്പം ബൊപ്പണ്ണ ഏഷ്യൻ ഗെയിംസ് ഡബിൾസ് സ്വർണം നേടിയിരുന്നു. ഇത്തവണ ദ്വിജ് ഇന്ത്യൻ ടീമിലില്ല. രോഹന്റെ ഡബിൾസ് പാർട്ട്ണറെ പ്രഖ്യാപിച്ചിട്ടുമില്ല.
5. പുരുഷ വനിതാ ക്രിക്കറ്റ് ടീമുകൾ
ലോകത്തിലെതന്നെ ഏറ്റവും വലിയ ക്രിക്കറ്റ് ശക്തിയാണെങ്കിലും ഏഷ്യൻ ഗെയിംസിലേക്ക് ടീമിനെ അയയ്ക്കാൻ ബി.സി.സി.ഐ താത്പര്യം കാട്ടിയിരുന്നില്ല. ഇക്കുറി പുരുഷ - വനിതാ ടീമുകളെ അയച്ചിട്ടുണ്ട്. റിതുരാജ് ഗെയ്ക്ക്‌വാദിന്റെ നേതൃത്വത്തിലുള്ള രണ്ടാം നിര താരങ്ങളാണ് പുരുഷ ടീമിലുള്ളതെങ്കിലും സ്വർണം നേടാൻ ഇവർക്ക് കഴിയുമെന്നാണ് പ്രതീക്ഷ. ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള മുൻനിര വനിതാടീം ഇതിനകം സെമിയിലെത്തിയിട്ടുണ്ട്. മലയാളി താരം മിന്നുമണിയും ടീമിലുണ്ട്.
6.ജ്യോതി സുരേഖ - ആർച്ചറി
ഏഷ്യൻ ആർച്ചറി ചാമ്പ്യൻഷിപ്പിലും ലോകകപ്പുകളിലും ലോക ചാമ്പ്യൻഷിപ്പിലും അടുത്തിടെ നടത്തിയ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസവുമായാണ് ജ്യോതി വരുന്നത്. ടീമിനത്തിൽ .
7. സ്വാത്വിക് - ചിരാഗ് ബാഡ്മിന്റൺ
പുരുഷ ഡബിൾസിൽ ലോക മൂന്നാം റാങ്കുകാരായ സ്വാത്വിക് സായ്‌രാജ്- ചിരാഗ് ഷെട്ടി സഖ്യവും സ്വർണം ലക്ഷ്യമിട്ടുതന്നെയാണ് ഹ്വാംഗ്ചോയിലിറങ്ങുന്നത്. ഇന്ത്യയുടെ പ്രഥമ തോമസ് കപ്പ് നേട്ടത്തിൽ പങ്കാളികളായി.കോമൺവെൽത്ത് ഗെയിംസിൽ സ്വർണവും ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലവും നേടി. ഈ വർഷം സ്വിസ് ഓപ്പൺ,ഇന്തോനേഷ്യ ഓപ്പൺ,കൊറിയ ഓപ്പൺ എന്നിവയ്ക്കൊപ്പം ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ജേതാക്കളായി.
8. രുദ്രാക്ഷ് പാട്ടീൽ - ഷൂട്ടിംഗ്
ലോക ചാമ്പ്യൻഷിപ്പിൽ ഇറ്റാലിയൻ സൂപ്പർ താരം ഡാനിലോ സൊളാസോയെ അട്ടിമറിച്ച് സ്വർണം നേടിയ രുദ്രാക്ഷിൽ നിന്ന് ഹ്വാംഗ്ചോയിൽ ഇന്ത്യ 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിംഗിൽ സ്വർണം പ്രതീക്ഷിക്കുന്നു. 19കാരനായ രുദ്രാക്ഷ് സമീപകാലത്ത് മികച്ച ഫോമിലാണ്.
9. തേജസ്വിൻ ശങ്കർ- ഡെക്കാത്ത്ലൺ
ഹൈജമ്പിലെ ദേശീയ റെക്കാഡിന് ഉടമയായ തേജസ്വിൻ ഡെക്കാത്ത്ലണിലേക്ക് മാറിയശേഷമുള്ള ആദ്യ ഏഷ്യൻ ഗെയിംസ് സ്വർണമാണ് ലക്ഷ്യമിടുന്നത്.
10. മീരാഭായ് ചാനു - വെയ്റ്റ്ലിഫ്ടിംഗ്
ലോകചാമ്പ്യനാണെങ്കിലും ഏഷ്യൻ ഗെയിംസിൽ ഇതുവരെ മെഡൽ നേടാൻ കഴിയാത്തതിന്റെ കേടുതീർക്കാനാണ് മീരാഭായ് ചാനു എത്തുന്നത്.2014 ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിൽ മത്സരിച്ചെങ്കിലും ഒൻപതാം സ്ഥാനത്തായിരുന്നു. ടോക്യോ ഒളിമ്പിക്സിൽ മെഡൽ നേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |