- "നോക്കെടാ വേടരേ! നീയുമെന്തിങ്ങനെ, തോക്കെടാതെ പുറപ്പെട്ടു നായാട്ടിനു?"- ഏതോ മാ.പ്രായുടെ ചോദ്യം ചോദിക്കലിന് മുന്നിൽ പകച്ചുപോയി വലതുവശത്തേക്ക് സഹായാഭ്യർത്ഥനയുമായി അറിയാതെ നോക്കിപ്പോയ കുമ്പക്കുടി സുധാകർജിയെ കണ്ടപ്പോൾ ദ്രോണരിൽനിന്ന് പുറപ്പെട്ട ചോദ്യം ഇതായിരുന്നു.
പക്ഷേ കഠിന കഠോരം ഈ അണ്ഡകടാഹം എന്നാണ് സുധാകർജിക്ക് പെട്ടെന്നുതന്നെ ബോദ്ധ്യം വന്നത്. ഇടതുവശത്ത് കരിങ്കല്ലിന്റെ ഹൃദയവുമായി ഇരിക്കുകയായിരുന്നു വടശ്ശേരി സതീശൻജി. സഹായം തേടി നോക്കിയ കുമ്പക്കുടിയുടെ ദൈന്യമുഖത്ത് നോക്കി ആട്ടുക തന്നെയായിരുന്നു വടശ്ശേരിജി. ആട്ടിപ്പായിക്കും വിധം കൈകൊണ്ട് വീശിയകറ്റി,"ചോദ്യം നിങ്ങളോടാണ്, നിങ്ങളോടാണ്" എന്ന് നിഷ്കരുണം വടശ്ശേരിജി പറഞ്ഞുകളഞ്ഞു.
ചോരയത്രയും വാർന്നുപോയ മുഖത്തെ നേരെയാക്കിയെടുക്കാൻ പെടാപ്പാട് പെട്ട് കുമ്പക്കുടിജി, ലോകത്ത് ഇനിയാർക്കും ഈ ഗതി വരുത്തല്ലേയെന്ന് പുതുപ്പള്ളി മാതാവിനോട് മുട്ടിപ്പായി പ്രാർത്ഥിച്ചുവെന്നാണ് കേൾക്കുന്നത്. ഹോ! എന്തൊരു ക്രൂരത!
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ ഇത്രയും ഭൂരിപക്ഷത്തോടെ ജയിക്കേണ്ടിയിരുന്നില്ല എന്നുപോലും നാട്ടുകാർക്ക് തോന്നിപ്പോയത് ഈ കുമ്പക്കുടി- വടശ്ശേരി നിഴൽയുദ്ധം കണ്ടപ്പോഴാണ്. പുതുപ്പള്ളിയിൽ ചാണ്ടി വിജയിച്ചത് കാക്കത്തൊള്ളായിരം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. ഏതാണ്ട് നാൽപതിനായിരത്തിനടുത്ത് വരും. എന്തൊരു തിളക്കം എന്ന് കല്ലറയിൽ കിടന്ന് ഉമ്മൻ ചാണ്ടി പോലും നെടുവീർപ്പിട്ടു. കോൺഗ്രസുകാരായ കോൺഗ്രസുകാരെല്ലാം അന്ന് ആർത്തുല്ലസിച്ച് ആറാടുകയായിരുന്നു. ആ ആഘോഷത്തിനിടയിൽ മാ.പ്രാ.കളോട് നന്ദിവാക്ക് പറയാനാണ് വടശ്ശേരിജി സകല ചാനൽ മൈക്കുകളെയും നെഞ്ചോട് അടുപ്പിച്ചുവച്ച് മപ്പടിച്ച് ഇരുന്നത്. തൊട്ടപ്പുറത്തും പിമ്പിലും ഒക്കെയായി കേസീജോസഫ്ജീ, തിരുവഞ്ചൂർജീ തുടങ്ങിയവർ ഇരിപ്പുണ്ടായിരുന്നു.
വടശ്ശേരിജിക്ക് എന്തോ വരാനുണ്ട് എന്ന് വിളിച്ചുപറയുമ്പോലെയാണ് വലതുവശത്തായി ഒരു കസേരയപ്പോൾ ഒഴിഞ്ഞുകിടക്കുന്നത് കണ്ടത്. സമയം സമാഗതമായി. അതാ കടന്നുവരുന്നൂ, നമ്മുടെ കുമ്പക്കുടി സുധാകർജീ. വടശ്ശേരി ഗൗനിച്ചു. ചിരിച്ചുകൊണ്ടുതന്നെ. കുറ്റം പറയാനാവില്ല.
സുധാകർജി വലത്തേ കസേരയിലിരുന്ന ഉടനേ ഞാനാദ്യം പറയാം എന്ന് വടശ്ശേരിജിയോട് ഉണർത്തിച്ചു. അതു വേണ്ടാ, ഞാനാദ്യം പറയാം എന്ന് വടശ്ശേരിജി. "ആരാദ്യം പറയും, ആരാദ്യം പറയും, പറയാതിനി വയ്യാ, പറയാനും വയ്യ" എന്ന സിനിമാപ്പാട്ടിന്റെ അവസ്ഥ പോലായി സംഗതി.
അടി ഇപ്പോൾ വീഴും എന്ന പ്രതീതി. മാ.പ്രാകൾ നിശ്ശബ്ദം. ഏതോ വിരുതൻ ഇതെല്ലാം വീഡിയോയിൽ പകർത്തുന്നുണ്ടായിരുന്നു. അങ്കം വെട്ടുമ്പോൾ കണ്ണും കാണില്ല, കാതും കേൾക്കില്ല എന്നായതുകൊണ്ട് വടശ്ശേരിജിയോ സുധാകർജിയോ ഇത് ശ്രദ്ധിച്ചില്ല.
വടശ്ശേരിജി ഗൗനിക്കാതിരുന്നപ്പോൾ കുമ്പക്കുടിജി തുടർന്നു. "ഞാനല്ലേ കെ.പി.സി.സി പ്രസിഡന്റ്. ഞാൻ തുടങ്ങിവയ്ക്കും. ബാക്കി നിങ്ങൾ പറഞ്ഞോ..."
വടശ്ശേരിജിയുടെ ഹൃദയം നുറുങ്ങുന്നത് അപ്പുറത്തിരിക്കുകയായിരുന്ന കേസി ജോസഫ്ജിയും പിമ്പിലിരിപ്പുണ്ടായിരുന്ന തിരുവഞ്ചൂർജീയും കേട്ടു. നെടുവീർപ്പുയർന്നു. ആകാംക്ഷയടക്കാൻ ഇരുവരും വെള്ളം കുടിച്ചു. വടശ്ശേരിജീ നുറുങ്ങിയ ഹൃദയവുമായി നേരത്തേ നെഞ്ചോടടുപ്പിച്ച് വച്ച മൈക്കുകൾ വാരി കുമ്പക്കുടിജിയുടെ നെഞ്ചിനടുത്തേക്ക് നീക്കി. കുമ്പക്കുടിജി തെറ്റിദ്ധരിച്ചുപോയി. 'ഹാ, എന്തു നല്ല വിശാലഹൃദയൻ!'
അടുത്ത മാത്രയിൽ അത് വെറും തെറ്റിദ്ധാരണയായിരുന്നുവെന്ന് കുമ്പക്കുടിജി തിരിച്ചറിയുകയായിരുന്നു. ത്രിവർണഷാളുമായി എത്തിയ കോൺഗ്രസുകാരനെ വടശ്ശേരിജീ ആട്ടിപ്പായിച്ചു. ആരെയും അടുപ്പിച്ചില്ല. കേസീജോസഫ്ജിയിൽ നിന്ന് ചോരവാർന്ന ചിരി പരക്കുന്നത് കാണാമായിരുന്നു. മുന്നിലിരിക്കുന്ന മാ.പ്രാ.കൾ ഇതൊക്കെ കാണുകയല്ലേയെന്ന ധ്വനി.
പക്ഷേ വടശ്ശേരിജിക്ക് കണ്ണും കാതുമില്ലാതായിരിക്കുകയല്ലേ. കുമ്പക്കുടിജിയുടെ ഊഴം പിന്നിട്ട് ചോദ്യം വടശ്ശേരിജിയോടായി. എത്ര ഉരുട്ടിച്ചോദിച്ചിട്ടും ക, മാ എന്ന രണ്ടക്ഷരം പോലും ഉരിയാടില്ലെന്ന തികഞ്ഞ വാശിയിലായിരുന്നു പുമാൻ. എല്ലാം കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞു കഴിഞ്ഞിട്ടുണ്ട്, ഇനി ഒന്നും പറയാനില്ല എന്ന്.
ശേഷം പുറത്തുവന്ന വീഡിയോയിലാണ് കഠിനകഠോരമായ ആ ഹൃദയം കുമ്പക്കുടിക്ക് മുന്നിൽ വിടർന്നുവന്നത്. ഏതോ മാ.പ്രാ. ഇംഗ്ലീഷിലാണ് ചോദ്യമുതിർക്കുന്നത്. കുമ്പക്കുടിജിക്ക് അതത്ര വ്യക്തമായില്ല. പകച്ചുപോയോ എന്ന് ചോദിച്ചാൽ വടശ്ശേരിജിയുടെ മുഖത്തേക്കുള്ള ആ ദൈന്യമായ നോട്ടത്തിൽ എല്ലാമുണ്ടല്ലോ എന്നാണ് പലരും ഉത്തരം നൽകുന്നത്.
എന്തായാലും കുമ്പക്കുടിജി നോക്കി. നിഷ്കരുണം, കൈ കൊണ്ട് തള്ളിപ്പറഞ്ഞ്, നിങ്ങളോടാണ് ചോദ്യം, നിങ്ങളോടാണ് എന്ന് പറഞ്ഞ് മുഖം തിരിച്ചുകളഞ്ഞു വടശ്ശേരിജി! ഒരു ചെറിയ സഹായം, ങേ, ഹേ!
നാട്ടുകാർ ചോദിക്കുന്നത് ഇതാണ്. ഇപ്പോഴൊരു പുതുപ്പള്ളിപ്പൂരമല്ലേ കണ്ടുള്ളൂ. ഇനി വലിയ പൂരം വരാനിരിക്കുന്നതല്ലേയുള്ളൂ! അപ്പോൾ എന്താകും ഏതാകും എന്ന് ആർക്കറിയാം! ഈശ്വരോ രക്ഷതൂ!
ഊറിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ മഹാസാധു പിണറായി സഖാവ് തൊട്ട് അപ്പം ഫെയിം ഗോവിന്ദൻ മാഷ് വരെയുണ്ടെന്നാണ് കേൾവി.
ഇ-മെയിൽ: dronar.keralakaumudi@gmail.com
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |