SignIn
Kerala Kaumudi Online
Tuesday, 12 December 2023 12.52 AM IST

മൈക്കാണേ സത്യം,  ഞങ്ങൾ ചങ്കന്മാർ

ഐക്യവും ജനാധിപത്യവും സംഗമിച്ച ലോകത്തിലെ ഏക മുന്നണിയിലെ നേതാക്കന്മാരായ കണ്ണൂർ സുധാകരനും പറവൂർ സതീശനും വേദിയിലിരുന്ന് മൈക്കിനായി കടിപിടികൂടിയെന്നും കളരിഗുരുക്കളായ സുധാകർജി കണ്ണുരുട്ടി സംഗതി കൈക്കലാക്കിയെന്നുമാണ് കുത്തിത്തിരിപ്പുകാരുടെ ആരോപണങ്ങൾ. ശാന്തസുന്ദരമായ ഐക്യത്തിന്റെ സ്‌നേഹസുരഭിലമായ പ്രകടനത്തെ പുവർഫെലോസ് തെറ്റിദ്ധരിച്ചതാണ്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വിജയത്തിന്റെ സൂത്രധാരനായ സതീശൻ മിടുമിടുക്കനും മഹാനുമാണെന്നു വാർത്താ സമ്മേളനം നടത്തി പറയാൻ തയ്യാറെടുത്തു വന്നതായിരുന്നു സുധാകർജി. ക്രാന്തദർശിയായ സതീശൻ ഇതു മുൻകൂട്ടി മനസിലാക്കുകയും അരുതേയെന്നു പറഞ്ഞ് അദ്ദേഹത്തെ തടയുകയുമായിരുന്നു. കെ.പി.സി.സി പ്രസിഡന്റ് സുധാകരനാണ് യഥാർത്ഥ വിജയശിൽപിയെന്നും അദ്ദേഹമൊരു ത്യാഗിയാണെന്നും വെളിപ്പെടുത്താനാണ് സത്യത്തിൽ സതീശൻജി വന്നത്. രണ്ടു മഹാന്മാരുടെ സംഗമവേദിയിലേ ഇത്തരം എളിമകൾ കാണാനാകൂ. വികാരവിക്ഷുബ്ധമായ വേദിയിൽ സതീശ്ജിയുടെ മുഖത്ത് മിന്നിമറഞ്ഞ നവരസങ്ങൾ കണ്ട് 'മാപ്രകൾ' കഥകൾ മെനഞ്ഞു. ഞാനല്ലേ കെ.പി.സി.സി പ്രസിഡന്റെന്നു പറഞ്ഞ് സുധാകർജി മൈക്ക് പിടിച്ചുവലിക്കുന്നത് ക്യാമറകൾ ഒപ്പിയെടുത്തു.സതീശനും സുധാകരനും പരസ്പരം താങ്ങിയപ്പോൾ കേൾവിക്കാരായി തൊട്ടടുത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി.ജോസഫ്, ബിന്ദു കൃഷ്ണ എന്നിവരുണ്ടായിരുന്നു. ചിരിച്ചും തലോടിയും അവർ കാര്യങ്ങളൊന്നു സ്മൂത്താക്കാൻ ശ്രമിക്കുന്നതിനിടെയാണ് ചിലർ മാലയും പൊന്നാടയുമായി വന്നത്. ഇതൊക്കെ വാങ്ങി കാശുകളയാതെ നിനക്കൊക്കെ രാജ്യത്തെ പാവങ്ങൾക്കു വേണ്ടി എന്തെങ്കിലും ചെയ്തുകൂടെയെന്ന അർത്ഥത്തിൽ അവരെ പറഞ്ഞുവിട്ടതിനെയും ചിലർ തെറ്റിദ്ധരിച്ചു. എന്നാലും മലയാളം പോലും സംസാരിക്കാനറിയാത്ത ഏതോ ഒരാൾ സുധാകർജിയോട് എന്തോ ചോദിച്ചപ്പോൾ, ഒന്നു സഹായിക്കാനുള്ള മനസ് സതീശ്ജിക്ക് ഇല്ലാതെ പോയത് ശരിയായില്ല. ചോദ്യം എന്നോടല്ല, പ്രസിഡന്റിനോടാണെന്നു പറഞ്ഞ് സതീശൻ കൈയൊഴിഞ്ഞപ്പോൾ സത്യത്തിൽ പേടിച്ചത് തിരുവഞ്ചൂരും കെ.സി. ജോസഫുമായിരുന്നു. ബിന്ദുകൃഷ്ണ മൊബൈലിൽ നോക്കിയിരുന്നതിനാൽ ഒന്നുമറിഞ്ഞില്ലെന്നാണ് വിവരം. കാരണവന്മാർ സംസാരിക്കുന്നതിന്റെ ഇടയ്ക്കു കയറി അഭിപ്രായം പറയുന്നത് നല്ല രീതിയല്ലാത്തതുകൊണ്ടാണ് സതീശൻജി കൈയൊഴിഞ്ഞതെന്ന് ഇരുവരെയും അടുത്തറിയാവുന്നവർക്കു മനസിലായി.

കഥകൾ ഊതിപ്പെരുപ്പിക്കുന്നവർ ഒരുകാര്യം മനസിലാക്കണം. വിങ്ങുന്ന ആശയങ്ങളെയും അഭിപ്രായങ്ങളെയും ഉള്ളിൽ അടക്കിവച്ച് ഞെളിപിരി കൊള്ളാതെ തുറന്നുവിടുന്നതാണ് കോൺഗ്രസിന്റെ രീതി. സിമ്പിളായി പറഞ്ഞാൽ, ശക്തമായ ഏമ്പക്കത്തോടെ വായുസ്തംഭനം ഇല്ലാതാകുന്ന അതേ പ്രതിഭാസം. പൊട്ടിച്ചിരിയോടെ ആർക്കും ഏമ്പക്കം വിടാനാവില്ല. കേഡർ പാർട്ടികളായ സി.പി.എമ്മിലും ബി.ജെ.പിയിലും കടുത്ത അച്ചടക്കലംഘനമാണിത്.

പ്രതിപക്ഷ നേതാവ് സതീശൻജിയും സുധാകർജിയും പുതുപ്പള്ളിയിൽ കഠിനാദ്ധ്വാനം ചെയ്തതുകൊണ്ടു മാത്രമാണ് ചാണ്ടി ഉമ്മൻ വിജയിച്ചത്. അടുത്ത പൊതുതിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും പ്രതിപക്ഷനേതാവും കെ.പി.സി.സി പ്രസിഡന്റും തമ്മിലുള്ള ഐക്യം ഇതിലും ശക്തമാകുമെന്ന പ്രതീക്ഷയിലാണ് കമ്മ്യൂണിസ്റ്റുകാർ. പരിവാറുകാർക്ക് ഇത്തരം നിസാര സംഗതികളിലൊന്നും അശേഷം താത്പര്യമില്ല.
അഹങ്കാരം തലയ്ക്കുപിടിച്ച പല നേതാക്കന്മാരും ഗാന്ധിയൻ പാർട്ടിക്കാരെ കണ്ടുപഠിക്കണം. യൂത്തന്മാരടക്കം എളിമയുടെ ആൾരൂപങ്ങളാണ്. ചെരിപ്പൂരി കൈയിൽപിടിച്ച് പദയാത്ര നടത്തുക, ചക്രമുള്ള പെട്ടി ഉരുട്ടിനീക്കാതെ തലയിൽവച്ചു നടക്കുക, ട്രാക്ടറിൽ വച്ചുകെട്ടിയ കുഷ്യൻസീറ്റിലിരുന്ന് കർഷകയാത്ര നടത്തുക തുടങ്ങിയ എളിമകൾ കണ്ടാൽ ആരുടെയും കണ്ണുനിറയും. ഓരോ ജോലിയുടെയും ബുദ്ധിമുട്ട് മനസിലാക്കാൻ ഇത്തരം ശീലങ്ങൾ അനിവാര്യമാണ്. വെയിലേറ്റു ചുട്ടുപഴുത്ത റോഡിലൂടെ ചെരിപ്പില്ലാതെ യാത്ര ചെയ്തപ്പോഴാണ് പാദരക്ഷയില്ലാതെ കഷ്ടപ്പെടുന്ന ആയിരങ്ങളുടെ വേദന മനസിലാക്കിയത്. കൃഷിയിടങ്ങളിൽ കർഷകർ എത്രമാത്രം കഷ്ടപ്പെടുന്നുണ്ടാകും. ചുമട്ടു തൊഴിലാളികളുടെ വേദനയറിയണമെങ്കിൽ ഒരു പെട്ടി ചുമന്നുനോക്കണം. ചക്രമുള്ള പെട്ടി ഉരുട്ടിക്കൊണ്ടുനടന്നാൽ അതു മനസിലാകില്ല. പാവങ്ങളുടെ മനസറിയുന്ന പാർട്ടിക്കാർക്കേ ഇതൊക്കെ മനസിലാകൂ.

മൈക്കിലൂടെ

ബൂർഷ്വാനീക്കം

മൈക്ക് കേടാക്കി പ്രസംഗം മുടക്കുന്ന കലാപരിപാടി ചിലർ തുടങ്ങിയിട്ട് കുറേക്കാലമായി. സംസാരിച്ച് രസംപിടിച്ചു വരുമ്പോഴേക്കും മൈക്ക് ഓഫാക്കുക, പൊട്ടലും ചീറ്റലും കേൾപ്പിക്കുക, മൈക്കിനെക്കൊണ്ടു കൂവിക്കുക തുടങ്ങിയവയാണ് കലാപരിപാടികൾ. പ്രസംഗം നൈസായി മുടക്കി നാണം കെടുത്തി അയയ്ക്കാനുള്ള ആസൂത്രിത നീക്കത്തിനു പിന്നിൽ പരിവാർ, കോൺഗ്രസ് ഗുണ്ടകളാണെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാക്കളും സംസാരിക്കുമ്പോൾ മാത്രമാണ് ഈ പ്രശ്‌നമെന്നും അവർ കണ്ടെത്തി. മൈക്ക് സെറ്റുകാരെ ഉപദേശിച്ചിട്ടും വഴക്കുപറഞ്ഞിട്ടും കാര്യമില്ലാതായപ്പോൾ മുഖ്യമന്ത്രിക്ക് സങ്കടത്തോടെ ചില വേദികളിൽ നിന്നിറങ്ങിപ്പോരേണ്ടിവന്നു. ഒരുപാട് നല്ല കാര്യങ്ങൾ കേൾക്കാൻ ഓടിയെത്തിയ നാട്ടുകാർക്ക് അതിനുള്ള ഭാഗ്യമില്ലാതെപോയി എന്നതാണ് ഇതിന്റെ ആത്യന്തികഫലം. ചില സൂക്കേടുകൾക്ക് ചൂരൽക്കഷായം ഉത്തമമാണെന്ന് മനസിലാക്കിയാൽ അവർക്കുകൊള്ളാം. അതിനു സർക്കാരിനെ നിർബന്ധിക്കരുത്. മൈക്ക് സെറ്റുകാർ ചൈനീസ് സാധനങ്ങൾ ഒഴിവാക്കി നിലവാരമുള്ളവ ഉപയോഗിക്കണം. കാശില്ലെങ്കിൽ സഹകരണബാങ്കുകളിൽ വായ്പയ്ക്ക് അപേക്ഷിച്ചാൽ എത്രവേണമെങ്കിലും കിട്ടും. സ്വാതന്ത്ര്യത്തിലും സമത്വത്തിലും സോഷ്യലിസത്തിലും വിശ്വസിക്കുന്ന
സർക്കാരിനിട്ട് മൈക്കിലൂടെ പണിതരുന്നവർ ഒരുകാര്യം മനസിലാക്കുക. പീരങ്കിയെ വാരിക്കുന്തംകൊണ്ടു തോൽപ്പിച്ച പ്രസ്ഥാനമാണിത്.
കേന്ദ്രസർക്കാർ നിരന്തരം കുത്സിതപ്രവർത്തനങ്ങൾ നടത്തിയിട്ടും ജനക്ഷേമകരമായ പ്രവർത്തനങ്ങളിലൂടെ മുന്നോട്ടു പോകുന്ന സംസ്ഥാന സർക്കാരിനിട്ട് കൂടെനിന്നു ചിലർ താങ്ങുന്നുണ്ടെന്ന് പാർട്ടി സെക്രട്ടറി ഗോവിന്ദൻ സഖാവ് വൈകിയാണെങ്കിലും കണ്ടെത്തി. ഐ.എൻ.ഡി.ഐ.എ മുന്നണിയിലെ വല്ല്യേട്ടനാണെന്നൊരു ഭാവമുള്ള കോൺഗ്രസിനെ ആഗോള ഇടതുപക്ഷ-സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ വല്ല്യേട്ടനായ സി.പി.എമ്മിന് വല്ലാതങ്ങ് പേടിക്കേണ്ട കാര്യമില്ല. കൂടുതൽ കളികൾ വേണ്ടെന്നുള്ള സൂചന നൽകിയിട്ടുമുണ്ട്. ചില്ലറ പ്രശ്‌നങ്ങളുണ്ടെങ്കിലും വരാനുള്ള വലിയ നേട്ടങ്ങൾ കണക്കിലെടുക്കുമ്പോൾ തൽക്കാലം കോൺഗ്രസുകാരെ ചൊറിയാതെ കൂടെനിന്നു പണിതരുന്ന വലിയ കമ്മ്യൂണിസ്റ്റുകാരെ കരുതിയിരിക്കണമെന്നാണ് ഗോവിന്ദൻ സഖാവിന്റെ ഓർമ്മപ്പെടുത്തൽ.

മകനേ മാപ്പ്!

മിടുമിടുക്കനായൊരു മോനുണ്ടായിട്ടും തിരിച്ചറിയാതെ പോയ അച്ഛനാണ് എ.കെ. ആന്റണിയെന്ന് ഒരുപാട് വൈകിയാണെങ്കിലും
ഭാര്യ എലിസബത്ത് കണ്ടെത്തി. പഠിപ്പും പക്വതയും നന്മയുമുള്ള മകൻ അനിൽ ആന്റണിയെ കോൺഗ്രസുകാരും തിരിച്ചറിഞ്ഞില്ല. കരുണാകരൻ മൂത്രമൊഴിക്കാൻ പോയസമയംകൊണ്ട് കെ. മുരളീധരൻ എന്ന നേതാവിനെ പാർട്ടിക്കു സമ്മാനിച്ച ആന്റണി സ്വന്തം മോനോട് നീതികാട്ടിയില്ലെന്നാണ് അമ്മയുടെ സങ്കടം. എന്തായാലും അമ്മയുടെയും മകന്റെയും സങ്കടങ്ങൾ പരിവാറുകാർ കാണുന്നുണ്ടായിരുന്നു. മിടുക്കനായ അപ്പന്റെ മിടുമിടുക്കനായ മകനെ അവർ കൈയോടെ റാഞ്ചി കാവിക്കൂട്ടുകാരനാക്കി.
ഇതറിഞ്ഞതുമുതൽ ആന്റണിയും എലിസബത്തും കരയുകയായിരുന്നു. കരഞ്ഞുതളർന്ന ആയമ്മ ഒടുവിൽ ധ്യാനം കൂടിയപ്പോൾ ദിവ്യമായ ആ വെളിപാടുണ്ടായി- കാവി അത്ര മോശമല്ല, 39 വയസായ മകൻ അധികം വൈകാതെ കാവിക്കോട്ടയിലെ ഇളമുറത്തമ്പുരാനാകും. ഇതേക്കുറിച്ച് ആന്റണിയോട് പറഞ്ഞപ്പോൾ സന്തോഷവും സങ്കടവും കോക്ടൈലായി അദ്ദേഹം പൊട്ടിക്കരഞ്ഞുവത്രേ.










അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: V D SATHEESHAN K SUDHAKARAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.