പാർലമെന്റിൽ ബി.ജെ.പി അംഗം രമേഷ് ബിധുരി നടത്തിയ വിദ്വേഷ പരാമർശം തികച്ചും അപലപനീയമാണ്. ചന്ദ്രയാൻ മൂന്നിന്റെ വിജയം സംബന്ധിച്ച ചർച്ചയിലാണ് ബി.ജെ.പി നേതാവും ഡൽഹിയിൽ നിന്നുള്ള എം.പിയുമായ രമേഷ് ബിധുരി ബി.എസ്.പി അംഗം കുൻവർ ഡാനിഷ് അലിക്കെതിരെ മതപരമായ അധിക്ഷേപം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു നായയെപ്പോലെ മരിക്കണമെന്നാണ് ചിലരുടെ ആഗ്രഹമെന്ന് ബിധുരി പറഞ്ഞപ്പോൾ എന്താണ് ബഹുമാന്യനായ പ്രധാനമന്ത്രിയെ താങ്കൾ ഇങ്ങനെ അധിക്ഷേപിക്കുന്നതെന്ന് ചോദിച്ച് ഡാനിഷ് അലി ഇടപെട്ടപ്പോഴാണ് ഭീകരവാദി എന്ന് വിളിച്ചുകൊണ്ട് വംശീയാധിക്ഷേപം നടത്തിയത്. ഒരിക്കലും പാർലമെന്റിൽ പറയാൻ പാടില്ലാത്ത വാക്കുകളാണ് ബിധുരി ഡാനിഷ് അലിക്കെതിരെയും അദ്ദേഹത്തിന്റെ മതത്തിനെതിരെയും പറഞ്ഞത്. ആ സമയത്ത് സഭ നിയന്ത്രിച്ചുകൊണ്ടിരുന്ന കൊടിക്കുന്നിൽ സുരേഷ് പരാമർശങ്ങൾ സഭാരേഖകളിൽ നിന്ന് ഒഴിവാക്കുമെന്ന് സഭയെ അറിയിച്ചു. പ്രതിപക്ഷ എം.പിമാർ പ്രതിഷേധം ഉയർത്തിയതിനെത്തുടർന്ന് എം.പിയുടെ പരാമർശങ്ങൾ പ്രതിപക്ഷത്തെ വേദനിപ്പിച്ചെങ്കിൽ ക്ഷമാപണം നടത്തുകയാണെന്ന് ബി.ജെ.പിയുടെ മുതിർന്ന നേതാവും പ്രതിരോധമന്ത്രിയുമായ രാജ്‌നാഥ് സിംഗ് സഭയിൽ പറഞ്ഞു. ഇനിയും ആവർത്തിച്ചാൽ കർശന നടപടിയെടുക്കുമെന്ന് ബിധുരിക്ക് സ്‌പീക്കർ ഓം ബിർള താക്കീത് നൽകുകയും ചെയ്തു.
വിഷയം സഭയുടെ അവകാശ ലംഘന കമ്മിറ്റിക്ക് വിടണമെന്ന് ഡാനിഷ് അലി സ്‌പീക്കർക്ക് പരാതി നൽകി. ഒരു താക്കീതിൽ മാത്രം ഒതുക്കേണ്ടതല്ല ഈ പ്രശ്നം. അത്രമാത്രം വർഗ്ഗീയത കലർന്ന വാക്കുകളാണ് എം.പി സഭയിൽ പറഞ്ഞത്. ജനപ്രതിനിധികൾ ഇത്തരം വാക്കുകൾ സഭയിൽ പറഞ്ഞാൽ അതു ബാധിക്കുക രാജ്യത്തിന്റെ മതേതര നിലനിൽപിനെയാണ്. ഇത്തരം വാക്കുകൾ സഭയ്ക്ക് പുറത്ത് പ്രസംഗവേദിയിൽ പറഞ്ഞാൽ പൊലീസിന് കേസെടുക്കാം. മതവിദ്വേഷ പ്രസംഗങ്ങൾ പാടില്ലെന്ന് സുപ്രീംകോടതി തന്നെ വിവിധ കേസുകളിൽ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതുമാണ്. ഈ എം.പിക്കെതിരെ സസ്‌പെൻഷൻ പോലുള്ള നടപടിയെങ്കിലും ഏറ്റവും ചുരുങ്ങിയത് ഉണ്ടാകേണ്ടതായിരുന്നു. അങ്ങനെ വരുമ്പോഴെ അത് വർഗീയവാദം ഉള്ളിൽ കൊണ്ടുനടക്കുന്ന അംഗങ്ങൾക്കും ഒരു സന്ദേശമായി മാറുകയുള്ളൂ.
ഇത്തരം വർഗീയവിഷം വമിക്കുന്നവർ യഥാർത്ഥത്തിൽ രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനുമാണ് തുരങ്കം വയ്ക്കുന്നത്. ബി.ജെ.പി നിർവാഹക സമിതി യോഗത്തിൽ പ്രധാനമന്ത്രി മോദി, പാർട്ടി നേതാക്കൾ വാക്കുകൾ ഉപയോഗിക്കുമ്പോൾ വളരെ ശ്രദ്ധിക്കണമെന്നും സിനിമകളുടെയും മറ്റും പേരിൽ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കരുതെന്നും പ്രത്യേകം എടുത്തുപറഞ്ഞിരുന്നു. ഇതൊന്നും ബിധുരിയെപ്പോലുള്ളവരുടെ കാതുകളിൽ വീണിട്ടില്ല. മതങ്ങളെ അധിക്ഷേപിച്ചല്ല രാഷ്ട്രീയപ്രവർത്തനം നടത്തേണ്ടത്. ഭാവിയിലെങ്കിലും ഇത്തരം പരാമർശങ്ങൾ ഒഴിവാക്കാൻ അംഗങ്ങൾക്ക് രാഷ്ട്രീയ കക്ഷികളുടെ നേതൃത്വം കർശന നിർദ്ദേശം നൽകേണ്ടതാണ്. നമ്മുടെ പാർലമെന്റിന് മഹത്തായ ചരിത്രവും ഈടുറ്റ പാരമ്പര്യവുമുണ്ട്. അതു മറന്നുകൊണ്ടുള്ള വാക്കുകൾ രാജ്യത്തിന് അപമാനമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |