വിതുര: വിനോദസഞ്ചാരികളുടെ സ്വപ്നഭൂമിയായ പൊൻമുടിയിലേക്ക് സഞ്ചാരികൾ ഒഴുകുന്നു. ഓണനാളുകളിൽ ആരംഭിച്ച തിരക്ക് ഇപ്പോഴും തുടരുകയാണ്. അവധി ദിവസങ്ങളിലാണ് വൻതിരക്ക് അനുഭവപ്പെടുന്നത്. ഈ ദിനങ്ങളിൽ പൊൻമുടിയും പരിസരവും വാഹനങ്ങളാൽ നിറയുകയും പൊൻമുടി- വിതുര റൂട്ടിൽ ഗതാഗതകുരുക്ക് അനുഭവപ്പെടുകയും ചെയ്യും. ചൂടിന്റെ കാഠിന്യം വർദ്ധിച്ചതോടെയാണ് പൊൻമുടിയിൽ സഞ്ചാരികൾ കൂട്ടത്തോടെ എത്തിത്തുടങ്ങിയത്.
തിരക്കേറിയതോടെ പാസ് ഇനത്തിൽ വനംവകുപ്പിന് ലക്ഷങ്ങളുടെ വരുമാനവും ലഭിക്കുന്നുണ്ട്. ഓണത്തിന് വനംവകുപ്പും ടൂറിസംവകുപ്പും സഞ്ചാരികളെ ആകർഷിക്കുന്നതിനായി പൊൻമുടിയിൽ പ്രത്യേക ആഘോഷപരിപാടികളൊന്നും സംഘടിപ്പിച്ചിരുന്നില്ലെങ്കിലും സഞ്ചാരികൾ വരികയാണ്. ഓണനാളുകളിൽ ഒരു ലക്ഷത്തിൽപ്പരം പേരാണ് പൊൻമുടിലും, കല്ലാറിലും എത്തിയത്. ഇതിന് പുറമേ കല്ലാർ, മീൻമുട്ടി, ബോണക്കാട്, ചാത്തൻകോട്, വാഴ്വാൻതോൽ, പേപ്പാറ എന്നീ വിനോദസഞ്ചാരമേഖകളിലും ആയിരങ്ങളെത്തി.
മഞ്ഞിലും മഴയിലും മുങ്ങി മാമല
പൊൻമുടിയിൽ ഇപ്പോൾ മിക്കദിനങ്ങളിലും മഴപെയ്യുന്നുണ്ട്. നാട്ടിൻപുറത്തെ അപേക്ഷിച്ച് പൊൻമുടി വനമേഖലയിലാണ് മഴ കോരിച്ചൊരിയുന്നത്. മഴ പെയ്യുന്നതോടെ ശക്തമായ മൂടൽമഞ്ഞ് വീഴ്ചയുമുണ്ട്. മഞ്ഞിന്റെ ആധിക്യംമൂലം കല്ലാർ ഗോൾഡൻവാലി മുതൽ പൊൻമുടിവരെ വാഹനങ്ങൾ ലൈറ്റ് തെളിച്ച് സഞ്ചരിക്കേണ്ട സ്ഥിതിയിലുമാണ്. മാത്രമല്ല മൂടൽമഞ്ഞ് പടരുന്നതോടെ സഞ്ചാരികളെ പരസ്പരം കാണുവാൻ കഴിയാത്ത സ്ഥിതിയും സംജാതമാകും. മഞ്ഞും, മഴയും മൂലം പൊൻമുടി തണുത്ത് വിറക്കുന്ന അവസ്ഥയിലാണ്. കയറിനിൽക്കുവാൻ ഇടമില്ലാത്തതിനാൽ സഞ്ചാരികൾ നനഞ്ഞുകുതിരുന്ന അവസ്ഥയിലാണ്.
അപകടം പതിവ്
സഞ്ചാരികളുടെ എണ്ണം വർദ്ധിക്കുമ്പോൾ പൊൻമുടി-തിരുവനന്തപുരം സംസ്ഥാനപാതയിൽ അപകടങ്ങളും പതിവാകുകയാണ്. തിരക്കേറിയ ഞായറാഴ്ചകളിലാണ് കൂടുതലും അപകടങ്ങൾ അരങ്ങേറുന്നത്. കഴിഞ്ഞ ഞായറാഴ്ച പൊൻമുടി സന്ദർശിക്കാനത്തിയ സംഘം സഞ്ചരിച്ച ജീപ്പ് വിതുര ചേന്നൻപാറക്ക് സമീപം ഇടിച്ചുണ്ടായ അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റിരുന്നു. രണ്ട് ദിവസം മുൻപ് ഗോൾഡൻവാലിക്ക് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് നാല് യുവാക്കൾക്ക് പരിക്കേറ്റിരുന്നു. തൊളിക്കോട് ഇരുത്തലമൂലയിലും കാർ കൂട്ടിയിടിച്ച് അപകടം നടന്നു.
അമിതവേഗത
പൊൻമുടി സന്ദശിക്കാനെത്തുന്ന യുവസംഘങ്ങൾ സഞ്ചരിക്കുന്ന വാഹനങ്ങൾ അമിതവേഗതയിലാണ് പായുന്നതെന്ന് വ്യാപകമായി പരാതി ഉയർന്നിട്ടുണ്ട്. ഹൈവേ പൊലീസ് പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |