SignIn
Kerala Kaumudi Online
Friday, 01 December 2023 1.05 PM IST

സിനിമയുടെ ഉൾക്കടൽ കണ്ട സംവിധായകൻ

kg-george

ആരും കൈവയ്ക്കാൻ അറയ്ക്കുന്ന അതിസങ്കീർണ്ണവും ഭ്രമജനകവുമായ പ്രമേയങ്ങളെപ്പോലും ശക്തമായ തിരക്കഥകളിലൂടെ ക്ളാസിക് ചലച്ചിത്രങ്ങളാക്കി മാറ്റിയ മഹാപ്രതിഭാശാലിയായ സംവിധായകനായിരുന്നു

കെ.ജി.ജോർജ്. മലയാള സിനിമയിലെ എക്കാലത്തെയും ഏറ്റവും മികച്ച സംവിധായകരുടെ മുൻനിരയിലായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം. മൂന്ന് പതിറ്റാണ്ടോളം നീണ്ട ചലച്ചിത്ര സപര്യയിൽ പത്തൊൻപത് ചിത്രങ്ങളെ ജോർജ് സംവിധാനം ചെയ്തിട്ടുള്ളൂ. എന്നാൽ അവയിൽ ഓരോ ചിത്രവും വ്യത്യസ്തമായ ഭാവുകത്വം സമ്മാനിച്ചുവെന്നു മാത്രമല്ല ചലച്ചിത്ര വിദ്യാർത്ഥികൾക്ക് ആവർത്തിച്ചു കണ്ടുപഠിക്കാനുള്ള റഫറൻസ് പുസ്തകങ്ങളുമായി.

മനുഷ്യ ജീവിതത്തിന്റെ പലവിധ സമസ്യകളിലൂടെ ഒരു സ്വപ്നാടകനെപ്പോലെ സഞ്ചരിച്ച ജോർജ് പ്രേക്ഷകനു മുന്നിൽ അവയുടെ ഉത്തരങ്ങൾ കണ്ടെത്താനുള്ള ചിന്തയ്ക്കും വഴിതെളിച്ചു. സിനിമ വിരസമായ നിമിഷങ്ങളിലൂടെ കടന്നുപോകേണ്ട ഒന്നല്ലെന്നും അത് കാണാനെത്തുന്നവരെ പിടിച്ചിരുത്തേണ്ട വേഗവും ഒഴുക്കും പ്രദാനം ചെയ്യണമെന്നും ജോർജ് വിശ്വസിച്ചിരുന്നു. അദ്ദേഹം സിനിമയിലേക്ക് വന്ന വേളയിൽ മലയാള സിനിമയിൽ നവതരംഗം ആരംഭിച്ചുവെങ്കിലും അതിന്റെ പ്രയോക്താക്കൾ സൃഷ്ടിച്ചുവച്ച വ്യാകരണം ജോർജ് പൊളിച്ചെഴുതി.

പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠിച്ചിറങ്ങിയ ജോർജ് മലയാള സിനിമയിലെ അതികായനായിരുന്ന രാമുകാര്യാട്ടിന്റ സംവിധാന സഹായിയായാണ് രംഗപ്രവേശം ചെയ്തത്. മനുഷ്യന്റെ മനോവ്യാപാരങ്ങളിലെ സൂക്ഷ്മഭാവങ്ങൾ പ്രകടമാക്കിയ സ്വപ്നാടനം ആയിരുന്നു ആദ്യം സംവിധാനം ചെയ്ത ചിത്രം. സ്ത്രീ പുരുഷ ബന്ധങ്ങളിലെ വൈകാരിക ഇടപെടലുകൾ തുറന്നുകാട്ടിയ ആ ചിത്രത്തിന്റെ പുതുമയാർന്ന കഥനരീതി പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡുമടക്കം അനവധി അംഗീകാരങ്ങൾ ആ ചിത്രം കരസ്ഥമാക്കിയതോടെ ജോർജ് എന്ന സംവിധായകന്റെ ഉദയമായി.

ഉൾക്കടൽ, കോലങ്ങൾ, മേള, യവനിക, ഇരകൾ, പഞ്ചവടിപ്പാലം, ആദാമിന്റെ വാരിയെല്ല്, ഈ കണ്ണികൂടി, ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക്, മറ്റൊരാൾ എന്നിങ്ങനെ ജോർജ് സംവിധാനം ചെയ്ത ഓരോ ചിത്രവും സിനിമയിലെ നാഴികക്കല്ലുകളായി. ജോർജിന്റെ ഏറ്റവും മികച്ച ചിത്രം ഏതാണെന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ ഉത്തരം യവനിക എന്നായിരുന്നു. എന്നാൽ എല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നുവെന്നു പറയുന്നതാണ് ശരി. വിൻസന്റ് മാസ്റ്റർ സംവിധാനം ചെയ്ത ഭാർഗവിനിലയം പോലെ ഓരോ ഫ്രെയിമും സമ്പൂർണ്ണത പ്രകടമാക്കിയ ചിത്രമായിരുന്നു യവനിക. ക്രൈം ത്രില്ലർ എന്ന് വിശേഷിപ്പിക്കാമെങ്കിലും സിനിമയുടെ ദൃശ്യഭാഷ ഉള്ളംകൈയിലിട്ട് അമ്മാനമാടിയ പ്രഗത്ഭനായ സംവിധായകന്റെ കൈയൊപ്പ് പതിഞ്ഞ ചിത്രവുമായിരുന്നു അത്. ഉദ്വേഗത്തിന്റെ മുൾമുനയിൽ നിറുത്തി ഓരോ രംഗവും പ്രേക്ഷകനെ വിസ്മയിപ്പിച്ചു മുന്നോട്ടു പോകുന്ന ചിത്രം. രഹസ്യം ചുരുൾ നിവർത്തിയ ക്ളൈമാക്സ് അറിഞ്ഞവർ ആ സിനിമ വീണ്ടും വീണ്ടും കാണുന്നത് ഉദാത്തമായ കലയുടെ കളിയാട്ടം എല്ലാ സൗന്ദര്യത്തോടെയും അതിൽ അടങ്ങിയതിനാലാണ്. ഭരത് ഗോപി എന്ന അതുല്യനായ നടൻ യവനികയിൽ അവതരിപ്പിച്ച തബലിസ്റ്റ് അയ്യപ്പനെന്ന കഥാപാത്രത്തിന്റെ പ്രകടനം ഇന്ത്യൻ സിനിമയിലെതന്നെ ഏറവും ഉജ്ജ്വലമായ അഭിനയ മാതൃകകളിലൊന്നാണ്. മലയാളത്തിലെ പ്രഗത്ഭരായ അഭിനേതാക്കൾക്കൊക്കെ അവരുടെ കലാജീവിതത്തിലെ മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച സംവിധായകനാണ് ജോർജ്. യവനിക ഭരത് ഗോപിക്കു മാത്രമല്ല മമ്മൂട്ടിക്കും വഴിത്തിരിവായ ചിത്രമായിരുന്നു. പഞ്ചവടിപ്പാലത്തിലെ ഭരത് ഗോപി അവതരിപ്പിച്ച ദുശ്ശാസനക്കുറുപ്പ്, ആദാമിന്റെ വാരിയെല്ലിലെ മുതലാളി, മറ്റൊരാളിലെ കരമന ജനാർദ്ദനൻ നായരുടെ കഥാപാത്രം, കോലങ്ങളിൽ തിലകൻ അവതരിപ്പിച്ച കള്ളുവർക്കി എന്നിങ്ങനെ എത്രയെത്ര കഥാപാത്രങ്ങൾ. ശ്രീവിദ്യയെന്ന നടി ഇരകളിലെ ആനിയായും, ആദാമിന്റെ വാരിയെല്ലിലെ ആലീസായും കാഴ്ചവച്ച അഭിനയ ചാരുത അവിസ്മരണീയമായിരുന്നു.

ജോർജ് സംവിധാനം ചെയ്ത കോലങ്ങൾ പോലെ കേരളത്തിലെ ഗ്രാമ്യജീവിതം അവതരിപ്പിച്ച ചിത്രങ്ങൾ അപൂർവമാണ്. ജീവിതത്തിന്റെ ചൂടും ചൂരുമുള്ള മനുഷ്യർക്കിടയിലെ പകയും വഞ്ചനയും പ്രതികാരവും പ്രണയവും കരുണയുമൊക്കെ ചിത്രീകരിച്ച കോലങ്ങൾ മലയാള സിനിമയിലെ എന്നത്തേയും മികച്ച ചിത്രങ്ങളിലൊന്നായിരുന്നു. മലയാളത്തിലെ ആദ്യത്തെ ക്യാമ്പസ് ചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന ഉൾക്കടൽ പ്രണയഭംഗത്തിന്റെ നൊമ്പരമായി മാറി. പഞ്ചവടിപ്പാലം എയ്തുവിട്ട രാഷ്ട്രീയ ആക്ഷേപഹാസ്യത്തിന്റെ കൂരമ്പുകൾ ഏതു കാലഘട്ടത്തിലും പ്രസക്തമാണ്. കുടുംബ ജീവിതത്തിന്റെ താളപ്പിഴയിൽ വഴിപിഴയ്ക്കുന്ന ബന്ധങ്ങളെ അനാവരണം ചെയ്ത ഇരകൾ, വിവാഹേതര ബന്ധത്തിന്റെ ദുരന്തങ്ങൾ തുറന്നുകാട്ടിയ മറ്റൊരാൾ തുടങ്ങി ഓരോ ചിത്രവും യഥാതഥമായ ജീവിതത്തിന്റെ ആവിഷ്കാരങ്ങളായിരുന്നു. നടൻ ഗണേശ് കുമാറിനെ ആദ്യമായി അവതരിപ്പിച്ച ചിത്രം കൂടിയായിരുന്ന ഇരകൾ പിൽക്കാലത്ത് ദിലീഷ് പോത്തന്റെ ജോജി എന്ന സിനിമയ്ക്ക് പ്രചോദനവുമായി.

ശക്തരായിരുന്നു ജോർജിന്റെ സ്ത്രീകഥാപാത്രങ്ങൾ. സ്ത്രീപക്ഷ സിനിമകൾ എന്ന് വാചകമടിക്കുന്നവർ ആദാമിന്റെ വാരിയെല്ല് എന്ന ജോർ‌ജിന്റെ ചിത്രം പലവട്ടം കണ്ടുപഠിക്കേണ്ടതാണ്. സംവിധായകനെയും ക്യാമറയെയും തള്ളിമറിച്ചിട്ട് സ്ത്രീകൾ സ്വാതന്ത്ര്യത്തിന്റെ പുതിയ ലോകത്തേക്ക് പായുന്ന ആ ചിത്രത്തിലെ അവസാനരംഗം അന്ന് ആർക്കും ആലോചിക്കാൻ പറ്റുന്നതായിരുന്നില്ല.

അനാരോഗ്യം കാരണം ഇലവങ്കോട് ദേശം എന്ന ചിത്രത്തോടെ ജോർജ് വിശ്രമജീവിതത്തിലേക്ക് മടങ്ങുകയായിരുന്നു.

സിനിമയെ ജോർജ് എന്നും ആഴത്തിൽ സമീപിച്ചു. കരയിൽ നിൽക്കാതെ ഉൾക്കടലിലേക്കിറങ്ങി. മലയാള സിനിമയിൽ ജോർജ് വലിച്ചിട്ട കസേര മറ്റാരാൾക്കും അവകാശപ്പെടാനാവില്ല. ജോർജിന്റെ സിനിമകൾ വാണിജ്യവിജയം നേടിയപ്പോൾ മദ്ധ്യവർത്തി സിനിമയുടെ സംവിധായകൻ എന്നൊക്കെയുള്ള വിശേഷണങ്ങളുമായി ചില നിരൂപകരും മറ്റും താഴെത്തട്ടിലേക്കിറക്കി നിറുത്താൻ ശ്രമം നടത്താതിരുന്നില്ല. എന്നാൽ മലയാളത്തിലിറങ്ങിയ എക്കാലത്തെയും മികച്ച പത്ത് സിനിമകളുടെ പട്ടികയെടുത്താൽ കുളക്കാട്ടിൽ ഗീവർഗീസ് ജോർജ് എന്ന കെ.ജി.ജോർജിന്റെ ഒന്നിലധികം സിനിമകൾ അതിലുണ്ടാകും. മലയാള സിനിമയ്ക്ക് നൽകിയ ആ അനശ്വര ചിത്രങ്ങളാണ് കെ.ജി.ജോർജിന്റെ നിത്യസ്മാരകം. ആദരാഞ്ജലികൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KG GEORGE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.