ലണ്ടൻ : കന്നി ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടാൻ ഇംഗ്ളണ്ടിന് ഭാഗ്യവും തുണയായിരുന്നു, വിജയ പരാജയങ്ങൾ അവസാന പന്ത് വരെ മാറിമറിഞ്ഞ ഫൈനലിൽ അവസാനം ഭാഗ്യം ഇംഗ്ലണ്ടിനൊപ്പമായിരുന്നു. ഒടുവിൽ കിരീടത്തിൽ മുത്തമിട്ടതിന് പിന്നാലെ ഇംഗ്ലണ്ട് നായകൻ മോർഗൻ പറഞ്ഞത് അല്ലാഹു കൂടി ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു എന്നാണ്. ഇംഗ്ലണ്ടിന്റെ ലോകകപ്പ് ജയത്തിന് ഐറിഷ് ഭാഗ്യം തുണയായോ എന്ന ചോദ്യത്തിനായിരുന്നു മോര്‍ഗന്റെ മറുപടി.
അയർലൻഡ് വംശജനായ മോർഗനടക്കം ലോകകപ്പ് ഫൈനൽ കളിച്ച ഇംഗ്ലണ്ട് ടീമിലെ ആറു താരങ്ങൾ മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരാണ്.
ഇതാണ് മോർഗനോട് ഐറിഷ് ഭാഗ്യത്തെ കുറിച്ച് മാദ്ധ്യമപ്രവർത്തകർ ചോദിച്ചത്. ഇതിനാണ് അള്ളാഹു കൂടി ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു എന്ന് മോർഗൻ മറുപടി നൽകിയത്. താൻ ആദില്‍ റഷീദിനോട് സംസാരിച്ചിരുന്നുവെന്നും അവനാണ് ഇംഗ്ലണ്ട് ടീമിനൊപ്പം തീര്‍ച്ചയായും അള്ളാഹു ഉണ്ടെന്ന് പറഞ്ഞതെന്നും മോർഗൻ കൂട്ടിച്ചേർത്തു. ഇംഗ്ലണ്ട് ടീമിലെ താരങ്ങളിൽ പലരും വ്യത്യസ്ത പശ്ചാത്തലത്തിൽ നിന്നുള്ളവരാണ്, വ്യത്യസ്ത സംസ്‌കാരത്തിൽ നിന്നുള്ളവരും. ഇത്തരത്തിലുള്ള ഒരു ടീമിനെ ലഭിച്ചത് തന്റെ ഭാഗ്യമാണെന്നും മോർഗൻ ചൂണ്ടിക്കാട്ടി.
ഇംഗ്ലണ്ടിലെത്തു മുൻപ് അയർലൻഡ് ദേശീയ ടീമിനു വേണ്ടി കളിച്ച താരമാണ് മോർഗൻ. ഫൈനലിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ബെൻ സ്റ്റോക്ക്‌സ് ന്യൂസീലൻഡിലാണ് ജനിച്ചത്. ഓപ്പണർ ജേസൺ റോയ് ജനിച്ചതാകട്ടെ ദക്ഷിണാഫ്രിക്കയിലും. പേസ് ബൗളർ ജോഫ്ര ആർച്ചർ വെസ്റ്റിൻഡീസ് വംശജനും. മോയിൻഅലിയും, ആദിൽ റഷീദും പാക് വംശജരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |