പയ്യന്നൂർ: കെട്ടിടനിർമ്മാണ പെർമിറ്റിനായി പ്രവാസിയിൽ നിന്ന് 25,000 രൂപ കൈക്കൂലി വാങ്ങവേ പയ്യന്നൂർ നഗരസഭ ബിൽഡിംഗ് ഇൻസ്പെക്ടറെ വിജിലൻസ് സംഘം പിടികൂടി. പറശ്ശിനിക്കടവ് സ്വദേശി സി.ബിജുവാണ് (48) അറസ്റ്റിലായത്. ഇന്നലെ ഉച്ചയോടെ നഗരസഭ ഓഫീസിന്റെ മുൻവശത്തെ റോഡരികിൽ പാർക്ക് ചെയ്ത കാറിലിരുന്ന് പണം വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. കൊമേഴ്സ്യൽ കോംപ്ളക്സ് നിർമ്മാണ അനുമതിക്കാണ് കൈക്കൂലി ആവശ്യപ്പെട്ടത്. തുടർന്ന് പ്രവാസി വിജിലൻസ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന് പരാതി നൽകി.
വേഷംമാറിയ ഒരു വിജിലൻസ് ഉദ്യോഗസ്ഥനൊപ്പം നഗരസഭ ഓഫീസിലെത്തിയ പ്രവാസി തുക നൽകാൻ സന്നദ്ധത അറിയിച്ചു. തന്റെ കാറിൽ ഇരിക്കാമെന്ന് പറഞ്ഞ് പ്രവാസിയെയും കൂട്ടിയെത്തി ബിജു പണം വാങ്ങുന്നതിനിടെയാണ് പിടികൂടിയത്. ഫിനാഫ്തലിൻ പുരട്ടിയ നോട്ടുകളാണ് കൈമാറിയത്.
ജൂലായ് നാലിനാണ് ബിജു പയ്യന്നൂർ നഗരസഭയിൽ ബിൽഡിംഗ് ഇൻസ്പെക്ടറായി ചുമതലയേറ്റത്. അടുത്തമാസം ബിൽഡിംഗ് സെക്ഷൻ എൻജിനിയറായി പ്രൊമോഷൻ ലഭിക്കേണ്ടതായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |