ഉപഭോക്താക്കളെ എന്നും ശത്രുപക്ഷത്തു നിറുത്തി അവരിൽ ഏകപക്ഷീയ തീരുമാനങ്ങൾ അടിച്ചേൽപിക്കാറുള്ള കെ.എസ്.ഇ.ബി വീണ്ടുമൊരു നിരക്കു വർദ്ധനയ്‌ക്ക് കോപ്പുകൂട്ടുകയാണ്. മിക്കവാറും അടുത്തയാഴ്ച തന്നെ അതു സംബന്ധിച്ച തീരുമാനം വരും. സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യത്തിന്റെ ഇരുപതോ ഇരുപത്തിയഞ്ചോ ശതമാനം മാത്രം ഉത്‌പാദിപ്പിക്കാനേ ഇത്ര കാലമായിട്ടും കെ.എസ്.ഇ.ബിക്ക് കഴിയുന്നുള്ളൂ. ശേഷിക്കുന്നത് പുറമേനിന്നു വാങ്ങിക്കൊണ്ടിരിക്കുന്നു. ഇതിന്റെ ചെലവാകട്ടെ ഭീമമാണ്. അപ്പപ്പോൾ ഉപഭോക്താക്കളുടെ മേൽ അധികനിരക്കും സെസും ചുമത്തി കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോവുകയാണ്. താരതമ്യേന കുറഞ്ഞ വിലയ്ക്കു കിട്ടേണ്ടിയിരുന്ന വൈദ്യുതി കരാറുകൾ കാലാവധിയെത്തും മുമ്പേ റദ്ദാക്കേണ്ടിവന്നതിന്റെ ക്ഷീണം തീർക്കാനാണ് വീണ്ടും നിരക്കു വർദ്ധനയെക്കുറിച്ച് ആലോചിക്കുന്നത്.
ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ ദിവസേന എട്ടുകോടി രൂപ മുതൽ 12 കോടി വരെ ചെലവഴിക്കേണ്ടിവരുന്ന വൈദ്യുതി ബോർഡിന് പത്തു വർഷത്തിലധികമായി നടന്നുകൊണ്ടിരിക്കുന്ന കൊച്ചുകൊച്ചു ജലവൈദ്യുതി പദ്ധതികൾ പൂർത്തീകരിക്കാൻ കഴിയുന്നില്ല. ഒന്നും രണ്ടുമല്ല, ഇത്തരം 128 പദ്ധതികളാണ് ഒരു ദശാബ്ദമായി മുടങ്ങിക്കിടക്കുന്നത്. ഇവയെല്ലാം സമയബന്ധിതമായി പൂർത്തിയായിരുന്നെങ്കിൽ എഴുന്നൂറു മെഗാവാട്ട് വൈദ്യുതി ലഭിക്കുമായിരുന്നു എന്നാണ് കണക്ക്. ജലവൈദ്യുതിയായതിനാൽ ഉത്‌പാദനച്ചെലവ് യൂണിറ്റിന് കേവലം ഒരുരൂപ മാത്രം. സ്വന്തം കൈയിലുള്ളതു കാണാതെ മറ്റിടങ്ങളിലെ കമ്പനികളുടെ പിറകേ പോയി ഭാരിച്ച വില നൽകി വൈദ്യുതി വാങ്ങുന്നതിലാണ് ബോർഡ് അധികൃതർക്ക് താത്‌പര്യം. ഇതിനായി പ്രതിവർഷം പതിനൊന്നായിരം കോടി രൂപ വരെ മുടക്കാൻ ബോർഡിന് തെല്ലും മടിയില്ല.
ഉത്‌പാദന വർദ്ധനയ്ക്ക് ഉതകുന്ന പദ്ധതികൾ വർഷങ്ങളായി വഴിയിൽ കിടന്നുപോയിട്ടും കണ്ടില്ലെന്നു നടിച്ചതാണ് അമിതവിലയ്ക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ട സാഹചര്യം സൃഷ്ടിച്ചത്. റദ്ദാക്കപ്പെട്ട കരാറുകൾ പുനഃസ്ഥാപിക്കാൻ ഓടിനടക്കുന്ന ബോർഡ് മേധാവികൾ ഈ യാഥാർത്ഥ്യം കണ്ടില്ലെന്നു നടിക്കുകയാണ്. കെടുകാര്യസ്ഥതയും അലംഭാവവും മുഖമുദ്രയാക്കിയ ബോർഡിനുണ്ടാകുന്ന ഏത് അധികച്ചെലവും ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാമല്ലോ എന്ന ഹുങ്കാണ്. ഇപ്പോൾത്തന്നെ രാജ്യത്ത് ഏറ്റവും ഉയർന്ന വൈദ്യുതിനിരക്ക് പ്രാബല്യത്തിലുള്ള സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. വൻകിട പദ്ധതികൾക്കുള്ള സാദ്ധ്യത തുലോം വിരളമായിരിക്കെ, ലഭ്യമായ ഏതു ചെറുപദ്ധതികളെയും ആശ്രയിക്കുകയാണ് പോംവഴി. ഒപ്പം പാരമ്പര്യേതര ഊർജ്ജ സ്രോതസുകൾ പരമാവധി പ്രയോജനപ്പെടുത്താനും കഴിയണം. എന്നാൽ ഈ മേഖലയോട് വലിയ താത്‌പര്യമൊന്നും കാണിക്കുന്നില്ല.
പ്രവചനാതീതമായ നിലയിൽ കാലവർഷത്തിന്റെ സ്വഭാവത്തിൽ വന്ന മാറ്റം ബോർഡിന്റെ ചെലവുകൾ വർദ്ധിപ്പിക്കുന്നുണ്ട്. എന്നാൽ, കാലവർഷം എക്കാലവും ഒരുപോലെയാകില്ലെന്ന് വിദഗ്ദ്ധരല്ലാത്തവർക്കു പോലും ഇപ്പോൾ അറിവുള്ള കാര്യമാണ്. അതു മുന്നിൽക്കണ്ട് പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുന്നതിലാണ് വൈദഗ്ദ്ധ്യം കാണിക്കേണ്ടത്. നിർഭാഗ്യവശാൽ ബോർഡിലെ പ്രമാണിമാർക്ക് അത്തരം ചിന്തയൊന്നുമില്ല. ഇതിന് ഒപ്പം നിൽക്കാൻ ഒരു റെഗുലേറ്ററി കമ്മിഷനുമുണ്ട്.
പവർകട്ടോ ലോഡ്‌ഷെഡിംഗോ ഉപഭോക്താക്കൾ ഒട്ടും ആഗ്രഹിക്കുന്നില്ലെന്നത് സത്യമാണ്. അതുകൊണ്ടാണ് ബോർഡ് എത്ര ഉയർന്ന വില നൽകിയും പുറമേനിന്ന് വൈദ്യുതി വാങ്ങാൻ തയ്യാറാവുന്നത്. ബോർഡിന്റെ അലംഭാവത്തിന്റെ ഇരകളാണെന്നു ബോദ്ധ്യമായിട്ടും ഉപഭോക്താക്കൾ കൂടെക്കൂടെയുള്ള നിരക്കു വർദ്ധന അംഗീകരിക്കേണ്ടിവരുന്നു. അല്ലാതെ വഴിയില്ലല്ലോ!
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |