കാനഡയിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യാ വിമാനമായ കനിഷ്‌ക ഖാലിസ്ഥാൻ ഭീകരർ ബോംബുവച്ച് തകർത്തത് ഇന്ത്യയ്ക്ക് ഒരിക്കലും മറക്കാനാവാത്ത ദുരന്തമാണ്. 1985 ജൂൺ 23ന് നടന്ന ദുരന്തത്തിൽ 280 കനേഡിയൻ പൗരന്മാർ ഉൾപ്പെടെ 331 പേരുടെ ജീവനാണ് ആകാശത്ത് പൊലിഞ്ഞത്. ഈ കേസിൽ ഒരൊറ്റയാൾ മാത്രമാണ് കാനഡയിൽ ജയിൽശിക്ഷ അനുഭവിച്ചത്- ബോംബ് നിർമ്മിച്ച ഇന്ദ്രർസിംഗ് റെയാത്ത് എന്ന സിക്ക് കുടിയേറ്റ വംശജൻ. പതിനഞ്ച് വർഷത്തോളം ജയിലിൽ കിടന്നതിനു ശേഷം അയാൾ മോചിതനാവുകയും ചെയ്തു. ഇതിൽനിന്ന് നമുക്ക് മനസ്സിലാവുന്ന പാഠം, അന്യരാജ്യത്തിരുന്ന് ഇന്ത്യയ്ക്കെതിരെ ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നവർ നിയമത്തിന്റെ പിടിയിലാകാതെ രക്ഷപ്പെടുമെന്നതാണ്. സമാനമായ ദുരന്തം ഇന്ത്യയിലാണ് നടന്നിരുന്നതെങ്കിൽ അതിനു പിന്നിൽ പ്രവർത്തിച്ച ഭൂരിപക്ഷം പേരും അറസ്റ്റിലാകുമായിരുന്നു.
കാനഡയിൽ പോയി പണക്കാരായി മാറിയ സിക്കുകാരിലെ ഒരു ചെറിയ വിഭാഗം കടുത്ത ഇന്ത്യാ വിരോധം പുലർത്തുന്നവരും ഖാലിസ്ഥാൻ വാദികളുമാണ്. ദേശീയപതാക ഉൾപ്പെടെയുള്ള ഇന്ത്യയുടെ പ്രതീകങ്ങളെ നിരന്തരം അവഹേളിക്കുന്നതും അപമാനിക്കുന്നതും ഇവരുടെ വിനോദങ്ങളിൽ ഒന്നാണ്. കാനഡ സർക്കാരിന്റെ സഹകരണം ലഭിക്കാത്തതിനാൽ ഇന്ത്യൻ ഭരണകൂടത്തിന് ഇവർക്കെതിരെ ഒന്നും ചെയ്യാനാവാത്ത അവസ്ഥയാണുള്ളത്. കനേഡിയൻ പൗരത്വം സ്വീകരിച്ചവരാണ് ഇവരിൽ ഭൂരിപക്ഷവും. അതേസമയം ഇവർ ഒ.സി.ഐ കാർഡും (ഓവർസീസ് ഇന്ത്യൻ സിറ്റിസൺഷിപ്പ് കാർഡ്) എടുത്തിട്ടുണ്ട്. ഇന്ത്യൻ പൗരത്വമില്ലാത്ത ഇന്ത്യക്കാർക്ക് വിദേശകാര്യ മന്ത്രാലയം നൽകുന്നതാണ് ഒ.സി.ഐ കാർഡ്. ഈ കാർഡ് ഉള്ളവർക്ക് ഇന്ത്യയിലേക്കു വരാൻ ആജീവനാന്ത വിസ ലഭിക്കും. ഇന്ത്യയിൽ വന്നാൽ ആ വിവരം അധികൃതരെ അറിയിക്കേണ്ട ആവശ്യമില്ല. ഇന്ത്യയിൽ സ്വത്ത് വാങ്ങാനും കൈമാറ്റം ചെയ്യാനും കഴിയും. ഇന്ത്യ സർക്കാർ നൽകിയിരിക്കുന്ന ഈ സൗജന്യം ചിലരെങ്കിലും ഭീകരപ്രവർത്തനത്തിന് സഹായം നൽകാനായാണ് ഉപയോഗിക്കുന്നത്. ഇതു തിരിച്ചറിഞ്ഞതിനാലാണ് വിദേശരാജ്യങ്ങളിലെ ഖാലിസ്ഥാൻ ഭീകരരുടെ ഒ.സി.ഐ കാർഡുകൾ റദ്ദാക്കാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങിയിരിക്കുന്നത്.
ഖാലിസ്ഥാൻ വാദി ഗുർപട്‌വന്ത് സിംഗ് പന്നുവിന്റെ സ്വത്ത് സർക്കാർ കണ്ടുകെട്ടുകയും ചെയ്തു. ഇതിനു പിന്നാലെ 19 ഖാലിസ്ഥാൻ ഭീകരരുടെ സ്വത്തുവിവരങ്ങൾ എൻ.ഐ.എ ശേഖരിച്ചുവരികയാണ്. യു.കെ, യു,എസ്, കാനഡ, ദുബായ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ കഴിയുന്ന ഈ 19 പേർക്കെതിരെ യു.എ.പി.എയും ചുമത്തി. ഇവരുടെ മാത്രമല്ല, ഇവർക്ക് ഇന്ത്യയിലിരുന്ന് സഹായങ്ങൾ നൽകുന്നവരുടെ സ്വത്തും കണ്ടുകെട്ടേണ്ടതാണ്. അങ്ങനെ വന്നാലേ ഇന്ത്യയിൽനിന്ന് രഹസ്യമായി ലഭിച്ചുകൊണ്ടിരിക്കുന്ന പിന്തുണ ഇല്ലാതാവൂ. ഭീകരവാദികളെ നേരിടുന്നത് നിർദ്ദയമായ നടപടികളിലൂടെ തന്നെയാവണം. അവരുടെ ചെവിയിൽ വേദമോതിയിട്ട് കാര്യമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |