SignIn
Kerala Kaumudi Online
Monday, 26 February 2024 3.31 PM IST

പനിച്ചൂടിൽ വിറയ്ക്കുന്ന കേരളം

photo

പഴയകാലത്ത് ജലദോഷവും പനിയുമൊക്കെ വലിയ ചികിത്സ ആവശ്യമില്ലാത്ത സാധാരണ രോഗങ്ങളായിരുന്നു. ഇന്നാകട്ടെ അത് ജീവനെടുക്കുന്നവയായി മാറിയിരിക്കുന്നു. ഡെങ്കിപ്പനി, എലിപ്പനി, ചെള്ളുപനി തുടങ്ങി വ്യത്യസ്ത ഇനങ്ങളിലുള്ള പനിയാണ് പടർന്നുപിടിക്കുന്നത്. പനി മാറിയാലും മാസങ്ങളോളം രോഗിയെ പരിക്ഷീണനാക്കുന്ന തരം പനികളാണ് പടരുന്നത്. ഇതിന്റെ കാരണങ്ങളെപ്പറ്റി ശാസ്‌ത്രീയ പഠനങ്ങൾ ആവശ്യമാണ്. മാലിന്യം പെരുകുന്നതിന്റെ ഫലമായി എലികളുടെയും കൊതുകുകളുടെയും മറ്റും ബാഹുല്യമാണ് മാരകമായ പനികൾ പടർന്നുപിടിക്കാൻ പ്രധാന കാരണം. ഇക്കൊല്ലം സംസ്ഥാനത്ത് 375 പേർക്കാണ് മലേറിയ സ്ഥിരീകരിച്ചത്. നാലുപേർ മരിക്കുകയും ചെയ്തു. എലിപ്പനി 165 പേരുടെ ജീവനെടുത്തു. ഔദ്യോഗിക കണക്കനുസരിച്ച് കഴിഞ്ഞ 25 ദിവസത്തിനിടെ സംസ്ഥാനത്ത് പകർച്ചപ്പനി ബാധിച്ചത് 1,89,524 പേർക്കാണ്. സർക്കാർ ആശുപത്രികളിലെ പനി ഒ.പിയിലാണ് നിലവിൽ ഏറ്റവും കൂടുതൽ തിരക്കുള്ളത്. ഇക്കാലയളവിൽ 1390 പേർക്ക് ഡെങ്കിയും 161 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. എച്ച് 1 എൻ 1 കേസുകളും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇതുവരെ 53 പേരാണ് എച്ച് 1 എൻ 1 ലക്ഷണങ്ങളോടെ ആശുപത്രികളിലെത്തിയത്. ഇതിൽ 42 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഏഴുപേർ എച്ച് 1 എൻ 1 ബാധിച്ച് മരിക്കുകയും ചെയ്തു. മഴക്കാലത്ത് പനി ബാധിക്കുന്നവരുടെ എണ്ണം കൂടാറുണ്ടെങ്കിലും ഇപ്പോൾ വന്നിരിക്കുന്ന വർദ്ധന സർവകാല റെക്കാഡാണ്. മാലിന്യനിർമ്മാർജ്ജനം യാതൊരു വിട്ടുവീഴ്‌ചയുമില്ലാതെ നടത്താതെ നമുക്ക് രോഗങ്ങളെ പ്രതിരോധിക്കാൻ മാർഗമില്ല. ഒപ്പം പ്രതിരോധ പ്രവർത്തനങ്ങളും ഉൗർജ്ജിതപ്പെടുത്തണം.

ബോധവത്‌കരണത്തിനും പ്രതിരോധത്തിനുമായി ആശാപ്രവർത്തകർക്കൊപ്പം ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്‌സുമാരും ഹെൽത്ത് സൂപ്പർ വൈസർമാരും ഇൻസ്പെക്ടർമാരും മറ്റും അടങ്ങുന്ന വലിയൊരു വിഭാഗം പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇത്തരം പൊതുജനാരോഗ്യ മേഖലയിൽ നൂറുകണക്കിന് ഒഴിവുകൾ നികത്തപ്പെട്ടിട്ടില്ല. പനി പ്രതിരോധപ്രവർത്തനത്തിനൊപ്പം മതിയായ ജീവനക്കാരെ നിയോഗിച്ച് ഒഴിവുകൾ നികത്തുന്നതിനും ആരോഗ്യവകുപ്പ് മുൻഗണന നൽകണം.

പുതിയ കേരളം പഴയതുപോലെ മലയാളികൾ മാത്രം ജീവിക്കുന്ന സ്ഥലമല്ല. ഇന്ത്യയിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളിൽ നിന്നും തൊഴിലാളികൾ ഇവിടെയെത്തി സ്ഥിരതാമസം പോലെ കഴിയുന്നു. ഓരോ ദിവസവും അന്യസംസ്ഥാന തൊഴിലാളികൾ എത്തിക്കൊണ്ടുമിരിക്കുന്നു. ഇവർ സംസ്ഥാനത്ത് പ്രവേശിക്കുന്നതാകട്ടെ യാതൊരു ആരോഗ്യ പരിശോധനയ്ക്കും വിധേയരാകാതെയാണ്. ഗ്രാമീണ മേഖലകളിൽ 1200 ഡോക്ടർമാരുടെ തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകൾതന്നെ പറയുന്നു.

ഈ വർഷം ഇതുവരെ 22 ലക്ഷത്തോളം പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. നിപ ഭീഷണിയും പൂർണമായും വിട്ടകന്നിട്ടില്ല. ഒരുവശത്ത് കേരളം പുരോഗമിക്കുന്നതായി പറയുമ്പോൾ മറുവശത്ത് ആരോഗ്യമേഖലയിൽ കാര്യങ്ങൾ അത്ര പന്തിയല്ല. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരുന്ന് വിറ്റഴിക്കപ്പെടുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണെന്നത് മറക്കാനാവില്ല. ആരോഗ്യരംഗത്തെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ധനം വിനിയോഗിക്കാനുള്ള തീരുമാനവും സർക്കാർ തലത്തിലുണ്ടാകണം. ധനം പോയാൽ അത് വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ നടത്താം. എന്നാൽ ആരോഗ്യം നഷ്ടപ്പെട്ടാൽ എല്ലാം നഷ്ടപ്പെടുന്നതിന് തുല്യമാണെന്നത് വിസ്‌മരിക്കരുത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FEVER PANIC IN KERALA
KERALA KAUMUDI EPAPER
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.