SignIn
Kerala Kaumudi Online
Monday, 28 September 2026 1.21 AM IST

മൂന്നാർ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ പുതിയ ടാസ്‌ക് ഫോഴ്‌സ് ഉടൻ

munnar

കൊച്ചി: മൂന്നാർ മേഖലയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ രണ്ട് ദിവസത്തിനകം പുതിയ ടാസ്‌ക്ഫോഴ്‌സിന് രൂപം നൽകുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

മൂന്നാർ മേഖലയിൽ 300ലേറെ അനധികൃത കൈയേറ്റങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും 70കേസുകളിൽ മാത്രമാണ് അപ്പീൽ നിലവിലുള്ളത്. ശേഷിച്ച കേസുകളിൽ കൈയേറ്റങ്ങൾ സമയബന്ധിതമായി ഒഴിപ്പിക്കുകയാണ് ടാസ്‌ക്ഫോഴ്‌സിന്റെ ചുമതല. അപ്പീലുകളിൽ ജില്ലാകളക്ടർ രണ്ടു മാസത്തിനുള്ളിൽ തീരുമാനമെടുക്കും.വീടു നിർമ്മിക്കാൻ ഒരു സെന്റിൽ താഴെ മാത്രമാണ് ഭൂമി കൈയേറിയിട്ടുള്ളതെങ്കിൽ അതിന് പട്ടയം നൽകുന്ന കാര്യം പരിഗണനയിലുണ്ടെന്നും സർക്കാർ വിശദീകരിച്ചു. ഇവരുടെ ലിസ്റ്റ് പ്രത്യേകം നൽകാൻ ഹൈക്കോടതി ആവശ്യപ്പെട്ടു.

മൂന്നാറിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്നും അനധികൃത നിർമ്മാണം തടയണമെന്നുമാവശ്യപ്പെട്ട് തൃശൂരിലെ വൺ എർത്ത് വൺ ലൈഫ് എന്ന സംഘടനയടക്കം നൽകിയ ഹർജികളിലാണ് സർക്കാർ വിശദീകരണം.. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. കൈയേറ്റം ഒഴിപ്പിക്കൽ നടപടി വ്യക്തമാക്കുന്ന പട്ടിക തിരിച്ചുള്ള വിവരങ്ങൾ നൽകാൻ ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. ഹർജികൾ രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.

റിസോർട്ടുകൾക്ക്

സ്റ്റോപ് മെമ്മോ

മൂന്നാർ മേഖലയിൽ കൈയേറി നിർമ്മിച്ച കെട്ടിടങ്ങളിൽ റിസോർട്ടുകളോ മറ്റോ പ്രവർത്തിക്കുന്നുണ്ടെങ്കിൽ നിറുത്തിവയ്പിക്കാൻ പൊലീസിനടക്കം നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഇടുക്കി ജില്ലാകളക്ടർ വ്യക്തമാക്കി. ജില്ലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കാനാവാത്ത ദുരന്ത സാദ്ധ്യതയുള്ള മേഖലകൾ കണ്ടെത്തി റിപ്പോർട്ടു ചെയ്യാൻ പഞ്ചായത്ത് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിയിരുന്നു.

പരിശീലനവും നൽകിയിട്ടും ഇത്തരം മേഖലകൾ കണ്ടെത്താൻ കഴിയുന്നില്ലെന്ന് പഞ്ചായത്ത് സെക്രട്ടറിമാർ അറിയിച്ചു. ഇവർക്ക് പരിശീലനം നൽകിയ ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ ഇക്കാര്യത്തിൽ വിശദീകരണത്തിന് സമയം തേടി. ഈ വിഷയത്തിൽ കേന്ദ്രസർക്കാർ ഫലപ്രദമായി ഇടപെടുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.

സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടാലേ കേന്ദ്രത്തിന് ഇതിൽ ഇടപെടാനാവൂയെന്ന് കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ വ്യക്തമാക്കി. അതേ സമയം, വൺ എർത്ത് വൺ ലൈഫ് എന്ന പേരിൽ മറ്റൊരു സംഘടനയും ഹർജിയുമായി രംഗത്തെത്തി. മൂന്നാർ മേഖലയിലെ ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്ന് കോടതി ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MUNNAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA