എസ്എസ് രാജമൗലി, രോഹിത് ഷെട്ടി, പ്രാശാന്ത് നീൽ... ഇന്ത്യൻ ബോക്‌സോഫീസിൽ സമീപ കാലത്ത് വമ്പൻ ഹിറ്റുകൾ നേടിയ സംവിധായകർ ആരൊക്കെയാണെന്ന് ചോദിച്ചാൽ ആദ്യം ഓർക്കുന്ന പേരുകളാണിത്. സിനിമയിൽ സൂപ്പർ സ്റ്റാറുകൾക്ക് ലഭിക്കുന്ന താരപരിവേഷവും ഈ സംവിധായകരെ തേടി എത്താറുണ്ട്. ഇപ്പോഴിതാ ബോളിവുഡ് സിനിമാലോകം അടക്കം ചർച്ച ചെയ്യുന്ന ഒരു സംവിധായകനെ കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായി കൊണ്ടിരിക്കുന്നത്.
ഈ സംവിധായകൻ തിരക്കഥ പോലും ഇല്ലാതെ അടുത്ത സിനിമയ്ക്കായി വാങ്ങിയ അഡ്വാൻസ് തുകയാണ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റാൻ കാരണമായത്. രജനീകാന്തിന്റെ ഏറ്റവും അവസാനമായി പുറത്തിറങ്ങിയ ജയിലറിന്റെ സംവിധായൻ നെൽസൺ ദിലീപ് കുമാർ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി തിരക്കഥ പോലുമില്ലാതെ 55 കോടി രൂപ അഡ്വാൻസ് തുകയായി സ്വീകരിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ജയിലർ ഹിറ്റായതിന് പിന്നാലെ രണ്ടാം ഭാഗം പുറത്തിറങ്ങുമെന്ന സൂചന നേരത്തെ പുറത്തുവന്നിരുന്നു. ഫിലിം ട്രേഡ് അനലിസ്റ്റായ മനോബാല വിജയബാലൻ ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇത് സത്യമാണെങ്കിൽ ജയിലർ 2 വിലൂടെ നെൽസൺ ദിലീപ് കുമാർ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംവിധായകനാകുമെന്നും അദ്ദേഹം ട്വീറ്റിൽ സൂചിപ്പിച്ചു.
നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംവിധായകർ എസ്എസ് രാജമൗലി, രോഹിത് ഷെട്ടി എന്നിവരാണ്. അതേസമയം, നെൽസൺ 55 കോടി രൂപ ജയിലർ 2ന് അഡ്വാൻസ് വാങ്ങിയെന്നത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.
ബോക്‌സോഫീസ് 'തൂക്കിയടിച്ച്' ജയിലർ
രജനീകാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത ജയിലർ ബോക്‌സോഫീസിൽ വലിയ ഹിറ്റാണ് സമ്മാനിച്ചത്. ചിത്രം ആഗോളതലത്തിൽ 600 കോടിയോളം കളക്ടറ്റ് ചെയ്‌തെന്നാണ് റിപ്പോർട്ട്. രജനീകാന്തിനൊപ്പം വിനായകൻ, രമ്യ കൃഷ്ണൻ, ജാക്കി ഷ്രോഫ്, ശിവ രാജ്കുമാർ, മോഹൻലാൽ, തമന്ന എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.
സൺ പിക്‌ചേഴ്സാണ് ചിത്രം നിർമ്മിച്ചത്. സിനിമ ഹിറ്റ് അടിച്ചതിന് പിന്നാലെ രജനീകാന്ത്, നെൽസൺ, അനിരുദ്ധ് എന്നിവർക്ക് കലാനിധി മാരൻ ആഡംബര കാറുകൾ അടക്കം സമ്മാനിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |