തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസും താനും തമ്മിലെന്താണ് ബന്ധമെന്ന് അറിയില്ലെന്ന് തൃശൂർ സഹകരണ ബാങ്ക് പ്രസിഡന്റും സി പി എം സംസ്ഥാന സമിതി അംഗവുമായ എം കെ കണ്ണൻ. ഇ ഡി അറസ്റ്റ് ചെയ്യുമെന്ന പേടിയില്ല. ഒന്നര വർഷം ജയിലിൽ കിടന്നയാളാണ് താനെന്നും അദ്ദേഹം പ്രതികരിച്ചു.
'ഒരു ബാങ്കിന്റെ അക്കൗണ്ടിൽ പണം വരുന്നതും, ട്രാൻസ്‌ഫർ ചെയ്യുന്നതൊന്നും നോക്കുന്നത് പ്രസിഡന്റിന്റെ ഉത്തരവാദിത്തമല്ല. പാൻ കാർഡൊക്കെ കൊണ്ടുവന്ന് ചെയ്യേണ്ടത് അവരുടെ ബാദ്ധ്യതയാണ്. എന്റെ പണിയല്ല അത്. കരുവന്നൂരിലെ ആളുകൾക്ക് പണം മടക്കി കിട്ടണം. അവർ പാവങ്ങളാണ്. അവർക്ക് നിക്ഷേപം മടക്കിക്കൊടുക്കാൻ വേണ്ടി ഉത്സാഹിക്കുന്ന ഒരു സഹകാരിയാണ് ഞാൻ.'- അദ്ദേഹം വ്യക്തമാക്കി.
നിരപരാധികളായ പാർട്ടി പ്രവർത്തകരെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ഇ ഡി ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത പി ആർ അരവിന്ദാക്ഷന്റെ ബിസിനസിനെക്കുറിച്ച് തനിക്കറിയില്ലെന്നും അദ്ദേഹത്തിന് അനധികൃതമായ സ്വത്തുക്കളുണ്ടെങ്കിൽ അന്വേഷിച്ച് നടപടിയെടുക്കണമെന്നും കണ്ണൻ ആവശ്യപ്പെട്ടു.
'എ കെ 47നുമായി ഇവിടെ വന്ന് നിൽക്കേണ്ട കാര്യമെന്താ. എന്താ ലക്ഷ്യം. ഞങ്ങളോട് വന്ന് ചോദിക്കാൻ അവർക്ക് അവകാശമുണ്ട്. ഒരു തടസവുമില്ലല്ലോ. ഞങ്ങൾ വിളിച്ചാൽ പോകില്ലേ. അരവിന്ദാക്ഷൻ മാത്രമല്ല റിയൽ എസ്‌റ്റേറ്റും മറ്റും ചെയ്ത് കാശുണ്ടാക്കിയ വേറെയും ആളുകൾ ഉണ്ടെന്നാണ് എന്റെ അറിവ്. അനധികൃതമായി അരവിന്ദാക്ഷന് സ്വത്തുണ്ടെങ്കിൽ ഇ ഡി അന്വേഷിക്കട്ടെ, നടപടിയെടുക്കട്ടെ. എനിക്കെന്താണ് അതിൽ ബന്ധം.'- അദ്ദേഹം ചോദിക്കുന്നു.
അതേസമയം, കരുവന്നൂർ ബാങ്കിലെ ബിനാമി, കള്ളപ്പണ ഇടപാടിൽ വടക്കാഞ്ചേരി നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും സി പി എം അത്താണി ലോക്കൽ കമ്മിറ്റി അംഗവുമായ പി.ആർ അരവിന്ദാക്ഷനു പുറമേ, അദ്ദേഹവുമായി അടുപ്പമുള്ള ഉന്നതരാഷ്ട്രീയ നേതാക്കൾക്കും പങ്കുണ്ടെന്ന് ഇ ഡി വ്യക്തമാക്കി. അരവിന്ദാക്ഷനെ റിമാൻഡ് ചെയ്‌തിട്ടുണ്ട്. അരവിന്ദാക്ഷന് 50ലക്ഷംരൂപയുടെ നിക്ഷേപവും ബിനാമി സ്വത്തുക്കളുമുണ്ടെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
കേസിൽ അറസ്റ്റിലാവുന്ന ആദ്യ നേതാവാണ് അരവിന്ദാക്ഷൻ. ഇന്നലെ ഉച്ചയോടെ വടക്കാഞ്ചേരി പാർളിക്കാട്ടെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. രണ്ടുദിവസം കസ്റ്റഡിയിൽ വേണമെന്ന ഇ.ഡിയുടെ അപേക്ഷ കള്ളപ്പണം വെളുപ്പിക്കൽ നിരോധനകേസുകൾ കൈകാര്യം ചെയ്യുന്ന കലൂരിലെ കോടതി ഇന്ന് പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |