തമിഴ്‌നാട്ടിൽ ബി.ജെ.പിയുമായി സഖ്യം അവസാനിപ്പിച്ച എ.ഐ.എ.ഡി.എംകെയുടെ തീരുമാനം രാഷ്ട്രീയകേന്ദ്രങ്ങളിൽ കാര്യമായ ചലനമൊന്നും ഉളവാക്കിയിട്ടില്ല. വലിയ രാഷ്ട്രീയലാഭമൊന്നും ഉണ്ടാക്കാനാകാതെ തുടർന്നുപോന്ന ഈ സഖ്യം ഇരുപാർട്ടികൾക്കും ബാദ്ധ്യതയായി മാറിയിരുന്നു. എന്നിരുന്നാലും ഇത്രവേഗം അതിനു കർട്ടൻ വീഴുമെന്ന് ആരും പ്രതീക്ഷിച്ചില്ല. അടുത്ത വർഷം ആദ്യം നടക്കേണ്ട ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ ബി.ജെ.പിക്കു മാത്രമല്ല, എ.ഡി.എം.കെയ്ക്കും ചില്ലറ നേട്ടമെങ്കിലും ഉണ്ടാക്കാനുള്ള സാദ്ധ്യത സഖ്യം തകർന്നതോടെ തീർത്തും ഇല്ലാതായിക്കഴിഞ്ഞു എന്നതാണ് യാഥാർത്ഥ്യം.
വർദ്ധിച്ച കരുത്തോടെ തിരിച്ചെത്തിയ ഡി.എം.കെയ്ക്കു മുമ്പിൽ എ.ഡി.എം.കെയും ബി.ജെ.പിയും ഒരു ചെറിയ ശക്തിപോലുമല്ലെന്ന് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പു തന്നെ തെളിയിച്ചതാണ്. സംസ്ഥാനത്തെ മുപ്പത്തൊൻപതു ലോക്‌സഭാ സീറ്റുകളിൽ ഒരെണ്ണം മാത്രമാണ് എ.ഡി.എം.കെയ്ക്കൊപ്പം പോയത്. അതുതന്നെ പിന്നീട് തിരഞ്ഞെടുപ്പു കേസിൽപ്പെട്ട് നഷ്ടമാവുകയും ചെയ്തു. ദക്ഷിണേന്ത്യയിൽ എന്തെങ്കിലും നേട്ടമുണ്ടാക്കാനുള്ള ബി.ജെ.പിയുടെ സ്വപ്നത്തിനാണ് തമിഴ്‌നാട്ടിലെ തിരിച്ചടി കുരുക്കായത്. ബി.ജെ.പിയുടെ സഖ്യകക്ഷിയെന്ന നിലയ്ക്ക് എ.ഡി.എം.കെയുടെ നേതാക്കൾ ഒട്ടേറെ സാമ്പത്തിക കേസുകളിൽനിന്ന് രക്ഷപ്പെട്ടു നിൽക്കുകയായിരുന്നു. സഖ്യം പിരിഞ്ഞ നിലയ്ക്ക് കേസുകൾ പുനരുജ്ജീവിപ്പിച്ചുകൂടെന്നില്ല. രാഷ്ട്രീയമാണല്ലോ പലപ്പോഴും സാമ്പത്തിക കുറ്റകൃത്യങ്ങളുടെ ഭാവി നിർണയിക്കാറുള്ളത്.
തമിഴ്‌നാട് ബി.ജെ.പി അദ്ധ്യക്ഷനായി മുൻ ഐ.പി.എസുകാരനായ കെ. അണ്ണാമലൈയെ നിയമിച്ചതു മുതലാണ് സഖ്യത്തിൽ പൊട്ടിത്തെറിയുണ്ടായത്. സഖ്യകക്ഷിയുടെ വികാരങ്ങൾ മാനിക്കാതെ തന്നിഷ്ടപ്രകാരം പാർട്ടിയെ നയിക്കാൻ മുതിർന്ന അണ്ണാമലൈ കുറഞ്ഞസമയം കൊണ്ടുതന്നെ എ.ഡി.എം.കെ നേതാക്കളെ ആവോളം വെറുപ്പിച്ചു. രാഷ്ട്രീയസഖ്യത്തിൽ പുലർത്തേണ്ട മര്യാദകൾ അദ്ദേഹം പാലിച്ചില്ലെന്നു മാത്രമല്ല, സഖ്യനേതാക്കളെ പരസ്യമായി നിന്ദിക്കുകപോലും ചെയ്തിരുന്നു. പഴയ പൊലീസ് മേധാവിയുടെ ധാർഷ്ട്യവും പത്രാസും തെല്ലും ഉപേക്ഷിക്കാൻ തയ്യാറായതുമില്ല. രാഷ്ട്രീയത്തിലെ മെയ്‌വഴക്കം അണ്ണാമലൈയെ സംബന്ധിച്ചിടത്തോളം ഒട്ടുംതന്നെ ഇല്ലാതിരുന്നതും സഖ്യത്തിന് വലിയ തിരിച്ചടിയായി.
തിരഞ്ഞെടുപ്പ് അടുക്കാറാകുമ്പോൾ പഴയ രാഷ്ട്രീയസഖ്യങ്ങളിൽ ചിലതൊക്കെ തകരുന്നതും പുതിയവ രൂപംകൊള്ളുന്നതും പതിവാണ്. ഇതുപോലുള്ള രാഷ്ട്രീയസഖ്യങ്ങൾ ഏറെ കണ്ട സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്. ഡി.എം.കെയുടെ അതിശക്തമായ നേതൃത്വത്തിൽ പ്രബല രാഷ്ട്രീയസഖ്യം അപ്രതിരോധ്യമായി നിൽക്കുമ്പോൾ ചെറുപാർട്ടികൾ പലതും അതിനോടൊപ്പം നിൽക്കാനായിരിക്കും സ്വാഭാവികമായും ആഗ്രഹിക്കുക. അതുവഴി ചെറിയനേട്ടം കിട്ടിയാൽ അതു ലാഭമെന്നു കരുതുന്ന കക്ഷികളാണ് അധികവും.
നിലവിലുള്ള സമീപനങ്ങളിൽ മാറ്റം വേണമെന്ന് ബി.ജെ.പിക്കും ബോദ്ധ്യമായിത്തുടങ്ങിയിട്ടുണ്ട്. 2024-ൽ കാര്യങ്ങൾ വിചാരിക്കും പോലെ അത്ര ലഘുവായിരിക്കുമെന്ന് പാർട്ടിനേതൃത്വവും കരുതുന്നില്ല. മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി ഇതിനകം രണ്ടുഘട്ടം സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവിട്ടുകഴിഞ്ഞു. രണ്ടിലും ഇപ്പോഴത്തെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ പേര് ഉൾപ്പെട്ടിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ഇനിയും ലിസ്റ്റുകൾ വരാനുള്ളപ്പോൾ ചൗഹാന്റെ പേര് ഉൾപ്പെടാത്തതിൽ ദുർവ്യാഖ്യാനമൊന്നും വേണ്ടെന്നാണ് വിശദീകരണം. അങ്ങേയറ്റം കരുതലോടെയാണ് പാർട്ടി ഓരോ ചുവടും വയ്ക്കുന്നതെന്നതിന്റെ തെളിവു കൂടിയാണിത്. കർണാടകയിൽ ജെ.ഡി.എസുമായി ചങ്ങാത്തം സ്ഥാപിക്കാനായത് രാഷ്ട്രീയലാഭമായി പാർട്ടി നേതൃത്വം കരുതുന്നുണ്ടെങ്കിലും കുമാരസ്വാമിയുടെയും മറ്റും ജനപിന്തുണ എത്രത്തോളം വരുമെന്ന് എല്ലാവർക്കും അറിയാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |