തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ മേഖലയെ തകർക്കാൻ ശ്രമമെന്ന് ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ സഹകരണ മേഖല ചിലരുടെ ഉറക്കം കളയുന്നുവെന്ന് അഭിപ്രായപ്പെട്ട മുഖ്യമന്ത്രി കരുവന്നൂർ ബാങ്കിനെതിരായ ആരോപണങ്ങൾ സർക്കാർ ഗൗരവമായി കാണുന്നെന്നും വ്യക്തമാക്കി.
സഹകരണ മേഖലയിലെ ക്രമക്കേടുകൾ തടയാൻ 50 വർഷം പഴക്കമുള്ള നിയമങ്ങളെ പരിഷ്‌കരിച്ചെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ സഹകരണ സംഘങ്ങളിൽ 98.5 ശതമാനവും കുറ്റമറ്റ രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 'വലിയ സംഭാവനകൾ നാടിന് ചെയ്യുന്നവരാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനം. അതിനകത്ത് സാധാരണഗതിയിൽ വഴിവിട്ട് സഞ്ചരിച്ച ആരെങ്കിലുമുണ്ടെങ്കിൽ അവർക്കെതിരെ നടപടി വേണം. അതിൽ അഭിപ്രായ വ്യത്യാസമില്ല." പിണറായി അഭിപ്രായപ്പെട്ടു.
ഇ.ഡിയുടെ ലക്ഷ്യം വിജയിക്കാൻ പോകുന്നില്ലെന്ന് അറിയിച്ച മുഖ്യമന്ത്രി ഇ ഡിയുടെ അന്വേഷണത്തെക്കുറിച്ച് തനിക്കൊന്നും പറയാൻ കഴിയില്ലല്ലോ എന്ന് പറഞ്ഞു. 'ഇ ഡിയ്‌ക്ക് പല ഉദ്ദേശ്യങ്ങളുണ്ടാകാം. അതെല്ലാം നടക്കട്ടെ. അവരുടെ ഉദ്ദേശ്യം ഇവിടെ വിജയിക്കുമെന്ന് കരുതേണ്ടതില്ല. ഇവിടെയുള്ളത് വേറിട്ടൊരു സംസ്‌കാരമാണ്. അത് അവർ ഉദ്ദേശിക്കുന്ന രീതിയിലെ സംസ്‌കാരമല്ല. " മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ചിലയാളുകളെയെടുത്ത് അവർക്ക് ബിനാമിയുണ്ടെന്ന് പറഞ്ഞാൽ ഇല്ല എന്ന് സമൂഹത്തിന് അറിയാമെന്നും പലയിടത്തും കണ്ടതെല്ലാം ഇവിടെയുമുണ്ടെന്ന് ഇ ഡി വിചാരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 'വലിയൊരു പാത്രത്തിൽ ചോറുണ്ട്. അതിൽ ഒരു കറുത്ത വറ്റുണ്ടെന്ന് വിചാരിക്കുക. ആ വറ്റെടുത്ത് ഇത് മോശം ചോറാണെന്ന് പറയാനാകുമോ?" മുഖ്യമന്ത്രി ചോദിച്ചു. നിലവിൽ കരുവന്നൂർ വിഷയം ഉയർന്നപ്പോൾ പൊലീസും ക്രൈംബ്രാഞ്ചും ക്രിയാത്മകമായി ഇടപെട്ടെന്ന് 18 എഫ് ഐ ആർ രജിസ്‌റ്റർ ചെയ്‌തെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേസിൽ 26 പ്രതികളുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുമ്പോഴാണ് ഇ ഡി വന്നതെന്നും അവരുടെ ലക്ഷ്യം വിജയിക്കില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |