കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ കഴിഞ്ഞദിവസം അറസ്റ്റിലായ വടക്കാഞ്ചേരി നഗരസഭാംഗം പി.ആർ. അരവിന്ദാക്ഷൻ, ബാങ്കിലെ മുൻ അക്കൗണ്ടന്റ് സി.കെ. ജിൽസ് എന്നിവരെ ഇന്നുവൈകിട്ട് നാലുവരെ ചോദ്യംചെയ്യാൻ ഇ.ഡിയുടെ കസ്റ്റഡിയിൽ വിട്ടു. ഇ.ഡിയുടെ അപേക്ഷ പരിഗണിച്ച് എറണാകുളത്തെ പി.എം.എൽ.എ കോടതിയുടേതാണ് ഉത്തരവ്.
കസ്റ്റഡിയിലിരിക്കെ കുടുംബാംഗങ്ങളുമായി സംസാരിക്കാൻ ഇരുവർക്കും കോടതി അനുമതി നൽകി. മൂന്നുമണിക്കൂർ തുടർച്ചയായി ചോദ്യംചെയ്താൽ ഒരുമണിക്കൂർ ഇടവേള അനുവദിക്കണം. പ്രതികളെ ശാരീരികമായും മാനസികമായും ബുദ്ധിമുട്ടിക്കരുത്. വൈകിട്ട് നാലിന് കോടതിയിൽ തിരികെ ഹാജരാക്കണം. അരവിന്ദാക്ഷൻ നൽകിയ ജാമ്യാപേക്ഷ കോടതി 30ന് പരിഗണിക്കാൻ മാറ്റി. ഇ.ഡിയോട് ജാമ്യഹർജിയിൽ സത്യവാങ്മൂലം നൽകാനും നിർദ്ദേശിച്ചു. അരവിന്ദാക്ഷനെ കഴിഞ്ഞദിവസം വടക്കാഞ്ചേരിയിലെ വീട്ടിൽനിന്നാണ് അറസ്റ്റുചെയ്തത്. ജിൽസിനെ ചോദ്യംചെയ്യലിനുശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.
മാദ്ധ്യമ പ്രവർത്തകരെ തടഞ്ഞു, വിലക്കില്ലെന്ന് പിന്നീട് വ്യക്തമാക്കി
ഇരുവരേയും കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന ഇ.ഡിയുടെ അപേക്ഷ പരിഗണിച്ചപ്പോൾ കോടതിയിൽ പ്രവേശിക്കുന്നതിൽനിന്ന് ഇന്നലെ രാവിലെ 11ന് മാദ്ധ്യമപ്രവർത്തകരെ പൊലീസ് തടഞ്ഞു. കോടതിയിലെ മിനിസ്റ്റീരിയൽ ചീഫ് ഓഫീസറുടെ നിർദ്ദേശ പ്രകാരമാണ് തടഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. ഇത് വാർത്തയായതോടെ വിലക്കില്ലെന്ന് പി.എം.എൽ.എ കോടതി ജഡ്‌ജി ഷിബു തോമസ് വ്യക്തമാക്കി. തുറന്ന കോടതിയാണെന്നും ആർക്കും വിലക്കില്ലെന്നും ജഡ്ജി പറഞ്ഞു. വൈകിട്ട് അപേക്ഷ വീണ്ടും പരിഗണിച്ചപ്പോൾ മാദ്ധ്യമപ്രവർത്തകർക്ക് പ്രവേശനം അനുവദിച്ചു.
പി.ആർ. അരവിന്ദാക്ഷനെ കസ്റ്റഡിയിൽ ചോദ്യംചെയ്യുന്നു
അറസ്റ്റിലായ വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ പി.ആർ. അരവിന്ദാക്ഷൻ, ബാങ്കിലെ മുൻ അക്കൗണ്ടന്റ് സി.കെ. ജിൽസ്, തൃശൂർ സഹകരണബാങ്ക് സെക്രട്ടറി ബിനു, അറസ്റ്റിലായ പി. സതീഷ്കുമാറിന്റെ ഭാര്യ ബിന്ദു എന്നിവരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നലെ ചോദ്യംചെയ്തു.
ചൊവ്വാഴ്ച അറസ്റ്റിലായ അരവിന്ദാക്ഷൻ, ജിൽസ് എന്നിവരെ ഇന്നലെ വൈകിട്ട് കസ്റ്റഡിയിൽ കിട്ടിയശേഷമാണ് ചോദ്യംചെയ്യുന്നത്. തട്ടിപ്പിലെ മുഖ്യപ്രതി സതീഷ്കുമാറുമായുള്ള ബന്ധം, സാമ്പത്തിക, ബിനാമി ഇടപാടുകൾ എന്നിവയുടെ വിവരങ്ങളാണ് ചോദിച്ചത്. തട്ടിപ്പിലെ കള്ളപ്പണ ഇടപാടുകൾ, ഉന്നതരുടെ ബന്ധങ്ങൾ തുടങ്ങിയവ സംബന്ധിച്ചും ഇന്ന് വൈകിട്ട് കസ്റ്റഡി തീരുംവരെ ചോദിക്കുമെന്നാണ് സൂചന. ഇരുവരും നടത്തിയ സംശയകരമായ പണമിടപാടുകൾ സംബന്ധിച്ചും ഇ.ഡി പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലും ചോദ്യംചെയ്യുന്നുണ്ട്.
സതീഷ്കുമാർ തൃശൂർ സഹകരണബാങ്കിൽ നടത്തിയ ഇടപാടുകൾ സംബന്ധിച്ചാണ് ബിനുവിനോട് ചോദിച്ചത്. കഴിഞ്ഞദിവസം ആവശ്യപ്പെട്ട കൂടുതൽ രേഖകളും ബിനു ഹാജരാക്കി.
സതീഷ്കുമാർ നേരിട്ടും ബിനാമിയായും തൃശൂർ ബാങ്കിൽ നടത്തിയ ഇടപാടുകളാണ് ഇ.ഡി പരിശോധിക്കുന്നത്. സതീഷ്കുമാറിന്റെ ബിനാമി സ്വത്തുക്കൾ, രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ ഉന്നതരുമായുള്ള ബന്ധം തുടങ്ങിയവയാണ് ബിന്ദുവിനോട് ചോദിച്ചതെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |