വളരെ നല്ല നിലയിൽ പ്രവർത്തിച്ചുവന്ന കാരുണ്യ ആരോഗ്യ പദ്ധതി സാധാരണക്കാരും പാവപ്പെട്ടവരുമായ രോഗികൾക്ക് പഴയ നിലയിൽ പ്രയോജനപ്പെടുന്നില്ലെന്നത് അത്യന്തം നിർഭാഗ്യകരമാണ്. ഇതു സംബന്ധിച്ച കേരളകൗമുദിയുടെ മുഖപ്രസംഗവും മുഖ്യവാർത്തയും ജനപക്ഷത്തുനിന്നുള്ള ശ്രദ്ധേയമായ ഇടപെടലായിരുന്നു.
ജനങ്ങൾക്ക് പ്രയോജനകരമായ ഏത് പദ്ധതിയും അതുപോലെ തുടരുമെന്ന് മുഖ്യമന്ത്രിയും കാരുണ്യയുടെ ആനുകൂല്യങ്ങൾ നഷ്ടമാകില്ലെന്ന് ആരോഗ്യമന്ത്രിയും ആവർത്തിച്ചു പറയുമ്പോൾ അതിന് വിപരീതമായി കുറേ തൊടുന്യായങ്ങൾ നിരത്തുകയാണ് ധനകാര്യമന്ത്രി ഡോ.തോമസ് ഐസക്. പുതിയ പദ്ധതിയിലൂടെ റിലയൻസിന് ലാഭമുണ്ടാക്കിക്കൊടുക്കാനാണ് ഐസക് ശ്രമിക്കുന്നതെന്ന് ആരോപിച്ചാൽ കുറ്റം പറയാൻ കഴിയുമോ? കാരുണ്യ ലോട്ടറിയിലൂടെ ലഭിക്കുന്ന വരുമാനം നിർദ്ധനരായ രോഗികൾക്കായി വിനിയോഗിക്കാൻ മടികാട്ടുന്നത് ആരെ സഹായിക്കാനാണ് ? ഐസക് നിരത്തുന്നത് സാധാരണക്കാരന് മനസിലാകാത്ത വാദങ്ങളാണ്. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ ഭരണകാലത്ത് മികച്ച പ്രവർത്തനം കാഴ്ചവച്ച ധനമന്ത്രിയായിരുന്നു ഐസക്. പക്ഷേ ഇക്കുറിയുള്ള സമീപനങ്ങൾ പലതും ജനവിരുദ്ധമായിപ്പോകുന്നു.
ഇനിയെങ്കിലും കാരുണ്യ പഴയ രീതിയിൽ നിലനിറുത്താൻ സർക്കാർ ശ്രമിക്കണം. അതിനായി മുഖ്യമന്ത്രി മുൻകൈയെടുക്കണം. പാർട്ടി ജനങ്ങളിൽ നിന്ന് അകന്നുവെന്ന് പ്രമേയം പാസാക്കിയാൽപ്പോര. ജനങ്ങളിൽ നിന്ന് പാർട്ടിയെ അകറ്റുന്ന ഇമ്മാതിരി പ്രവർത്തനങ്ങളെ മുളയിലേ നുള്ളുക തന്നെ വേണം.
സി.ആർ.രാജശേഖരൻ പിള്ള
പൊട്ടക്കുഴി
തിരുവനന്തപുരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |