പാലക്കാട്: നായ്ക്കൾ യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ ഉടമ അറസ്റ്റിൽ. ഗണേശ്‌ഗിരി പുല്ലാട്ടുപറമ്പിൽ സ്റ്റീഫനാണ് അറസ്റ്റിലായത്. അക്രമസ്വഭാവമുള്ള നായ്ക്കളെ അശ്രദ്ധമായി കെെകാര്യം ചെയ്തെന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയത്. ചൊവ്വാഴ്ച രാവിലെ ഷൊർണൂർ പരുത്തിപ്രയാണ് അറസ്റ്റിന് ആസ്പദമായ സംഭവം നടക്കുന്നത്.
പരുത്തിപ്ര പുത്തൻപുരയ്‌ക്കൽ മഹേഷിനെയാണ് (36) സ്റ്റീഫൻ വളർത്തിയ പിറ്റ്ബുൾ ഇനം നായ്ക്കൾ ആക്രമിച്ചത്. മഹേഷിന്റെ ശരീരത്തിലാകമാനം നായ്ക്കൾ കടിച്ച് പരിക്കേൽപ്പിച്ചിട്ടുണ്ട്. ചെവി അറ്റ്, ചുണ്ടും മൂക്കും രണ്ടായി മുറിഞ്ഞ നിലയിലാണ് മഹേഷിനെ ആശുപത്രിയിലെത്തിച്ചത്. മഹേഷ് ഇപ്പോൾ സുഖംപ്രാപിച്ച് വരുന്നതായി ബന്ധുക്കൾ പറഞ്ഞു.
സമീപത്തെ പശുഫാമിൽ നിന്ന് പാലെടുത്ത് വിൽക്കുന്നയാളാണ് മഹേഷ്. ഇവിടെയ്ക്ക് പാലെടുക്കാനായി ഓട്ടോറിക്ഷയിൽ എത്തിയപ്പോഴായിരുന്നു നായ്ക്കളുടെ ആക്രമണം. പത്ത് മിനിറ്റോളം നായ്ക്കളുടെ അക്രമണത്തിനിരയായി ബോധരഹിതനായ മഹേഷിനെ നായ്ക്കളുടെ ഉടമ സ്റ്റീഫനാണ് രക്ഷിച്ചത്. അനുമതിയില്ലാതെ അക്രമകാരികളായ നായ്ക്കളെ വളര്‍ത്തിയതിന് നഗരസഭ സ്റ്റീഫനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. നായ്ക്കളുടെ ഉടമയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |