അൻപതുവർഷങ്ങൾ കൊണ്ടാണ് ലോകജനസംഖ്യ ഇരട്ടിയായത്. 1923ൽ നിന്ന് 1973ൽ എത്തിയപ്പോൾ ലക്ഷക്കണക്കിന് ആളുകൾ പട്ടിണിയും ദാരിദ്ര്യവും പോഷകാഹാരക്കുറവും മൂലം മരിക്കുന്നത് പതിവായി. ഇതാണ് ലോകത്ത് ഹരിത വിപ്ളവം അനിവാര്യമാക്കിയത്. 1940കളിൽ മെക്‌സിക്കോയിൽ പ്രമുഖ കാർഷിക ശാസ്‌ത്രജ്ഞൻ നോർമൽ ഏണസ്റ്റ് ബോർലോഗിന്റെ നേതൃത്വത്തിൽ തുടങ്ങിയ മുന്നേറ്റം പിന്നീട് ലോകമെമ്പാടും വ്യാപിച്ചു. 1943-ൽ ഇന്ത്യയിൽ ബംഗാളിലെ ഭക്ഷ്യക്ഷാമത്തിൽ 40 ലക്ഷത്തോളം പേരാണ് പട്ടിണിമൂലം മരണമടഞ്ഞത്. ഈ ദുരനുഭവം പാഠമായിരുന്നതിനാൽ ഹരിത വിപ്ളവത്തെ തുടക്കത്തിൽത്തന്നെ സ്വാഗതം ചെയ്ത രാജ്യങ്ങളിലൊന്നായിരുന്നു ഇന്ത്യ.
1965-ൽ തുടങ്ങിയ ഇന്ത്യയിലെ ഹരിത വിപ്ളവത്തിന് ചുക്കാൻ പിടിച്ചത് എം.എസ്. സ്വാമിനാഥൻ എന്ന മലയാളി കൃഷിശാസ്‌ത്രജ്ഞനാണെന്നത് അന്നുമിന്നും നമ്മുടെ നാടിന്റെ അഭിമാനമാണ്. അത്യുത്‌പാദനശേഷിയുള്ള വിത്തിനങ്ങളുടെ ഉപയോഗത്തിലൂടെ ഉത്‌പാദനക്ഷമതയിലുണ്ടായ വൻവർദ്ധനയാണ് ഹരിതവിപ്ളവത്തിന്റെ വിജയത്തിനിടയാക്കിയത്. കൂടാതെ നിലവിലുള്ള കൃഷിഭൂമിയിൽ രണ്ടോമൂന്നോ തവണ കൃഷിചെയ്യുന്ന രീതിയുണ്ടായി. ജലസേചനത്തിനായി ഡാമുകളും കനാലുകളും നിർമ്മിക്കപ്പെട്ടു. ഇന്ത്യയിലെ കൃഷി ശാസ്‌ത്രീയമാക്കി മാറ്റിയതിൽ സ്വാമിനാഥന്റെ കൈയൊപ്പ് മായാതെ കിടപ്പുണ്ട്. കുട്ടനാട്ടിലെ മങ്കൊമ്പ് കുടുംബത്തിലിരുന്ന് ചുറ്റും വെള്ളവും കൃഷിയും കണ്ട് വളർന്ന സ്വാമിനാഥനെ പാടങ്ങളിൽ സ്വർണം വിതച്ച് നൂറുമേനി കൊയ്യാനുള്ള അറിവ് കുട്ടിക്കാലത്തേ പ്രകൃതി പഠിപ്പിച്ചിരിക്കണം. ഹരിത വിപ്ളവത്തിനുശേഷം ഇന്ത്യ ഒരിക്കൽപ്പോലും ഭക്ഷ്യക്ഷാമത്തിലൂടെ കടന്നുപോയിട്ടില്ല. കൊവിഡ് കാലത്തുപോലും അന്നം മുട്ടാതെ കഴിഞ്ഞതിന് നമ്മൾ മനസ്സാ ആദ്യം നന്ദിപറയേണ്ടത് ഈ കുട്ടനാട്ടുകാരൻ കൃഷിശാസ്ത്രജ്ഞനോടാണ്. ഇന്ത്യയെ കാർഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ച ആ അതുല്യ പ്രതിഭ 98-ാമത്തെ വയസിൽ ചെന്നൈയിൽ ഇഹലോകത്തോട് വിടപറഞ്ഞിരിക്കുകയാണ്.
ഇരുപതാം നൂറ്റാണ്ടിൽ ഏഷ്യ കണ്ട ഏറ്റവും സ്വാധീനശക്തിയുള്ള 20 പേരിൽ ഒരാളായി സ്വാമിനാഥനെ തിരഞ്ഞെടുത്തിരുന്നു. മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ എന്നാണ് പൂർണനാമം. ഒരു നൂറ്റാണ്ട് മുമ്പ് കുട്ടനാട്ടിലെ ഏറ്റവും വലിയ ജന്മികുടുംബങ്ങളിലൊന്നായിരുന്ന മങ്കൊമ്പ് കുടുംബാംഗമാണ്. ജനനവും സ്‌കൂൾപഠനവും കുംഭകോണത്തായിരുന്നു. തിരുവനന്തപുരം മഹാരാജാസ് കോളേജിൽനിന്ന് ബി.എസ്‌സിയും മദ്രാസ് അഗ്രിക്കൾച്ചറൽ കോളേജിൽനിന്ന് കൃഷിശാസ്‌ത്രത്തിൽ ബിരുദവും നേടിയശേഷം ഡൽഹിയിൽ ഇന്ത്യൻ അഗ്രിക്കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരുകയായിരുന്നു. ഐ.പി.എസ് ലഭിച്ചെങ്കിലും യുനെസ്‌കോ സ്കോളർഷിപ്പിൽ നെതർലൻഡ്‌സിൽ ഉപരിപഠനം നടത്തുകയും കേംബ്രിഡ്‌ജിൽ നിന്ന് പിഎച്ച്.ഡിയും വിസ്‌കോൺസിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഉപരിഗവേഷണവും കഴിഞ്ഞ് അദ്ദേഹം മാതൃരാജ്യത്തേക്ക് തിരിച്ചുവന്നു. അന്ന് താരതമ്യേന ചെറിയ ശമ്പളത്തിൽ ഇന്ത്യയിൽ കഴിയാനുള്ള തീരുമാനമാണ് ഇന്ത്യയിലെ ലക്ഷക്കണക്കിന് കർഷകർക്കും വനിതകൾ ഉൾപ്പെടെ മണ്ണിൽ പണിയെടുക്കുന്ന തൊഴിൽസേനയ്ക്കും ഭാവിയിൽ ഗുണകരമായത്. 1987-ൽ കാർഷികരംഗത്തെ നോബൽ സമ്മാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന വേൾഡ് ഫുഡ് പ്രൈസിന് അർഹനായിട്ടുണ്ട്. രാജ്യം പത്‌മഭൂഷൺ നൽകി ആദരിച്ചതുൾപ്പെടെ അസംഖ്യം പുരസ്‌കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. എം.എസ്. സ്വാമിനാഥന്റെ വേർപാട് കേരളത്തിന് മാത്രമല്ല, രാജ്യത്തിന് മുഴുവൻ കനത്ത നഷ്ടമാണ്. ഇതുപോലൊരാൾ ഇനി എന്നാണ് വരിക?
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |