പരസ്‌പര വിശ്വാസവും സ്നേഹവുമാണ് ദാമ്പത്യബന്ധത്തിന്റെ അടിസ്ഥാനം. അത് നഷ്ടപ്പെട്ടു കഴിഞ്ഞാൽ ദാമ്പത്യബന്ധം പൂർണ പരാജയമാകും. അങ്ങനെയുള്ള സാഹചര്യത്തിലാണ് നിയമത്തിന്റെ ഇടപെടലുകളും വിവാഹമോചന വഴികളും തുറക്കുന്നത്. വിവാഹബന്ധം പൂർണപരാജയമാണെന്ന് ബോദ്ധ്യപ്പെട്ടാലും പങ്കാളികളിൽ ഒരാൾ സമ്മതം നൽകാത്തതിനാൽ വിവാഹമോചനം സംബന്ധിച്ച കേസ് വർഷങ്ങളോളം നീളുന്ന അവസ്ഥ ശരിയല്ല. ഇത് ക്രൂരതയാണെന്ന് ഹൈക്കോടതി തന്നെ അഭിപ്രായപ്പെട്ടിരിക്കുന്നു. വിവാഹമോചന ഹർജി ഇരിങ്ങാലക്കുട കുടുംബക്കോടതി തള്ളിയതിനെതിരെ തൃശൂർ സ്വദേശിയായ ഭർത്താവ് നൽകിയ അപ്പീൽ അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
2002ലായിരുന്നു വിവാഹം. വിദേശത്ത് ജോലിചെയ്തിരുന്ന ഭർത്താവ് തിരികെ നാട്ടിലെത്തി സ്ഥിരതാമസമാക്കിയപ്പോൾ മുതലാണ് പ്രശ്നങ്ങൾ തുടങ്ങിയത്. തന്റെ പണത്തിൽ മാത്രമാണ് ഭാര്യയ്ക്ക് താത്‌പര്യമെന്നും അവർക്ക് വേറൊരു ബന്ധമുണ്ടെന്നും വീട് പണിയാൻ താൻ വിദേശത്തു നിന്നയച്ച പണം പാഴാക്കിയെന്നും ഭർത്താവ് ഹർജിയിൽ ആരോപിച്ചു. ഭാര്യ തന്നോട് അവഗണനയും നിസ്സംഗതയുമാണ് പുലർത്തുന്നതെന്നും പത്ത് ലക്ഷം രൂപയും പത്ത് സെന്റ് സ്ഥലവും ജീവനാംശമായി നൽകി വിവാഹബന്ധം ഒഴിയാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് 2011ൽ കുടുംബകോടതിയെ സമീപിച്ചത്. ഒരു ദശാബ്ദം കഴിഞ്ഞിട്ടും വിവാഹമോചനം അനുവദിച്ച് കിട്ടിയില്ല. ഒരു പങ്കാളിക്ക് താത്‌പര്യമില്ലെന്ന് അറിയിച്ചിട്ടും ഇത്രയും നാൾ കേസ് നീണ്ടുപോകേണ്ടിവന്നത് ന്യായീകരിക്കാനാവില്ല. ഇത്തരം കേസുകളിൽ കക്ഷികൾ കോടതിയെയാണ് പരീക്ഷിക്കുന്നതെന്നും കോടതികളെ വ്യക്തികളുടെ ഈഗോകളുടെ പോർക്കളമായി മാറ്റുന്നത് അനുവദിക്കാനാവില്ലെന്നും വിവാഹമോചനം അനുവദിച്ചുകൊണ്ട് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഈ കേസിൽ കക്ഷികളുടെ ഒന്നിച്ചുള്ള ജീവിതം ഉറപ്പാക്കാനുള്ള കാരണങ്ങളൊന്നും നിലവിലില്ലെന്നും കോടതി നിരീക്ഷിച്ചു. വിവാഹമോചന കേസുകൾ അനുവദിക്കാൻ ഒരു സമയപരിധി കോടതികൾ നിശ്ചയിക്കണം. മാറിത്താമസിക്കുമ്പോഴും കക്ഷികൾ പരസ്‌പരം പീഡിപ്പിക്കാനും അപമാനിക്കാനും ശ്രമിക്കുന്നത് കേസ് വർഷങ്ങളോളം നീണ്ടുപോയേക്കുമെന്ന് അറിയാവുന്നതുകൊണ്ടാണ്. ജീവനാംശം നൽകാൻ തയ്യാറാവുന്ന കേസുകളിലെങ്കിലും വേഗത്തിൽ തീരുമാനമുണ്ടാകുന്നതാണ് ഇരുകക്ഷികൾക്കും നല്ലത്.
വിവാഹമോചന കേസ് നടക്കുന്നതിനിടെ കുട്ടികളെ അച്ഛനെ കാണിക്കണമെന്ന് കോടതികൾ നിർദ്ദേശിക്കാറുണ്ടെങ്കിലും അതനുസരിക്കാത്തതിന്റേ പേരിൽ വഴക്കും തർക്കവും പതിവാണ്. ചേർത്തല കോടതി വളപ്പിലും അടുത്തിടെ ഇത്തരമൊരു രംഗം നടന്നിരുന്നു. വിവാഹജീവിതത്തിലെ നിരന്തര കലഹങ്ങളും പരസ്പരം ബഹുമാനമില്ലാത്തതും അനുരഞ്ജനം അസാദ്ധ്യമാക്കുന്ന ഘടകങ്ങളാണ്. ഇത് ബോദ്ധ്യപ്പെടുന്നപക്ഷം കോടതികൾ എത്രയും വേഗം വിവാഹ മോചനം അനുവദിക്കുന്നതാണ് ഉത്തമം. പാശ്ചാത്യരാജ്യങ്ങളിൽ വിവാഹമോചിതർ പരസ്പരം കാണുകയും സംസാരിക്കുകയും കുട്ടികളുടെയും മറ്റും കാര്യങ്ങൾക്ക് ഒന്നിച്ച് നിൽക്കുകയും ചെയ്യാറുണ്ട്. നമ്മുടെ നാട്ടിൽ വിവാഹമോചിതർ പിന്നീട് കൊടിയ ശത്രുക്കളായാണ് കഴിയുന്നത്. ഈ മനോഭാവത്തിലും മാറ്റം വരേണ്ടതുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |