ചെറിയൊരു മഴയിൽപ്പോലും വെള്ളക്കെട്ടുകൾ രൂപപ്പെടുന്ന തരത്തിലാണ് സംസ്ഥാനത്തെ ഒട്ടുമിക്ക നഗരപ്രദേശങ്ങളും. പ്രകൃതിയുടെ പ്രത്യേകതകൾകൊണ്ട് തലസ്ഥാന നഗരം കുറച്ചു വ്യത്യസ്തമായിരുന്നു. എളുപ്പം വെള്ളം വാർന്നുപോകാൻ പറ്റിയ നീർച്ചാലുകളും ഒഴിഞ്ഞ പറമ്പുകളും തണ്ണീർത്തടങ്ങളും ഇവിടെ ധാരാളമുണ്ടായിരുന്നു. നഗരം വളർന്നതോടെ ഈ സൗകര്യങ്ങൾ ഇല്ലാതായി. ഇപ്പോൾ ചെറിയൊരു മഴ പെയ്താൽ നഗരജീവിതം ദുരിതമയമായി മാറും. റോഡായ റോഡുകളെല്ലാം മുട്ടറ്റം വെള്ളത്തിലാകും.
വാഹനങ്ങളിൽ പോകുന്നവർക്കു മാത്രമല്ല. കാൽനടക്കാർക്കും മഴക്കാലം പറഞ്ഞാൽ തീരാത്തത്ര ദുരിതമാണ് സമ്മാനിക്കുന്നത്. താഴ്‌ന്ന പ്രദേശങ്ങളിൽ ജീവിക്കുന്നവരുടെ കഷ്ടപ്പാടും ബുദ്ധിമുട്ടും പറയാതിരിക്കുകയാകും ഭേദം. അത്രയേറെ മോശമാണ് ഇത്തരം പ്രദേശങ്ങളിലെ ജീവിതസാഹചര്യങ്ങൾ. അരയ്ക്കൊപ്പം മലിനജലത്തിൽ നീന്തിത്തുടിച്ചുവേണം കൂരയണയാൻ. വിദ്യാലയങ്ങളിൽ പോകുന്ന കുട്ടികളും വിവിധ കാര്യങ്ങൾക്കായി പുറത്തുപോകേണ്ടിവരുന്ന സാധാരണക്കാരും കുറച്ചൊന്നുമല്ല മഴ ദുരിതം അനുഭവിക്കുന്നത്.
മൂന്നു നാലു ദിവസമായി തുടരുന്ന ശക്തമായ മഴ സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങൾക്കൊപ്പം തിരുവനന്തപുരം ജില്ലയുടെ പല പ്രദേശങ്ങളെയും വെള്ളക്കെട്ടിലാഴ്‌ത്തിയിരിക്കുകയാണ്. നദികൾ നിറഞ്ഞൊഴുകാൻ തുടങ്ങിയതോടെ ഇരു കരകളിലും കഴിയുന്നവർ വെള്ളപ്പൊക്കെ ഭീഷണിയിലാണ്. വ്യാപകമായ കൃഷിനാശവും ഉണ്ടായിട്ടുണ്ട്. ഓണക്കാലത്ത് കൊടുംചൂടിൽ കൃഷിയിടങ്ങൾ ഉണങ്ങി നശിച്ചെങ്കിൽ ഇപ്പോൾ സ്ഥിതി നേരെ മറിച്ചാണ്. കൃഷി അപ്പാടെ വെള്ളത്തിനടിയിലാണ്. നഷ്ടക്കണക്ക് തിട്ടപ്പെടുത്തി വരുന്നതേയുള്ളൂ. കടൽ ക്ഷോഭിച്ച നിലയിൽ തുടരുന്നതിനാൽ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ കഷ്ടത്തിലാണ്. മീൻ പിടിക്കാൻ വിലക്കുള്ളതിനാൽ മാനം തെളിയുന്നതും കാത്തിരിക്കുകയാണ് അവർ.
കൂലിപ്പണിക്കാരുടെ സ്ഥിതിയും ഇതുപോലെ തന്നെ. വിട്ടൊഴിയാതെ മഴ തുടരുന്നത് എല്ലാ പണികളെയും ബാധിച്ചു. സാധാരണ കർക്കടക മാസമാണ് പഞ്ഞമാസമെന്ന് കരുതപ്പെട്ടിരുന്നത്. ഇപ്പോൾ കന്നി മാസത്തിലാണ് ഒട്ടനവധി കുടുംബങ്ങളെ കഷ്ടത്തിലാക്കി മഴ തിമിർത്തുപെയ്യുന്നതും സാധാരണ ജീവിതം സ്തംഭനാവസ്ഥയിലായതും. മഴയ്ക്കൊപ്പം ചെറിയ അണക്കെട്ടുകളിൽ നിന്ന് വെള്ളം കൂടക്കൂടെ തുറന്നുവിടുന്നതും വെള്ളപ്പൊക്ക ഭീഷണിക്ക് ആക്കം കൂട്ടുന്നുണ്ട്. അണക്കെട്ടുകളുടെ സംഭരണശേഷി മണ്ണും എക്കലും ചെളിയുമടിഞ്ഞ് നന്നേ കുറഞ്ഞതോടെ ചെറിയൊരു മഴ മതി, ഡാമുകൾ നിറയാൻ. മഴക്കെടുതിയിൽ നാശനഷ്ടങ്ങളുണ്ടായ കുടുംബങ്ങൾക്ക് അടിയന്തര സഹായമെത്തിക്കാൻ റവന്യൂ വകുപ്പ് നടപടികളെടുക്കണം. വീടുകൾക്ക് നാശം സംഭവിച്ചവരിൽ പലർക്കും സ്വന്തം നിലയിൽ അവ നന്നാക്കാൻ കഴിഞ്ഞെന്നുവരില്ല. ധനസഹായം അനുവദിക്കുമ്പോൾ ഈ വിഭാഗത്തിൽപ്പെട്ടവർക്കായിരിക്കണം പ്രഥമ പരിഗണന നൽകാൻ.
നഗര റോഡുകളുടെ ഘടന വെള്ളക്കെട്ട് ക്ഷണിച്ചുവരുത്തുന്നതാണ്. എളുപ്പം ജലം വാർന്നുപോകാൻ പറ്റിയ വിധത്തിലല്ല പല റോഡുകളുടെയും ഘടന. പാഴ്‌വസ്‌തുക്കളും മണ്ണും അടിഞ്ഞ് ജലനിർഗമന സംവിധാനങ്ങൾ ഉപയോഗശൂന്യമായതിനാൽ ഏതു മഴയത്തും റോഡുകൾ വെള്ളത്തിലാകും. റോഡ് പരിപാലനം നേരേചൊവ്വേ നടക്കാത്തതിനാൽ പ്രതിസന്ധി മൂർച്ഛിക്കുകയും ചെയ്യും. ഇതൊക്കെ മുൻകൂട്ടി കണ്ടറിഞ്ഞ് പരിഹാര നടപടി എടുക്കാൻ നിയുക്തരായവരുടെ ഉപേക്ഷയാണ് ജനങ്ങൾക്ക് പതിവായി മഴദുരിതം സമ്മാനിക്കുന്നത്.
വെള്ളക്കെട്ടുണ്ടായ പ്രദേശങ്ങളിൽ ജീവിക്കേണ്ടിവരുന്നവരുടെ ദുരിതം കുറയ്ക്കാൻ പര്യാപ്തമായ നടപടികൾ ഉണ്ടാകുന്നില്ല. മഴ നിലയ്ക്കുന്നതോടെ ദുരിതവും അവസാനിക്കുന്നതിനാൽ അധികൃതർ ഇത്തരം പ്രശ്നങ്ങൾ കാര്യമായി എടുക്കാറില്ല. മഴ കൂടുതൽ തീവ്രമാകുമ്പോഴാകും തങ്ങളനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങളെക്കുറിച്ച് ജനങ്ങളും ഓർക്കുക. വർഷത്തിൽ രണ്ടുവട്ടം ആവർത്തിക്കുന്ന മഴക്കാല പരീക്ഷണഘട്ടം തരണം ചെയ്യാൻ എന്തെങ്കിലും ചെയ്യുന്ന കാര്യത്തെക്കുറിച്ച് സർക്കാരും തദ്ദേശ സ്ഥാപനങ്ങളും ആലോചിക്കണം. ഇതിനൊക്കെ ചേർത്താണല്ലോ ജനങ്ങൾ പലവിധത്തിലുള്ള നികുതികൾ മുറതെറ്റാതെ അടച്ചുകൊണ്ടിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |