SignIn
Kerala Kaumudi Online
Saturday, 27 July 2024 9.09 AM IST

പാതയോരങ്ങളിലെ ബോർഡുകൾ

g

നിരത്തുകൾക്ക് ഇരുവശവും സ്ഥാപിച്ചിട്ടുള്ള അനധികൃത ഫ്ളക്സുകളും ബോർഡുകളും കൊടിതോരണങ്ങളും നീക്കം ചെയ്യണമെന്ന് ഒന്നിലധികം തവണ ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകിയിട്ടുള്ളതാണ്. എന്നാൽ മലിനീകരണത്തിന് വലിയതോതിൽ കാരണമാകുന്ന ഇത്തരം മാലിന്യ വിപത്ത് നീക്കംചെയ്യുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുകയാണ്. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെ കോടതി നിർദ്ദേശത്തെത്തുടർന്ന്,​ ഇതിനകം നാല്പതു ലക്ഷം അനധികൃത ഫ്ളക്സുകളും ബോർഡുകളും നീക്കം ചെയ്തിട്ടുണ്ടെന്ന് സർക്കാർ ബോധിപ്പിക്കുകയുണ്ടായി.

ഒരുപക്ഷേ അത്രത്തോളമോ അതിലും അധികമോ ബോർഡുകൾ പാതയോരങ്ങളിൽ കുറഞ്ഞ നാളുകൾക്കുള്ളിൽ സ്ഥാനംപിടിച്ചിട്ടുണ്ടെന്നുള്ളത് തീർച്ചയാണ്. സംസ്ഥാനത്ത് എവിടെ നോക്കിയാലും പരസ്യബോർഡുകളുടെ മഹാ പ്രളയമാണ്. വലിയ കമ്പനികൾ മുതൽ പ്രാദേശിക സംഘടനകൾ വരെ ഇതിനു പിന്നിലുണ്ട്. സമ്മേളനങ്ങൾ, അനുമോദനങ്ങൾ എന്നുവേണ്ട,​ ജീവിതത്തിന്റെ സകല തലങ്ങളുമായി ബന്ധപ്പെട്ട ഏതു കാര്യത്തിനും ഫ്ളക്സ് ബോർഡുകൾ ആചാരമായി മാറിക്കഴിഞ്ഞു. ഏറ്റവും തിരക്കേറിയ നാൽക്കവലകളിലെ ദിശാബോർഡുകൾ പോലും മറയ്ക്കും വിധത്തിൽ ബോർഡുകൾ തലങ്ങും വിലങ്ങും സ്ഥാപിച്ചിരിക്കുന്നത് സർവസാധാരണ കാഴ്ചയാണ്. പൗരബോധം പോകട്ടെ,​ സാമാന്യവിവരം പോലുമില്ലാതെ ഇത്തരത്തിൽ കാഴ്ച മറയ്ക്കുന്ന ബോർഡുകൾ സൃഷ്ടിക്കാറുള്ള അപകടങ്ങൾ ആരും പരിഗണനയിലെടുക്കാറില്ല.

പാതയരികിലെ ബോർഡുകൾ നീക്കം ചെയ്യുന്നതിൽ സർക്കാർ നടപടികൾ ഒട്ടും കാര്യക്ഷമമല്ലെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. ബന്ധപ്പെട്ട അധികൃതരുടെ അനുവാദമില്ലാതെ സ്ഥാപിക്കപ്പെട്ടിട്ടുള്ള സകല ബോർഡുകളും നീക്കം ചെയ്യേണ്ടതു തന്നെയാണ്. ഇക്കാര്യത്തിൽ ഒരുവിധ രാഷ്ട്രീയ പരിഗണനയും പാടില്ല. ബോർഡ് ഭരണമുന്നണിയുടേതാണെങ്കിൽ അവ നീക്കാൻ ഉദ്യോഗസ്ഥർക്കു ഭയമാണ്. നാൽക്കവലകളിൽ റോഡിലേക്ക് ഏറെ ഇറക്കിവച്ചിട്ടുള്ള പരസ്യബോർഡുകൾ പോലും ദിവസങ്ങളോളം അങ്ങനെതന്നെയിരിക്കും. പ്രധാന രാഷ്ട്രീയ നേതാവിന്റെ ഫോട്ടോയുള്ള ബോർഡാണെങ്കിൽ പറയുകയേ വേണ്ട! പാതകളും പാതയോരങ്ങളുമൊക്കെ തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന മട്ടിലാണ് പെരുമാറ്റം. തങ്ങളുടെ സുന്ദരമുഖം ബോർഡുകളിൽ നിറഞ്ഞുനിൽക്കുന്നതു കാണാൻ ആർക്കും കൊതിതോന്നും. ഫ്ളക്സുകളുടെ പെരുപ്പത്തിനു പിന്നിൽ ഈ മനോനിലയും പ്രധാന കാരണമാണ്.

പാതവക്കിൽ ബോർഡുകൾ വയ്ക്കുന്നതിൽ കർശന മാനദണ്ഡങ്ങളുണ്ടാകേണ്ടത് വളരെ ആവശ്യമാണ്. ആർക്കും തോന്നിയപടി എവിടെയും ബോർഡുകൾ സ്ഥാപിക്കാൻ അനുവദിക്കരുത്. അധികൃതരുടെ അറിവോടെയല്ലാതെ സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ നീക്കം ചെയ്യുക മാത്രമല്ല, അതു വച്ചവരിൽ നിന്ന് കനത്ത പിഴ ഈടാക്കേണ്ടതുമാണ്. സംസ്ഥാനത്തെ അനധികൃത ഫ്ളക്സ് ബോർഡുകൾ ഓരോന്നിനും അയ്യായിരം രൂപ വച്ച് പിഴ ഈടാക്കിയിരുന്നെങ്കിൽ സംസ്ഥാന സർക്കാർ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറുമായിരുന്നു എന്ന ഹൈക്കോടതിയുടെ നിരീക്ഷണം ശരിയാണ്. ഇനിയും അതു പരീക്ഷിക്കാവുന്നതേയുള്ളൂ.

തിരഞ്ഞെടുപ്പു കാലത്ത് നാടുനീളെ ചുവരെഴുത്തുകളും ബോർഡുകളും കൊടിതോരണങ്ങളുംകൊണ്ട് നിറയുന്ന ഒരു കാലമുണ്ടായിരുന്നു. ഇലക്‌ഷൻ കമ്മിഷന്റെ കർക്കശമായ ഇടപെടൽ മൂലം അത്തരം ദുഷ്‌പ്രവണതയ്ക്ക് മാറ്റമുണ്ടായിട്ടുണ്ട്. ഫ്ളക്സ് ബോർഡുകൾ സൃഷ്ടിക്കുന്ന പരിസ്ഥിതിനാശത്തെക്കുറിച്ച് അല്പമെങ്കിലും ബോധമുണ്ടെങ്കിൽ അതു നിയന്ത്രിക്കുന്നതിനെക്കുറിച്ച് സർക്കാർ മാത്രമല്ല,​ പൊതുസമൂഹവും ഗൗരവപൂർവം ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FLEX BOARDS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.