SignIn
Kerala Kaumudi Online
Sunday, 27 July 2025 1.06 AM IST

ചൊവ്വയെ പ്രകമ്പനം കൊള്ളിച്ച കുലുക്കം

Increase Font Size Decrease Font Size Print Page
mars

ഓക്‌സ്‌ഫോർഡ് : ഭൂമികുലുക്കങ്ങൾക്ക് സമാനമായി ചൊവ്വ ഗ്രഹത്തിലും കമ്പനങ്ങൾ. 2022 മേയ് 4ന് ചൊവ്വയെ ആറ് മണിക്കൂർ പ്രകമ്പനം കൊള്ളിച്ച കുലുക്കം

നാസയുടെ ഇൻസൈറ്റ് ലാൻഡർ രേഖപ്പെടുത്തിയിരുന്നു. 4.7 തീവ്രതയായിരുന്നു. ഭൂമിയിൽ കെട്ടിടങ്ങളുടെ ചില്ലുജനാലകൾ തകർക്കാൻ ഇതു മതി. ചൊവ്വയിൽ പ്രത്യാഘാതം അറിയാൻ മാ‌ർഗ്ഗമില്ല. ഭൂമിക്ക് പുറത്തുള്ള ഒരു ഗ്രഹത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും ശക്തമായ കുലുക്കമാണിത്.

ഓക്‌സ്‌ഫോർ‌ഡ് യൂണിവേഴ്സിറ്റിയിലെ ഡോ. ബെഞ്ചമിൻ ഫെർണാൻഡോയുടെ സംഘത്തിന്റെ ഒരു വർഷം നീണ്ട പഠനം ജിയോഫിസിക്കൽ റിസർച്ച് ലെറ്റേഴ്സ് ജേർണലിൽ പ്രസിദ്ധീകരിച്ചതോടെയാണ് വിശദാംശങ്ങൾ ഇപ്പോൾ അറിവായത് പഠനത്തിന് ഐ. എസ്. ആർ. ഒ, യൂറോപ്യൻ,​ ചൈനീസ്,​ യു. എ. ഇ സ്പേസ് ഏജൻസികളുടെ സഹായം തേടിയിരുന്നു.

കൂറ്റൻ ഉൽക്ക പതിച്ചതമാവാം ചൊവ്വകുലുക്കത്തിന് കാരണമെന്നായിരുന്നു ആദ്യ നിഗമനം. ചൊവ്വയുടെ ബാഹ്യകവചത്തിലെ ( ക്രസ്റ്റ് ) മർദ്ദപ്രവാഹമാണ് കാരണമെണാണ് ഇപ്പോൾ ശാസ്‌ത്രജ്‌ഞരുടെ കണ്ടെത്തൽ.

ഉൽക്കകളുടെ ആഘാതത്തിലും ചൊവ്വ ഗ്രഹം കുലുങ്ങിയിട്ടുണ്ട്. അതിന് സമാനമായ സീസ്‌മിക് സിഗ്നലുകളാണ് കിട്ടിയത്. ഉൽക്ക പതിച്ചെങ്കിൽ ഗർത്തം രൂപപ്പെട്ടിരിക്കണം. ചൊവ്വയുടെ ഉപരിതല ഏകദേശം 14.4 കോടി ചതുരശ്ര കിലോമീറ്ററാണ്. ഗർത്തം കണ്ടെത്താൻ ഉപരിതലം മുഴുവൻ സർവ്വേ നടത്തി. വിവിധ അാരാഷ്‌ട്ര ചൊവ്വാ പേടകങ്ങൾ ദൗത്യത്തിന്റെ ഭാഗമായി. പുതിയ ഗർത്തം കണ്ടെത്തിയില്ല. തുടർ പഠനത്തിലാണ് ചൊവ്വയുടെ അന്തർഭാഗത്തെ മർദ്ദം പ്രവഹിച്ചതാണെന്ന് കണ്ടെത്തിയത്. ‌‌‌‌

ചൊവ്വ അത്ര ശാന്തമല്ല

ഭൂമിയുടെ ബാഹ്യകവചം നിരന്തരം സ്ഥാനഭ്രംശം സംഭവിക്കുന്ന ഭൗമപാളികൾ അടങ്ങിയതാണ്. ഈ സ്ഥാനഭ്രംശം തീവ്രമാകുമ്പോഴാണ് ഭൂകമ്പമുണ്ടാകുന്നത്. ചൊവ്വയുടെ ബാഹ്യകവചമാകട്ടെ, ഒരൊറ്റ പാളിയാണ്. അതുകൊണ്ടുതന്നെ ഭൂകമ്പമുണ്ടാക്കുന്ന ഭൗമപാളികളുടെ ചലന പ്രക്രിയ (പ്ലേറ്റ് ടെക്ടോണിക്സ് )​ ചൊവ്വയിൽ ഇല്ലെന്നാണ് കരുതുന്നത്. എങ്കിലും ചൊവ്വ അത്ര ശാന്തമല്ലെന്നാണ് ചൊവ്വ കുലുക്കം നൽകുന്ന സൂചന. കോടക്കണക്കിന് വർഷങ്ങളിലെ പരിണാമത്തിൽ ഗ്രഹത്തിന്റെ പല ഭാഗങ്ങളും ഒരുപോലെയല്ല തണുത്തതും ചുരുങ്ങിയതും. ഇത് മർദ്ദവ്യതിയാനം സൃഷ്‌ടിച്ചു. ഈ മർദ്ദത്തിന്റെ പ്രവാഹമാണ് കമ്പനമുണ്ടാക്കുന്നത്.

ചൊവ്വയുടെ ദക്ഷിണാർദ്ധ ഗോളത്തിലെ അൽ ഖ്വാഹിറ വല്ലിസ് മേഖലയിൽ ഡസൻ കണക്കിന് കിലോമീറ്റർ ആഴത്തിലായിരുന്നു ചൊവ്വ കമ്പനത്തിന്റെ പ്രഭവ കേന്ദ്രം. ഇവിടെ നിന്ന് 2000 കിലോമീറ്റർ അകലെ നിന്നാണ് ഇൻസൈറ്റ് റോവർ ചൊവ്വകുലുക്കം രേഖപ്പെടുത്തിയത്. നാല് വർഷത്തെ ആയുസിനിടെ ഇൻസൈറ്റിലെ സീസ്മോമീറ്റർ 1319 ചൊവ്വകുലുക്കങ്ങളാണ് രേഖപ്പെടുത്തിയത്. ഇവ എല്ലാം കൂടി പുറത്തു വിട്ട ഊർജ്ജത്തിന്റെ പല മടങ്ങായിരുന്നു പുതിയ കമ്പനം സൃഷ്‌ടിച്ചത്.

ചൊവ്വയെ കുലുക്കിയ S1222a

2018ൽ ചൊവ്വയിൽ ഇറങ്ങിയ ഇൻസൈറ്റ് അവിടത്തെ 1222ാം ദിവസം രേഖപ്പെടുത്തിയ കുലുക്കത്തിന് S1222a എന്നാണ് പേരിട്ടിരിക്കുന്നത്. 2021 ആഗസ്റ്റ് 25ന് 4.2 തീവ്രതയുള്ള ചൊവ്വകുലുക്കം രേഖപ്പെടുത്തിയിരുന്നു.

നാസയും ഇലോൺ മസ്‌കും ചൊവ്വയിലേക്ക് മനുഷ്യ ദൗത്യങ്ങൾ ആസൂത്രണം ചെയ്യുമ്പോൾ ചൊവ്വ കുലുക്കങ്ങളെ പറ്റിയുള്ള പഠനം നിർണായകമാണ്.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.