നെല്‍സണ്‍ സംവിധാനം ചെയ്ത് രജനികാന്ത് നായകനായ സൂപ്പർ ഹിറ്റ് ചിത്രമാണ് 'ജയിലർ'. ചിത്രത്തിലെ 'കാവാലയ്യ' എന്ന ഗാനം വളരെ പ്രചരണം നേടിയ ഒന്നാണ്. സിനിമ ഇറങ്ങുന്നതിന് മുൻപ് തന്നെ ഈ ഗാനം ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ഈ ഗാനത്തിനെതിരെ വിമർശനം ഉയർത്തിയിരിക്കുകയാണ് തമിഴ് നടൻ മൻസൂർ അലി ഖാൻ. ഗാനരംഗത്തിലെ തമന്നയുടെ സ്റ്റെപ്പുകൾ വൃത്തികേടാണെന്നാണ് അദ്ദേഹം പറഞ്ഞത്.
'കാവാലയ്യ' ഗാനത്തിൽ തമന്ന അവതരിപ്പിക്കുന്ന ഹൂക്ക് സ്റ്റെപ്പുകൾ വളരെ വൃത്തികേടാണ്. അതിന് എങ്ങനെ സെൻസർ കിട്ടിയെന്ന് മൻസൂർ അലി ഖാൻ ചോദിച്ചു. അദ്ദേഹം അഭിനയിച്ച 'സരകു' എന്ന സിനിമയിലെ ചില രംഗങ്ങൾ സെൻസർ ബോർഡ് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വാർത്താസമ്മേളനം വിളിച്ചിരുന്നു. അതിലായിരുന്നു നടന്റെ വിവാദ പ്രതികരണം.
സെൻസസ് ബോർഡ് 'സരകു' സിനിമയിലെ ചില രംഗങ്ങൾ വെട്ടിയതിൽ നിരാശയുണ്ട്. എന്താണ് ജയിലറിന് അത് ബാധകമാകത്തത്. ഇത്തരം ഡാൻസ് സ്റ്റെപ്പുകൾക്ക് സെൻസർഷിപ്പ് നൽകുന്ന മാനദണ്ഡം എന്താണെന്നും മൻസൂർ അലി ഖാൻ ചോദിച്ചു. മൻസൂറിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ വലിയ രീതിയിൽ നടനെതിരെ വിമർശനവും ഉയരുന്നുണ്ട്.
അതേസമയം, ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം ലിയോയിൽ ഒരു പ്രധാന വേഷത്തിൽ മൻസൂർ അലി ഖാൻ എത്തുന്നുണ്ട്. ഒരു കാലത്ത് തമിഴിലെ വില്ലൻ റോളുകളിൽ നിറഞ്ഞു നിന്ന മൻസൂറിന്റെ ഒരു തിരിച്ചുവരവ് കൂടിയാണ് ലിയോ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |