തിരുവനന്തപുരം: സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ട്രെയിൻ യാത്രാക്ളേശത്തിൽ നടപടിയുമായി റെയിൽവെ. എട്ടോളം ട്രെയിനുകളിൽ റെയിൽവെ അധികകോച്ചുകൾ അനുവദിച്ചു. തിരുവനന്തപുരം- എറണാകുളം വഞ്ചിനാട് എക്‌സ്‌പ്രസ്, എറണാകുളം- കണ്ണൂർ ഇന്റർസിറ്റി എക്‌സ്‌പ്രസ്, കണ്ണൂർ-ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസ്, ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസ്, കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്‌സ്‌പ്രസ്, എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്‌സ്‌പ്രസ്, തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്‌സ്‌പ്രസ്, ഷൊർണൂർ-തിരുവനന്തപുരം വേണാട് എക്‌സ്‌പ്രസ് എന്നീ ട്രെയിനുകൾക്കാണ് കോച്ചുകൾ അനുവദിച്ചിരിക്കുന്നത്.
സെക്കന്റ്‌ക്ളാസ് യാത്രാ കോച്ചുകളാണ് ഈ ട്രെയിനുകളിൽ അധികമായി അനുവദിച്ചത്. 31മുതൽ ഈ കോച്ചുകൾ ട്രെയിനുകളിൽ ലഭ്യമാകും. ഓരോ കോച്ച് വീതമാണ് അധികമുണ്ടാകുക. നിലവിൽ നിൽക്കാനിടമില്ലാത്ത തരത്തിൽ തിരക്കുള്ള പല ട്രെയിനുകളിലും ഇതുകൊണ്ട് അധികം ആശ്വാസമാകുമോ എന്നത് കണ്ടറിയേണ്ടതാണ്.
വന്ദേഭാരതിന് സുഗമയാത്ര ഒരുക്കുന്നതിനായി മറ്റുട്രെയിനുകൾ പിടിച്ചിടുന്നതിൽ പ്രതിഷേധിച്ച് യാത്രക്കാർ ഒക്‌ടോബർ 20ന് പ്രതിഷേധിച്ചിരുന്നു. ആലപ്പുഴ വഴിയുളള യാത്രക്കാരാണ് 'ദുരിതമീ യാത്ര' എന്നെഴുതിയ ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ചത്.
വന്ദേ ഭാരത് അടക്കമുള്ള പുതിയ ട്രെയിനുകൾ കൃത്യ സമയത്ത് ഓടുന്നതിനായി കേരളത്തിലെ മറ്റ് പ്രധാന ട്രെയിനുകൾ റെയിൽവേ മനഃപൂർവം വൈകിപ്പിക്കുന്നതായാണ് യാത്രക്കാർ പ്രതിഷേധത്തിനിടെ പരാതിപ്പെട്ടത്. ഇന്റർസിറ്റി, പാലരുവി, രാജധാനി, ഏറനാട് തുടങ്ങിയ ട്രെയിനുകൾ വന്ദേ ഭാരതിനായി 45 മിനിട്ടോളം വൈകിപ്പിക്കുന്നതായാണ് പരാതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |