വാണിജ്യാവശ്യത്തിന് പാചകവാതകം ഉപയോഗിക്കുന്നവർക്ക് ഇംഗ്ളീഷ് മാസം ഒന്നാം തീയതി ദുർദ്ദിനമായിട്ട് കുറെക്കാലമായി. നവംബർ ഒന്നിന് വാണിജ്യ സിലിണ്ടറിന് 102 രൂപ കൂടി വർദ്ധിപ്പിച്ചിരിക്കുകയാണ്. ഇതോടെ രണ്ടുമാസത്തിനിടെ 304 രൂപയാണ് കൂടിയത്. 1850 രൂപയോളമാണ് ഒരു കുറ്റി ഗ്യാസിന് ഇപ്പോൾ നൽകേണ്ടിവരുന്നത്. പാചകവാതകത്തെ ആശ്രയിച്ച് ഭക്ഷണശാലകളും മറ്റു ചെറുകിട സ്ഥാപനങ്ങളും നടത്തുന്നവരെ സംബന്ധിച്ചിടത്തോളം ഇപ്പോഴത്തെ വിലവർദ്ധന കൂടിയായപ്പോൾ ഭാരം താങ്ങാനാവാത്ത നിലയിലായിരിക്കുകയാണ്.
എന്തിനിങ്ങനെ പാചകവാതകത്തെ കരുവാക്കി മനുഷ്യരെ ദ്രോഹിച്ചുകൊണ്ടിരിക്കുന്നുവെന്ന് മനസ്സിലാവുന്നില്ല. വില വർദ്ധിപ്പിക്കുന്നതിന് എപ്പോഴും പറയുന്ന ന്യായം ഒന്നു തന്നെ. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നിരിക്കുന്നു. അതിന് അനുസരണമായി ഇവിടെയും പെട്രോളിയം ഉത്‌പന്നങ്ങൾക്ക് വില കൂട്ടിയില്ലെങ്കിൽ എണ്ണക്കമ്പനികൾക്ക് വലിയ നഷ്ടം നേരിടേണ്ടിവരുമെന്നാണ് വാദം. എന്നാൽ പാചകവാതകത്തിനു മാത്രമേ ഇപ്പോൾ വില കൂട്ടിയിട്ടുള്ളൂ. പെട്രോളും ഡീസലും ഉൾപ്പെടെ മറ്റുള്ളവയുടെ വില കുറച്ചുനാളായി വർദ്ധിപ്പിച്ചു കാണുന്നില്ല. അതിന് ഒരു കാരണമുണ്ട്. അഞ്ചു സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കാൻ പോവുകയാണ്. പെട്രോളിനും മറ്റും വില കൂട്ടുന്നത് വലിയ തിരിച്ചടിക്കു കാരണമാകുമെന്ന് പ്രത്യേകം പറയേണ്ടതില്ല.
വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടുന്നത് പ്രത്യക്ഷമായി ബാധിക്കാൻ പോകുന്നത് എല്ലാ വിഭാഗം ജനങ്ങളെയുമാണ്. കാരണം ഭക്ഷണശാലകളെ ആശ്രയിച്ച് വിശപ്പടക്കുന്ന വലിയൊരു വിഭാഗം രാജ്യത്തുടനീളമുണ്ട്. സാധനവില ഉയരുന്നതിനൊപ്പം പാചകവാതക വില കൂടി അടിക്കടി കൂടിക്കൊണ്ടിരുന്നാൽ പിടിച്ചുനിൽക്കാൻ കഷ്ടപ്പെടേണ്ടിവരും. മാത്രമല്ല ഭക്ഷ്യസാധന വില അനിയന്ത്രിതമായ നിലയിൽ കൂട്ടാനുമാകില്ല. ഉപഭോക്താക്കളെ അകറ്റാൻ മാത്രമേ അത്തരം നടപടി ഉപകരിക്കൂ.
ഇന്ന് ചെറു തട്ടുകടകൾ പോലും പാചകവാതകം ഉപയോഗിച്ചാണ് ആഹാരസാധനങ്ങൾ ഉണ്ടാക്കുന്നത്. എണ്ണക്കമ്പനികൾക്കു വേണ്ടി അടിക്കടി പാചകവാതകത്തിന് വിലകൂട്ടുമ്പോൾ ഭക്ഷണശാലകളും അതുപോലുള്ള സ്ഥാപനങ്ങളുമാണ് ശോഷിക്കുന്നത്. ലാഭത്തിൽ മാത്രമല്ല കുറവു വരുന്നത്. ഭക്ഷണവില ഒരു പരിധിക്കപ്പുറം കൂട്ടിയാൽ ഉപഭോക്താക്കൾ ചെറുക്കുമെന്നതിനാൽ സ്വന്തം ലാഭം കുറച്ചുകൊണ്ട് എങ്ങനെയും കച്ചവടം മുന്നോട്ടു കൊണ്ടുപോകേണ്ട ഗതികേടിലാണ് പലരും. വാണിജ്യ പാചകവാതകത്തിന് വില കൂട്ടിയാലും ചെന്നുകൊള്ളുന്നത് ജനത്തിന്റെ നെഞ്ചിൽത്തന്നെ!
രാജ്യാന്തര വിപണിയിൽ ക്രൂഡ് വില സർക്കാർ പ്രചരിപ്പിക്കും പോലെ അത്രയൊന്നും കൂടിയിട്ടില്ലെന്നാണ് സ്ഥിതിവിവരം. ഇസ്രയേൽ - ഹമാസ് യുദ്ധത്തിനു ശേഷവും ക്രൂഡ് വിലയിൽ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. പെട്രോളിയം ഉത്‌പന്നങ്ങൾക്ക് വില വർദ്ധിപ്പിച്ച് വൻ വരുമാനം നേടുക എന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. നിരവധി വർഷങ്ങളായി ഇതു നടന്നുകൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രമാണ് ഇതിന് അപവാദം. തിരഞ്ഞെടുപ്പു കാലത്ത് വിലയിൽ മാറ്റം വരുത്തുകയില്ലെങ്കിലും വോട്ടെണ്ണൽ കഴിയുന്നതോടെ വീണ്ടും വില കൂട്ടിത്തുടങ്ങും. പെട്രോളിന് അൻപതു രൂപയാക്കുമെന്ന് അധികാരത്തിൽ വരുന്നതിനു മുൻപ് ജനങ്ങൾക്ക് വാഗ്ദാനം നൽകിയവരാണ് പിന്നീട് അതൊക്കെ മറന്നത്. ഇനി വരുന്നത് തിരഞ്ഞെടുപ്പിന്റെ നാളുകളായതിനാൽ പാചകവാതകം ഒഴികെയുള്ള പെട്രോളിയം ഉത്‌പന്നങ്ങൾ വിലവർദ്ധനവിൽ നിന്ന് മോചിതമാകുമെന്നു പ്രതീക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |