മലയാളത്തിന്റെ മഹോത്സവമായ കേരളീയത്തിനൊപ്പം തുടക്കമായ കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പ് പങ്കാളിത്തംകൊണ്ട് ചരിത്രമെഴുതുക തന്നെ ചെയ്യും.
കഴിഞ്ഞ ജനുവരിയിലാണ് നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഒന്നാം എഡിഷൻ സംഘടിപ്പിച്ചത്. രാജ്യത്തു തന്നെ ആദ്യമായിട്ടായിരുന്നു ഒരു നിയമസഭ, വലിയ ജനപങ്കാളിത്തത്തോടെയുള്ള അന്താരാഷ്ട്ര പുസ്തകോത്സവത്തിന് വേദിയൊരുക്കിയത്. അത് ജനാധിപത്യത്തിന്റെ സർഗാത്മകമായ അദ്ധ്യായമായി മാറി.
ജനാധിപത്യത്തിന്റെ ഉള്ളടക്കത്തെ കൂടുതൽ കരുത്തുറ്റതാക്കി മാറ്റാൻ ഈ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് സാധിക്കുമെന്നാണ് കഴിഞ്ഞ പുസ്തകോത്സവ കാലത്ത് രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞത്. അക്ഷരങ്ങളിലൂടെ ലഭിക്കുന്ന വെളിച്ചം ഇല്ലാതാക്കാനാണ് രാജ്യത്ത് ഇരുട്ടിന്റെ ശക്തികൾ ശ്രമിക്കുന്നത്. അറിവിനു പകരം അജ്ഞാനം വിളമ്പുന്ന, അന്ധവിശ്വാസങ്ങളിൽ അഭിരമിക്കുന്ന, ശാസ്ത്ര ചിന്തകൾക്കു പകരം നുണക്കഥകളെ സ്ഥാപിച്ചെടുക്കുന്ന അക്ഷരവൈരികൾ രാജ്യത്ത് വർഗീയതയുടെ വിളവെടുപ്പു നടത്താൻ ശ്രമിക്കുകയാണ്.
സാമൂഹ്യപരിഷ്‌കരണ, നവോത്ഥാന പ്രസ്ഥാനങ്ങൾക്കും മുമ്പുള്ള സമൂഹം പുന:സ്ഥാപിക്കണമെന്നാണ് അവരുടെ ആഗ്രഹം. ചാതുർവർണ്യ വ്യവസ്ഥയും ജാതിജീർണതകളും മറ്റും തിരികെ കൊണ്ടുവരാനാണ് പരിശ്രമം. ഭരണഘടനയ്ക്കു പകരം മനുസ്മൃതി സ്ഥാപിക്കണമെന്ന ചിന്ത എത്രമാത്രം അപരിഷ്‌കൃതമാണ്! അത്തരമൊരു വർത്തമാന കാലത്ത് പുസ്തകങ്ങളും അക്ഷരങ്ങളും അറിവുമാണ് ജനങ്ങളുടെ കരുത്ത്. പട്ടിണിയായ മനുഷ്യന്റെ കൈയിലെ ആയുധമായി പുസ്തകം മാറുമ്പോഴാണ് ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യാനാവുക. വായനയാണ് ലഹരിയെന്ന സന്ദേശം ഉയർത്തിപ്പിടിച്ച് നിയമസഭാ പുസ്തകോത്സവം ഒരുക്കുന്നതിലൂടെ അക്ഷരവെളിച്ചത്തിലൂടെ അജ്ഞതയുടെ ഇരുട്ടിനെ അകറ്റാനാണ് ശ്രമം.
അക്ഷരങ്ങളോടും അറിവിനോടും ഏറെ അടുപ്പമുള്ളവരാണ് മലയാളികൾ. കേരളം സമ്പൂർണ സാക്ഷരതാ സംസ്ഥാനമായി മാറിയതു പോലും വായിക്കാനും അറിയാനുമുള്ള സമൂഹത്തിന്റെ അതിയായ താത്പര്യം മൂലമാണ്. വിശ്വവിഖ്യാതമായ കേരള മോഡൽ സൃഷ്ടിച്ചെടുക്കാൻ സാധിച്ചതിനും അതിന് തുടർച്ചകളുണ്ടാക്കാൻ കഴിയുന്നതിനും രാജ്യത്തെ പ്രബുദ്ധമായ ഭൂമികയായി കേരളം തലയുയർത്തി നിൽക്കുന്നതിനും ഇത്തരം മികവുകൾ കാരണമായിട്ടുണ്ട്.
അതിനാലാവണം, കേരളത്തിൽ നിരവധി പുസ്തകോത്സവങ്ങൾ നടക്കാറുണ്ട്. വിവിധ പ്രസിദ്ധീകരണ ശാലകളുടേയും മറ്റ് സ്ഥാപനങ്ങളുടെയുമൊക്കെ നേതൃത്വത്തിൽ സംഘടിപ്പിക്കാറുള്ള ഇത്തരം മേളകൾ നമുക്ക് പരിചിതമാണ്. അതിൽ നിന്നൊക്കെ വ്യത്യസ്തമായി, കേരളത്തിന്റെയൊട്ടാകെയുള്ള, ഒരോ പൗരന്റേയും പുസ്തകോത്സവം എന്ന കിരീടമാണ് കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ലഭിച്ചിരിക്കുന്നത്. ആ പദവി ഉയർത്തിപ്പിടിച്ച് നിയമസഭാ പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പിന്റെ വിജയത്തിനായും നമുക്ക് യത്നിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |