സംസ്ഥാനത്ത് ആരാധനാലയങ്ങളിൽ അസമയത്ത് പടക്കം പൊട്ടിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് വിശദവും വിപുലവുമായ ചർച്ചകൾക്ക് വഴിതെളിക്കുന്നതാണ്. ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും ഭാഗമായി വെടിവഴിപാടും, വെടിക്കെട്ടും നടത്തുന്ന ആരാധനാലയങ്ങൾ ഏറെയുള്ള നാടാണ് കേരളം. ആ നിലയ്‌ക്ക് ഈ വിഷയത്തിൽ ഏകപക്ഷീയമായ ഒരു നിലപാട് സ്വീകരിക്കുന്നത് എളുപ്പമായിരിക്കുകയില്ല.അതുകൊണ്ടു തന്നെ കോടതി ആവശ്യപ്പെട്ട റിപ്പോർട്ട് സമർപ്പിക്കുന്നതിനു മുമ്പ് ബന്ധപ്പെട്ട എല്ലാവരുമായി സർക്കാർ ചർച്ച നടത്തണം.
എറണാകുളം മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലും പരിസരത്തെ മാങ്കായിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി, ലോവർ പ്രൈമറി സ്‌കൂൾ എന്നിവയുടെ പരിസരങ്ങളിലും വെടിക്കെട്ട് നടത്തുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് പരിസരവാസികൾ 2015-ൽ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് അമിത് റാവലിന്റെ ഉത്തരവ്. വെടിക്കെട്ടിനെ തുടർന്ന് തങ്ങളുടെ വീടുകൾക്ക് കേടുപറ്റുന്നതും കുട്ടികൾക്കും മുതിർന്നവർക്കും പരിക്കേറ്റതും ഉൾപ്പെടെയുള്ള കാരണങ്ങളാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്.അസമയങ്ങളിൽ സമാധാനം കെടുത്തിയാണ് വെടിക്കെട്ടിനായി പടക്കം പൊട്ടിക്കുന്നതെന്നും ഹർജിയിൽ പറഞ്ഞിരുന്നു.
ദൈവത്തെ പ്രീതിപ്പെടുത്താൻ പടക്കം പൊട്ടിക്കണമെന്ന് വിശുദ്ധ ഗ്രന്ഥങ്ങളിലൊന്നും തന്നെ പറയുന്നില്ലെന്ന് നിരീക്ഷിച്ച കോടതി, മതവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ നിയമവിരുദ്ധമായി സൂക്ഷിച്ചിരിക്കുന്ന പടക്കങ്ങൾ ജില്ലാ ഭരണകൂടം പൊലീസിന്റെ സഹായത്തോടെ പരിശോധന നടത്തി പിടിച്ചെടുക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. വെടിക്കെട്ട് അപകടങ്ങളുടെയും ദുരന്തങ്ങളുടെയും മുൻ പശ്ചാത്തലത്തിൽ ഒറ്റനോട്ടത്തിൽ ഇത് വളരെ സ്വാഗതാർഹമായ തീരുമാനമായി തോന്നാമെങ്കിലും എല്ലാം നിയമത്തിന്റെ കണ്ണിലൂടെ മാത്രം വിലയിരുത്താൻ കഴിയുകയുമില്ല. ഉദാഹരണത്തിന് ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് രാജ്യത്തെ പരമോന്നത നീതിപീഠം വിധി പ്രഖ്യാപിച്ചെങ്കിലും വലിയ എതിർപ്പ് വിശ്വാസ സമൂഹത്തിൽ നിന്നും ഉയർന്നുവന്നതോടെ അത് നടപ്പിലാക്കാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല ഭരണകൂടങ്ങൾക്കും പ്രമുഖ രാഷ്ട്രീയ പാർട്ടികൾക്കു പോലും നിലപാടുകൾ മാറ്റേണ്ടിയുംവന്നു. മറ്റുള്ളവരുടെ വികാരങ്ങളെ ഹനിക്കാത്തതും അന്ധവിശ്വാസത്തിലധിഷ്ഠിതമല്ലാത്തതുമായ ഏതൊരു ആചാരവും അനുവദനീയമായ രാജ്യത്ത് എല്ലാവരെയും ഉൾക്കൊണ്ടുപോകുകയെന്നത് പരമപ്രധാനമാണ്.
ലക്ഷക്കണക്കിനു വിശ്വാസികൾ മാത്രമല്ല വിനോദസഞ്ചാരികൾ പോലും വർഷം തോറും പങ്കെടുത്തുവരുന്ന തൃശൂർ പൂരത്തിന്റെ മുഖ്യാകർഷണങ്ങളിലൊന്ന് അവിടെ അർദ്ധരാത്രി നടത്തുന്ന പൂരം വെടിക്കെട്ടാണ്. വിദേശ രാജ്യങ്ങളിൽ നിന്നുവരെ പൂരം കാണാൻ ആളുകൾ എത്താറുണ്ട്. സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് വന്നതോടെ പൂരം നടത്തിപ്പുകാരായ പാറമേക്കാവ് ,തിരുവമ്പാടി ദേവസ്വങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.വെടിക്കെട്ടില്ലാത്ത പൂരത്തെക്കുറിച്ച് തൃശൂരുകാർക്ക് ആലോചിക്കാൻ പോലും കഴിയുകയില്ല.
കോടതി, വിഷയം ഈ മാസം 24 ന് വീണ്ടും പരിഗണിക്കുന്നുണ്ട്. അതിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാരിനോട് നിർദ്ദേശിച്ചിട്ടുള്ളത്. ബന്ധപ്പെട്ട എല്ലാവരുടെയും പ്രതിനിധികളുമായി ചർച്ച നടത്തുന്നത് കാര്യങ്ങൾ കോടതിയെ ധരിപ്പിക്കാൻ സഹായകമാകും. അതേസമയം ശബ്ദമലിനീകരണം സൃഷ്ടിക്കുന്ന പ്രതിസന്ധികളെ തീരെ അവഗണിക്കാവുന്നതുമല്ല. ഉച്ചഭാഷിണി ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതുപോലെ ഇക്കാര്യത്തിലും ചില നിയന്ത്രണങ്ങൾ വേണ്ടതുണ്ട്. കുട്ടികളുടെ പഠനത്തെ ബാധിക്കാത്ത വിധത്തിലും പ്രായമുള്ളവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാത്ത വിധത്തിലും മതിയായ നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടതുണ്ട്. പൊതുവെ ഉത്സവ സീസൺ ആരംഭിക്കുന്നത് പരീക്ഷക്കാലത്തായതിനാൽ വിദ്യാർത്ഥികൾക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാകാതെ നോക്കേണ്ട ഉത്തരവാദിത്വം സമൂഹത്തിന്റേതാണ്.സംഘാടകർ സ്വമേധയാ നിയന്ത്രണം ഏർപ്പെടുത്തുകയായിരിക്കും ഇത്തരം കാര്യങ്ങളിൽ അഭികാമ്യമായിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |