കൊച്ചി: ഡോളർ കടത്ത് കേസിൽ സ്വപ്നയ്ക്കും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനും 65 ലക്ഷം രൂപ വീതം പിഴ ചുമത്തിയതായി കസ്റ്റംസ് അറിയിച്ചു. ഒപ്പം യൂണിറ്റാക്ക് എം ഡി സന്തോഷ് ഈപ്പന് ഒരു കോടിയും യു എ ഇ കോൺസുലേറ്റിന്റെ മുൻ സാമ്പത്തിക വിഭാഗം മേധാവി ഖാലിദിന് 1.30 കോടി രൂപ പിഴയും ചുമത്തിയിട്ടുണ്ട്. കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ രാജേന്ദ്ര കുമാറാണ് ഉത്തരവിട്ടത്.
കോൺസുലേറ്റ് കേന്ദ്രീകരിച്ചുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളെല്ലാം ശിവശങ്കറിന് അറിയാമായിരുന്നുവെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഡോളർ കടത്തിൽ സന്ദീപ്, സരിത്ത്, സ്വപ്ന, എം ശിവശങ്കർ എന്നിവർക്കാണ് 65 ലക്ഷം രൂപ പിഴയായി ചുമത്തിയത്. തിരുവനന്തപുരം വിമാനത്താവളം വഴി ഖാലിദ് വൻതോതിൽ വിദേശ കറൻസി നിയമവിരുദ്ധമായി കടത്തിയെന്ന് കസ്റ്റംസ് കമ്മീഷണറുടെ റിപ്പോർട്ടിലുണ്ട്. ഇയാൾക്ക് മൂന്ന് തവണ നോട്ടീസ് അയച്ചിട്ടും ഹാജരായില്ലെന്നാണ് കസ്റ്റംസിന്റെ വാദം.
എം ശിവശങ്കറും ഖാലിദുമായി അടുത്ത ബന്ധമുണ്ടെന്നും യു എ ഇ കോൺസുലേറ്റ് വഴി നടന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ എല്ലാ പ്രതികൾക്കും അറിയാമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. സ്വർണക്കടത്തിലും ഡോളർ കടത്തിയതിലും അന്വേഷണം പൂർത്തിയാക്കുന്നതിന്റെ തുടർ നടപടിയായിട്ടാണ് പിഴ ചുമത്തിയത്. പ്രതികൾക്ക് മൂന്നു മാസത്തേയ്ക്ക് അപ്പീൽ സമർപ്പിക്കാൻ സമയം അനുവദിച്ചിട്ടുണ്ട്. അതിന് ശേഷം സ്വത്ത് കണ്ടുകെട്ടുന്ന നടപടികളിലേയ്ക്ക് നീങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |