നൂറ്റൊന്നു കോടി രൂപയുടെ തട്ടിപ്പു നടന്നിട്ടുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയ തിരുവനന്തപുരം ജില്ലയിലെ കണ്ട്ല സഹകരണ ബാങ്ക് പ്രസിഡന്റ് ഭാസുരാംഗൻ മുപ്പതു വർഷമായി ആ സ്ഥാനത്തു തുടരുകയായിരുന്നു. ഇന്ത്യാ ചരിത്രത്തിൽ ഇത്രയും കാലം അധികാരത്തിലിരുന്ന ചക്രവർത്തിമാർ പോലും അപൂർവ്വമാകും. സഹകരണ സ്ഥാപനങ്ങൾ ഒന്നിനു പുറകെ ഒന്നായി നിക്ഷേപ തട്ടിപ്പുകൾ കാരണം കുപ്രസിദ്ധി നേടിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് കണ്ട്ല ബാങ്കും ആ ഗണത്തിൽപ്പെട്ടത് ഒറ്റരാത്രികൊണ്ടൊന്നുമല്ല.
ബാങ്കിൽ നടന്ന ക്രമക്കേടുകളെക്കുറിച്ചും അതിനു പിന്നിൽ പ്രവർത്തിച്ച ജീവനക്കാരടക്കമുള്ള ആളുകളെക്കുറിച്ചും മാദ്ധ്യമങ്ങളിൽ മാസങ്ങളായി വാർത്തകൾ വന്നുകൊണ്ടിരിക്കുകയാണ്. ക്രൈംബ്രാഞ്ചും അന്വേഷണമൊക്കെ നടത്തി. എന്നാൽ കാര്യമായ പുരോഗതിയുണ്ടായില്ല. 101 കോടിയുടെ ക്രമക്കേടു നടന്നിട്ടുണ്ടെന്ന് നേരത്തെ സഹകരണ വകുപ്പും കണ്ടെത്തിയിട്ടുണ്ട്. ഇ.ഡി.യുടെ പരിശോധനകളിൽ അത് സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ സി.പി.ഐ അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്, ഭാസുരാംഗന്റെ പുത്രനും ബാങ്ക് ക്രമക്കേടുകളിൽ പങ്കുണ്ടെന്നു കണ്ട് അയാൾക്കെതിരെയും കൂടുതൽ അന്വേഷണം നടക്കുകയാണ്.
സംസ്ഥാനത്തെ ഏറ്റവും വലിയ സഹകരണ ക്രമക്കേടുകൾ നടന്ന കരുവന്നൂർ ബാങ്കിനു പിന്നാലെ കണ്ട്ല ബാങ്കും നീങ്ങിയതോടെ സഹകരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളുടെ പോരായ്മകളും ദൗർബല്യങ്ങളുമാണ് പുറത്തു വരുന്നത്. കണ്ട്ല ബാങ്കിൽ ഒരു വ്യക്തി മുപ്പതു വർഷമായി പ്രസിഡന്റിന്റെ കസേരയിൽ തുടരുന്നതുതന്നെ അതിന് മതിയായ തെളിവാണ്. പണ്ടുകാലത്തെ സഹകരണ സ്ഥാപനങ്ങളുടെ സ്വഭാവമല്ല ഇപ്പോഴത്തേതിനുള്ളത്. കോടാനുകോടികൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളാണവ.
സഹകരണ പ്രസ്ഥാനം പൂർണ്ണമായും രഷ്ട്രീയവത്കരിക്കപ്പെട്ടതു മുതൽ രാഷ്ട്രീയക്കാരാണ് അവയുടെ ഭരണം കൈയാളുന്നത്. സഹകരണ സ്ഥാപനങ്ങളിലേക്കു നടക്കാറുള്ള തിരഞ്ഞെടുപ്പുകൾ നോക്കിയാലറിയാം, മത്സരസ്വഭാവം. ഏതു വിധേനയും ഭരണം പിടിച്ചെടുക്കാനുള്ള പോരാട്ടത്തിൽ സഹകരണ പ്രസ്ഥാനത്തിന്റെ സകല മൂല്യങ്ങളും മര്യാദകളും പരസ്യമായി ലംഘിക്കുന്ന കാഴ്ചയാണ് കാണുന്നത്. തുടർച്ചയായ അധികാരം കൂടുതൽ ദുഷിപ്പിക്കുമെന്ന ആപ്തവാക്യമാണ് ഇവിടെ ഓർമ്മിക്കേണ്ടത്. തുടർച്ചയായ ഭരണം അഴിമതിയിലേക്കും ക്രമക്കേടിലേക്കുമുള്ള പാതയാണ് തുറക്കുന്നത്.
ജീവനക്കാരെകൂടി ഒപ്പം നിറുത്തി വൻതോതിൽ ക്രമക്കേടുകൽ നടത്തിയാലും താക്കോൽ സ്ഥാനത്തിരിക്കുന്നവർക്ക് മാറ്റമൊന്നുമില്ലാത്തതിനാൽ അതൊക്കെ ഏറെക്കാലം മൂടിവയ്ക്കാൻ കഴിയും. ബന്ധുക്കൾക്കും ചാർച്ചക്കാർക്കും ഇഷ്ടക്കാർക്കുമെല്ലാം നിക്ഷേപപ്പണം യാതൊരു ഈടുമില്ലാതെ നൽകാൻ സാധിക്കും. ബിനാമികളുടെ പേരിൽ സ്വയം വൻതുകകൾ അടിച്ചുമാറ്റാനും വിഷമമില്ല. ഇതിനകം തകർന്ന സഹകരണ ബാങ്കുകളിലെല്ലാം നടന്നിട്ടുള്ളത് ഇമ്മാതിരി ദ്രോഹമാണ്. നാട്ടിലെ പാവപ്പെട്ടവരും ചെറുകച്ചവടക്കാരും കൃഷിക്കാരുമൊക്കെ സഹകരണ ബാങ്കുകളിലെ ഇടപാടുകാരാകുന്നത് ബാങ്കുമായുള്ള അടുപ്പം കൊണ്ടാണ്. ഏത് ആവശ്യവും നിവർത്തിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ്. ഭാവിയിലെ ആവശ്യങ്ങൾ മുന്നിൽക്കണ്ട് ആളുകൾ പണം നിഷേപിക്കുന്നത് വേണ്ടിവരുന്ന സമയത്ത് തിരിച്ചെടുക്കാനാവുമെന്ന ഉറപ്പിലാണ്.
ഇത്തരത്തിൽ കുമിഞ്ഞുകൂടുന്ന നിഷേപം തന്റെയും കുടുംബാംഗങ്ങളുടെയും പേരിൽ കള്ളരേഖകൾ ചമച്ച് അടിച്ചുമാറ്റിയാലും ചോദിക്കാനാരുമില്ലെന്ന തോന്നലിൽ നിന്നാണ് സഹകരണ തട്ടിപ്പ് തുടങ്ങുന്നത്. ഒരേ ആൾക്കാർ തന്നെ പത്തും മുപ്പതും കൊല്ലം ഭരണസമിതിയിൽ തുടരുന്നത് വിലക്കിയാൽത്തന്നെ ഫലമുണ്ടാകും. തട്ടിപ്പുകൾ പുറത്താകുമ്പോൾ സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ ശ്രമിക്കുന്നു എന്ന് ഓരിയിടുന്നതിൽ അർത്ഥമില്ല. കള്ളനെ പിടിക്കാൻ ഓടുന്ന നാട്ടുകാരോടൊപ്പം ചേർന്ന് കള്ളനും ഓടുന്നതുപോലെയാണിത്.
ക്രമക്കേടുകൾ പകൽപോലെ തെളിഞ്ഞാലും അത്തരക്കാരെ കൈവിടാൻ അവരുടെ പാർട്ടികൾ തയ്യാറാകത്തതാണ് സഹകരണ സ്ഥാപനങ്ങൾ നേരിടുന്ന മറ്റൊരു വെല്ലുവിളി. ആരോപണങ്ങളുണ്ടായാൽ അവ പരിശോധിച്ച് ഉടൻ നടപടിയെടുക്കാനുള്ള ആർജ്ജവം ഇല്ല. കരുവന്നൂർ ബാങ്കിൽ നടന്ന തീവെട്ടിക്കൊള്ള മാലോകർക്ക് ബോദ്ധ്യമായിട്ടും അതിലുൾപ്പെട്ടവരെ സംരക്ഷിക്കുന്ന സമീപനമാണ് കാണുന്നത്. കേസുകൾ മനഃപൂർവ്വം കെട്ടിച്ചമയ്ക്കുന്നതാണെന്ന പരിദേവനം രക്ഷയാകുന്നത് പൊതുജനങ്ങളുടെ നിഷേപമെടുത്ത് സ്വന്തം സാമ്രാജ്യം പടുത്തവർക്കാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |